ശബരിമലവിധി വിശ്വാസികൾക്ക് അനുകൂലമല്ലെങ്കിൽ മുഖ്യമന്ത്രി ചർച്ച നടത്തേണ്ടത് വിശ്വാസികളോടല്ല, യുവതികളോടാണ്

0
67

ശബരിമല: മുഖ്യമന്ത്രിയുടെ ചർച്ചയ്ക്ക് ഒരു പ്രസക്തിയുമില്ല 

( ടി.കെ. രവിന്ദ്രനാഥ്)

ശബരിമല അന്തിമ കോടതി വിധി വിശ്വാസികൾക്ക് അനുകൂലമല്ലാതെ വന്നാൽ ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച ശേഷമേ മുന്നോട്ടു പോവുകയുള്ളു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് പറയാതെ വയ്യ. വളരെ ചിന്തിച്ച് മാത്രം അഭിപ്രായം പറയുന്ന മുഖ്യമന്ത്രി മറ്റ് നേതാക്കളെപ്പോലെ എന്തെങ്കിലും തട്ടി വിടുന്ന ആളല്ലാത്തതുകൊണ്ടാണ് ഈ വിഷയത്തിൽ പിന്നെയും പിന്നെയും നമുക്ക് പറയേണ്ടി വരുന്നത്.വിശ്വാസികൾക്ക് അനുകൂലമല്ലാത്ത അന്തിമ വിധി എന്നതു കൊണ്ട് നിലവിലുള്ള അഞ്ചംഗ ബഞ്ചിൻ്റെ വിധിയായ യുവതികൾക്കും ശബരിമല ക്ഷേതത്തിൽ പ്രവേശിക്കാം എന്നതായിരിക്കുമല്ലോ ഉദ്ദേശിക്കുന്നത്. ഇങ്ങിനെ വിധി വന്നാൽ ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി എന്തായിരിക്കും കൂടിയാലോചിക്കുക? അതാണ് നമുക്ക് വ്യക്തതയില്ലാത്തത്.

ഇവിടെ നമ്മൾ ഓർക്കേണ്ട കാര്യം ഈ കേസിൽ ഹർജിക്കാർ യുവതികളും എതിർകക്ഷി ദേവസ്വം ബോഡുമാണ് എന്നതാണ്. വിശ്വാസികളുടെ വിവിധ സംഘടനകളും എതിർകക്ഷികളാണ്. ഈ വിധി യുവതികൾക്കനുകൂലവും എതിർ കക്ഷികൾക്ക് പ്രതികൂലവുമാണ്. യുവതികൾക്കനുകൂലമായ സത്യവാങ്മൂലം നൽകിയതുകൊണ്ട് സർക്കാരും ഒരു വിധത്തിൽ വിധിയുടെ ഗുണഭോക്താവാണ്.
സിവിൽ കേസിൽ വിധി വന്നാൽ കക്ഷികൾക്ക് വേണമെങ്കിൽ ഒത്തുതീർപ്പിലെത്താം. പക്ഷെ ഈ കേസിൽ പല കാരണങ്ങൾ കൊണ്ടും ഒത്തുതീർപ്പിലെത്താൻ സാധ്യമല്ല. ഒന്ന് ഇത് ഭരണഘടനാ ബെഞ്ചിൻ്റെ വിധിയാണെന്നുള്ളതാണ്. പിന്നെ ഹർജി കൊടുത്തത് ഏതാനും യുവതികളാണെങ്കിലും വിധി ബാധകമാവുന്നത് രാജ്യത്തെ മുഴുവൻ യുവതികളെയാണ് എന്നതുമാണ്. അതായത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ പ്രയാസമാണെന്നർത്ഥം. മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല.

ഈ കോടതി വിധി സർക്കാർ നടപ്പാക്കേണ്ട ഒന്നാണെന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്.
ഈ വിധി നിർബ്ബന്ധമായും നടപ്പാക്കേണ്ട ഒന്നല്ല. യുവതികൾക്ക് വേണമെങ്കിൽ ശബരിമലയിൽ പോകാം എന്നാണ് വിധിയുടെ സാരം. അതവരുടെ ഇഷ്ടം.പോകാൻ ആരും വന്നില്ലെങ്കിൽ വിധിയും നടപ്പാവില്ല. യുവതികൾ കയറാൻ വന്നാൽ ആരും തടയരുത്. തടയുന്ന പക്ഷം പോലീസിൻ്റെ സംരക്ഷണത്തോടെ വേണമെങ്കിൽ കയറാം. പൊലീസ് സംരക്ഷണം യുവതികൾ ആവശ്യപ്പെട്ടാൽ നൽകുക എന്നത് മാത്രമാണ് സർക്കാറിൻ്റെ ഈ വിധിയിലുള്ള ഉത്തരവാദിത്വം. അതാണ് 2018-19 കാലത്ത് നടന്നത്. സർക്കാർ അവരുടെ കടമ നിർവ്വഹിച്ചു എന്നല്ലാതെ യുവതികളെ പിടിച്ചു കൊണ്ടുവന്ന് മല കയറ്റിയിട്ടൊന്നുമില്ല. അതിൻ്റെ ആവശ്യ മെന്ത്‌? അതൊക്കെ പ്രതിപക്ഷ ആരോപണം മാത്രമാണ്.

സംഗതി ഇതാണെന്നിരിക്കെ മുഖ്യമന്ത്രി വിശ്വാസികളുമായി ചർച്ച ചെയ്യേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം വിധി നടപ്പാക്കരുത് എന്ന അർത്ഥശൂന്യമായ പല്ലവി മാത്രമേ വിശ്വാസികളിൽ നിന്നുണ്ടാവൂ. ചർച്ച ചെയ്യുന്നെങ്കിൽ അത് മലകയറാൻ വരുന്ന യുവതികളുമായിട്ടാവണം. മല കയറുന്നതിൻ്റെ നിരർത്ഥകത അവരെ ബോധ്യപ്പെടുത്തണം. ഈ ബോധവൽക്കരണം യുവതികളിലൊതുക്കേണ്ടതില്ല. പ്രാർത്ഥിച്ചതുകൊണ്ടും പ്രതിമയെ വണങ്ങിയതുകൊണ്ടും ഒരു ഗുണവുമില്ലെന്ന് മൊത്തം വിശ്വാസികളെയും ഉൽബോധിപ്പിക്കണം.