രായേഷ് കുമാര്‍ ദി ഗ്രേറ്റ് ! – സംഭവകഥ

172

rayesh-kumar-the-great

എന്പതുകളുടെ പകുതി..കോളേജു ദിനങ്ങള്‍….

സമരം വരുന്നത് വെള്ളിയാഴ്ച ആവണേ എന്ന പ്രാര്‍ത്ഥന ആയിരുന്നു സാധാരണ.കാരണം വെള്ളിയാഴ്ച സിനിമ മാറുന്ന ദിവസം.ആദ്യദിവസം തന്നെ പടം കാണുന്നതിലുള്ള ത്രില്‍.അങ്ങനെ ഒരു വെള്ളിയാഴ്ചയായിരുന്നു ,പ്രീ ഡിഗ്രീ ബോര്‍ഡ് എന്നോ മറ്റോ പറഞ്ഞു സമരം ഉണ്ടെന്നു അറിയുന്നത്.നമുക്ക് പിന്നെ ബോര്‍ഡു ഉണ്ടേലും ഇല്ലേലും കുഴപ്പമില്ലല്ലോ .ഉള്ള ബോര്‍ഡു വെച്ച് നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുമല്ലോ.

അന്നാണേല്‍ നാടോടിക്കാറ്റു റിലീസ് ചെയ്യുന്ന ദിവസവും. ക്ലാസ്സിലെ മോഹന്‍ലാല്‍ ആരാധകര്‍ എല്ലാം കൂടെ ഒരുങ്ങി ഇരിക്കുകയാണ്. ശ്രീനിവാസന്‍ അറബി വേഷം ഒക്കെ ഇട്ടു നില്‍ക്കുന്ന പോസ്റ്റര്‍ ഒക്കെ കണ്ടു ഒരാഴ്ചയായി ക്ഷമിച്ചു നില്‍ക്കുകയാണ് വെള്ളിയാഴ്ച ആവാന്‍.

വെള്ളിയാഴ്ച രാവിലെ സമരക്കാര് വന്നു ക്ലാസ്സ്‌ വിടാന്‍ എല്ലാരും അക്ഷമരായി നില്‍ക്കുന്നു. അന്നേരമാണ് നമ്മുടെ കൂട്ടത്തില്‍ ഉള്ള സുരേഷിന്റെ വരവ്.നമ്മള്‍ അന്ന് നാലു പേരുടെ ഒരു ഗാംഗ് ആണ്.വന്നപാടെ ഒരു രഹസ്യം ഉണ്ട് എന്ന് പറഞ്ഞു ഞങ്ങളെ ക്ലാസിനു വെളിയിലേക്ക് കൂട്ടി കൊണ്ടുപോയി.എന്നിട്ട് പറഞ്ഞു.ഇന്ന് പടത്തിനോന്നും പോകണ്ട.വേറെ ഒരു പരിപാടി ഉണ്ട് എന്ന്. നമ്മള്‍ സമ്മതിക്കുമോ. അന്ന് നാടോടിക്കാറ്റു കണ്ടില്ലേല്‍ പിന്നെ തിങ്കളാഴ്ച കഥയൊക്കെ ആരേലും വന്നു പൊട്ടിക്കും എന്ന് പറഞ്ഞു എല്ലാരും കൂടി ഭയങ്കര തര്‍ക്കം. അന്നേരം സുരേഷു പറഞ്ഞു ഇന്ന് ടൌണില്‍ വെച്ച് അവന്റെ ഫ്രണ്ട് രായെഷിനെ കണ്ടു, സമരം ആണേല്‍ അവന്‍ ഒരു കാസെറ്റും ആയി വരാന്നു പറഞ്ഞു, അവനു അത് കാണാന്‍ ഉള്ള സ്ഥലം ഇല്ല എന്ന് . ഈ രായെഷിനെ എനിക്കറിയാം, എന്റെ നാട്ടുകാരന്‍ ആണേലും ഞങ്ങള്‍ തമ്മില്‍ അത്ര കമ്പനി ഒന്നും ഇല്ല.അവന്‍ വേറെ കോളേജിലാണ് പഠിക്കുന്നത്.സുരേഷും രായെഷും പ്രീഡിഗ്രിക്ക് ഒന്നിചാരുന്നു.

കാസറ്റൊക്കെ എപ്പ വേണേലും കാണാം ഭായ്, നമ്മുക്ക് ലാലേട്ടന്റെ പടം വിജയിപ്പിക്കണം എന്ന് തോമാച്ചന്‍ കട്ടായം. പക്ഷെ കാസറ്റിന്റെ പേര് ( ഉxxമേസ്തിരി) കേട്ടപോഴെ എല്ലാരും ചാര്‍ജ് ആയി. കാരണം കുറെ കാലമായി പലരും പറഞ്ഞു കേട്ടിട്ടേ ഉള്ളു അതിന്റെ പറ്റി. ചിലര് പറയുന്നു ഫേക്ക് ആണെന്ന്..ചിലര് പറയുന്ന്നു ഒറിജിനല്‍ ആണെന്ന്. പക്ഷെ അങ്ങനെ ഒരെണ്ണം കണ്ടവര്‍ ആരുമില്ല. എല്ലാവര്‍ക്കും കേട്ടു കേള്‍വി മാത്രം. എന്തായാലും ആളിന്റെ പേര് കേട്ടതോടെ സിനിമ പരിപാടി എല്ലാരും ഉപേക്ഷിച്ചു.

