ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക ചക്കരയാണ് എന്ന് ഐശ്വര്യലക്ഷ്മി പറഞ്ഞപ്പോൾ, തന്നെ ചക്കരയെന്നു വിളിക്കണ്ട പഞ്ചാര വെളുത്തതായതിനാൽ തന്നെ പഞ്ചാര എന്ന് വിളിച്ചാൽ മതിയെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇതിനെ പൊളിറ്റിക്കൽ കറക്റ്റ്‌നസ് ഇഴകീറി പരിശോധിക്കുന്നവർ വിവാദമാക്കിയിരുന്നു. ഈ അവസരത്തിൽ Rayan Choranന്റെ രസകരമായ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. മമ്മുക്ക പഞ്ചാര തന്നെയാണ് അദ്ദേഹം പറയുന്നു. ചക്കരയുടെയും പഞ്ചാരയുടെയും ഉത്പാദവും ഉപയോഗവും എല്ലാം മമ്മുക്കയുടെ അഭിനയജീവിതവുമായി താരതമ്യപ്പെടുത്തിയാണ് കുറിപ്പ്. കുറിപ്പ് വായിക്കാം.
ചക്കരയും പഞ്ചസാരയും
Rayan Choran
മമ്മൂട്ടി പറഞ്ഞതിൽ പൊളിറ്റിക്കൽ ഇൻകറക്ട്നെസ്സ് ഉണ്ടെന്നു തോന്നുന്നില്ല. ചക്കര എന്നു പറയുന്നത് തികച്ചും അൺറിഫൈൻഡ് ആയിട്ടുള്ള, ഹൈ ഷുഗർ കണ്ടൻ്റ് ഉള്ള ഒരു കാർഷികോല്പന്നമാണ്. പനംചക്കരയാണെങ്കിൽ ലഹരിയുള്ള കള്ളിൽ നിന്നും ഉല്പാദിപ്പിക്കുന്നതും.അൺറിഫൈൻഡ് ആയതുകൊണ്ട് പലപല മാലിന്യങ്ങളും ചക്കരയിൽ അടങ്ങിയിട്ടുണ്ടാകും. പലപ്പോഴും വൃത്തിഹീനമായ സാഹചര്യത്തിലായിരിക്കും അവയുടെ നിർമ്മാണം.
കരുപ്പോട്ടി എന്ന പനംചക്കര നിർമ്മിക്കുന്നവർ കള്ള് കാച്ചുമ്പോൾ മുറുക്കാൻ ചവച്ചിരുന്നു. കള്ള് ക്രമാതീതമായി തിളച്ചു പൊങ്ങിയാൽ പെട്ടെന്ന് ചൂടുകുറയ്ക്കാൻ അല്പം വെള്ളം തളിച്ചുകൊടുക്കണം. അതിനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം അതിലേക്ക് തുപ്പുക എന്നതാണ്. വെറുത് തുപ്പിയാൽ ഒന്നുമാകില്ല. അതിലേക്ക് ആവശ്യമായ തുപ്പൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകാനാണ് കള്ളു കാച്ചുന്ന സമയത്ത് മുറുക്കാൻ ചവയ്ക്കുന്നത്. ഉമിനീരു കൂടി വരുമ്പോൾ കാച്ചിക്കൊണ്ടിരിക്കുന്ന കള്ളിലേക്ക് തുപ്പും. കള്ള് തിളച്ചു പോകുകയുമില്ല, തുപ്പൽ വേസ്റ്റാവുകയുമില്ല. പണ്ടത്തെ കാലത്ത് കരുപ്പോട്ടിക്ക് ഫ്ലേവർ കിട്ടാനും ഇത് ഉപകരിക്കുമായിരുന്നു.അനേകതരം മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നതിനാലും മധുരത്തിലുമുപരി മറ്റുപല സ്വാദുകൾ ഉള്ളതിനാലും ചക്കരയുടെ ഉപയോഗം പലപ്പോഴും ലിമിറ്റഡാണ്.
പഞ്ചസാരയുടെ കഥ അങ്ങനെയല്ല. കരിമ്പിൽ നിന്നും നീരൂറ്റി, ഫാക്ടറികളിൽ ജലാംശം ഇല്ലാതാക്കി, പലവട്ടം ശുദ്ധീകരിച്ച് ഇംപ്യൂരിറ്റികളെല്ലാം മാറ്റിയാണ് പഞ്ചസാര ഉണ്ടാക്കുന്നത്. മധുരം എന്നതിൽ കവിഞ്ഞ് മറ്റു സ്വാദുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഏതുതരം പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും. മമ്മൂട്ടിയും പഞ്ചസാര പോലെയാണ്. അനേകവർഷത്തെ പ്രോസസിംഗിലൂടെ അഭിനയത്തിലെ മാലിന്യങ്ങൾ നീക്കി സ്ഫുടം ചെയ്തെടുക്കപ്പെട്ട മഹാ നടനാണ് മമ്മൂട്ടി. ചില ഏട്ടന്മാരെ പോലെ ഏതു കഥാപാത്രവും ഏട്ടനായി തോന്നുകയില്ല മമ്മൂട്ടി അവതരിപ്പിക്കുമ്പോൾ. മറ്റൊരു കഥാപാത്രമായേ തോന്നുകയുള്ളൂ. ഏട്ടന്മാർ കരുപ്പോട്ടിയോ ചക്കരയോ ആണ്. ഏതു കഥാപാത്രത്തിലും സ്വന്തം രുചി പ്രധാനം ചെയ്തുകളയും. മമ്മൂട്ടി തനി പഞ്ചസാരയാണ്. ഏതു പലഹാരത്തിനും അതിൻ്റേതായ സ്വാദ് നിലനിർത്തുന്നതിനോടൊപ്പം മധുരവും പ്രദാനം ചെയ്യും. എ വെൽ റിഫൈൻഡ് വെളുത്ത പഞ്ചസാര.