യൂറോപ്പ് ഭരിക്കുന്നത് കമ്യൂണിസ്റ്റുകാരായിരുന്നെങ്കിൽ പള്ളികൾ പൂട്ടുമായിരുന്നില്ല

0
136

യൂറോപ്പ് ഭരിക്കുന്നത് കമ്യൂണിസ്റ്റുകാരായിരുന്നെങ്കിൽ പള്ളികൾ പൂട്ടുമായിരുന്നില്ല.

ടി.കെ.രവിന്ദ്ര നാഥ് 

കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരുകളാണ് കേരളത്തിലെ ക്ഷേത്രഭരണം മെച്ചപ്പെടുത്തിയതെന്ന് ആർ ഷാജി ശർമ്മ എന്ന ലേഖകൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. “ഒരു കാലത്ത് നാടുവാഴികളുടെയും കര പ്രമാണിമാരുടെയും ശത്രുത മൂലം തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തിയതും ഈ അവസരത്തിലാണെന്ന് (എൽ.ഡി.എഫ് ഭരണകാലത്ത് ) ഓർക്കേണ്ടതാണ്.” ലേഖകൻ പറയുന്നു.

ലേഖകൻ പറയുന്നതു ശരിയാണെങ്കിൽ എൽ.ഡി.എഫ്. ചെയ്തത് അറു പിന്തിരിപ്പൻ പ്രവൃത്തിയാണ്. അന്ധവിശ്വാസങ്ങളുടെ വിപണന കേന്ദ്രങ്ങളായ ക്ഷേത്രങ്ങൾ ഫ്യൂഡൽ കാലത്ത് നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. (ഇപ്പോൾ യൂറോപ്പിൽ പള്ളികൾ അടച്ചു പൂട്ടുന്നതു പോലെ ). ആ ക്ഷേത്രങ്ങളെ നാശത്തിൽ നിന്ന് സംരക്ഷിച്ച് അഭിവൃദ്ധിപ്പെടുത്തിയ എൽ.ഡി.എഫ്. ഭരണം വലിയ തെറ്റാണ് ചെയ്തത്. യൂറോപ്പിൽ ഇടതുപക്ഷ മായിരുന്നു അധികാരത്തിലെങ്കിൽ അവർ പള്ളികൾ സംരക്ഷിക്കുകയും അച്ചൻമാർക്ക് ജോലി സ്ഥിരത ഉറപ്പു വരുത്തുകയും ചെയ്യുമായിരുന്നു.

ക്ഷേത്രങ്ങൾ തകർച്ചയെ നേരിട്ടിരുന്നെങ്കിൽ അതങ്ങിനെ തന്നെ പോകട്ടെ എന്ന് കരുതുകയാണ് വേണ്ടിയിരുന്നത്. എന്നാൽ അവയെ പുനരുദ്ധരിക്കാൻ എൽ.ഡി.എഫ്. തീരുമാനിച്ചതിന്റെ കാരണം, അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരുടെ ജീവിത സുരക്ഷയെ ഓർത്താണ് എന്ന് കരുതാം.
പക്ഷെ, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒരുദാഹരണം നോക്കാം. നമ്മുടെ സംസ്ഥാനത്ത് ചാരായം നിരോധിച്ചു. ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പലരും ആത്മഹത്യ ചെയ്തു. വലിയൊരു സാമൂഹിക പ്രശ്നമായി ഇത് മാറുകയും, ജനങ്ങൾ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആൻറണിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. എന്നാൽ ചാരായത്തൊഴിലാളി കളുടെ ജോലി സംരക്ഷിക്കണമെന്ന് കരുതി പൂട്ടിയ ചാരായ ഷാപ്പ് സർക്കാർ തുറന്നോ? ചാരായ ഷാപ്പിൽ ജോലി ചെയ്തിരുന്നവരുടെ കുടുബം വേരറ്റു പോയോ? ഒന്നുമുണ്ടായില്ല. കുറച്ചൊക്കെ കഷ്ടപ്പാടുകൾ അനുഭവി ക്കേണ്ടി വന്നെങ്കിലും ചാരായമേഖലയിൽ ജോലി ചെയ്തിരുന്നവർ മറ്റ് തൊഴിലുകൾ നേടി ജീവിതം മുന്നോട്ടു കൊണ്ടുപോയി.
അതിജീവിക്കാൻ പഠിച്ചവരാണ് മനുഷ്യർ. ഒന്നില്ലെങ്കിൽ മറ്റൊരു വഴി അവർ കണ്ടെത്തും. ക്ഷേത്രങ്ങൾ പൂട്ടിപ്പോയാൽ പുജ ചെയ്യുന്നവരും, ചെണ്ട കൊട്ടുന്നവരും മാല കെട്ടുന്നവരും വെളിച്ചപ്പെടുന്നവരും
കെട്ടിട നിർമ്മാണ മേഖലയിലേയ്ക്ക് പോകട്ടെ. അല്ലെങ്കിൽ തേങ്ങ വലിക്കാൻ പോകട്ടെ. എല്ലാ കാലത്തും ഇങ്ങനെ അന്ധവിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കണോ.?

ഉണങ്ങാൻ പോകുന്ന വിഷവൃക്ഷത്തിന് വെള്ളമൊഴിച്ച് ജീവൻ വെപ്പിച്ച എൽ.ഡി.എഫിന് ചരിത്രം മാപ്പു നൽകില്ല.

Advertisements