അന്നൊക്കെ വീസീയാര്‍ ഒക്കെ അപൂര്‍വ വസ്തു ആണ്. സുരേഷിന്റെ പരിചയത്തില്‍ ഉള്ള ഒരുത്തന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു പറഞ്ഞു എല്ലാം ശരിയാക്കി .പതിനൊന്നുമണിക്ക് രായെഷു വരാം എന്നാ പറഞ്ഞിരിക്കുന്നത്. പത്തു മണി ആയപ്പോഴേക്കും പറഞ്ഞും അറിഞ്ഞും നമ്മുടെ ഗാംഗു ഒരു പത്തു പേരായി.ഈ പത്തു പേര് ഒരു വീട്ടിലേക്കു കേറിച്ചെന്നാല്‍ എങ്ങനെയാ, അല്ലേല്‍ നാട്ടുകാര് കണ്ടാല്‍ എന്താവും എന്നൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥ ആര്‍ക്കും ഇല്ല. ഒരേ ഒരു ലക്‌ഷ്യം ശബരി മാമല എന്ന് പറഞ്ഞപോലെ എല്ലാരുടെ മനസ്സിലും ഉxxമേസ്തിരി മാത്രം !

സമരക്കാര്‍ വന്നു ക്ലാസ്സു വിട്ടപ്പോഴേക്കും മണി പത്തര.അപോഴതെക്ക് പന്ത്രണ്ടു പേര്‍ ആയി.ഞങ്ങള്‍ എല്ലാരും കൂടി തിരുനക്കര അമ്പലത്തിന്റെ മുന്നില്‍ കാത്തു നില്പായി..അവിടെ കാണാം എന്നാ രായേഷു പറഞ്ഞിരിക്കുന്നത്.മണി പതിനൊന്നായി, പതിനൊന്നരയായി. രായെഷിന്റെ ഒരു വിവരവും ഇല്ല..ഇതിനിടക്ക്‌ സുരേഷ് നാല് തവണ, കാസറ്റ് കാണാന്‍ ചെന്നെക്കാം എന്ന് പറഞ്ഞ ആളുടെ വീട്ടില്‍ വിളിച്ചു ഇപ്പൊ വരാം,ദേ വന്നു എന്നൊക്കെ പറഞ്ഞു കഴിഞ്ഞു. അവിടെയും ഒരു ചെറിയ ആള്‍ക്കൂട്ടം ആയി എന്ന് സുരേഷ് പറഞ്ഞു. ഇനി രായേഷേങ്ങാനും പറ്റിച്ചാ പിന്നെ മറ്റേ കൂട്ടുകാരന്‍ വെച്ചേക്കില്ല എന്ന് സുരേഷ് പറഞ്ഞു. നിന്ന് നിന്ന് മണി ഒന്നായി, ഒന്നര ആയി.പക്ഷെ ആര്‍ക്കും പോകാന്‍ താല്പര്യമില്ല. എങ്ങാനും രായേഷു വന്നാലോ !

വിശന്നിട്ടു പണ്ടാരമടങ്ങുന്നു.കാലത്തേ സമരക്കാര് വന്നപ്പോള്‍ എല്ലാരും കൂടി ചോറും പൊതി കുപ്പതോട്ടിയിലേക്ക് വിക്ഷേപിച്ചപ്പോ എന്ത് രസമാരുന്നു!

ഒരു രണ്ടര മണി ആയിക്കാണും, സമരക്കാരുടെ ഒരു ചെറിയ ജാഥ വരുന്നു. ഒരു ഇരുപതു പേരില്‍ താഴെ മാത്രം. ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നവരുടെ കൂട്ടത്തില്‍ പരിചയം ഉള്ള ഒരു മുഖം. രായേഷ് കുമാര്‍ ദി ഗ്രേറ്റ് ! ഞങ്ങളെ കണ്ടപ്പോള്‍ മുഖം തിരിച്ചു മറ്റേ വശത്തേക്ക് നോക്കി ഉറക്കെ മുദ്രാ വാക്യം വിളിച്ചു.വിദ്യാര്‍ഥി ഐക്യം!

ജാഥക്കുള്ളില്‍ ആയകൊണ്ട് നീ ഇപ്പൊ രക്ഷപെട്ടു എന്ന് മാത്രമേ ഞങ്ങളുടെ കൂട്ടത്തില്‍ തീവ്രവാദിയായ തടിയന്‍ ജോര്‍ജ് പറഞ്ഞുള്ളൂ.

രണ്ടര മണി കഴിഞ്ഞത് കൊണ്ട് നാടോടിക്കാറ്റിന്റെ മാറ്റിനി ഷോ ഹൌസ്ഫുള്‍ ആയി എന്ന് ഉറപ്പു വരുത്താനായി മാത്രം ഞങള്‍ കോട്ടയം ആനന്ദിന്റെ വാതില്‍ക്കല്‍ വരെ പോയി!