ഇതേജീവിയെ കെണിവച്ചുപിടിച്ചു ദ്രോഹിക്കുന്നവർക്കു ഇപ്പോഴാണ് നൊന്തത് !

28

Razal Pandolil എഴുതുന്നു….

വിരാട് കോഹ്ലി അസ്വസ്ഥനാണ്.ഇൻസ്റ്റയിലെ ബഹുഭൂരിപക്ഷം ഐഡികളും പ്രതിഷേധത്തിലാണ് .സോഷ്യൽ മീഡിയയുടെ വിവിധ കോണുകളിൽ നിന്ന് കണ്ണിൽ ചോരയില്ലാത്ത മനുഷ്യന്റെ ക്രൂരതയെ ഓർത്തു പരിതപിക്കുന്നു… !!നിങ്ങളുടെയെല്ലാം പ്രതിഷേധങ്ങളെ പ്രതിരോധങ്ങളെ എല്ലാം അതിലെ മെറിറ്റിനെ മുൻനിർത്തി സ്വാഗതം ചെയ്യുന്നു.. !!പ്രതിരോധിക്കേണ്ടത്… പ്രതിഷേധിക്കേണ്ടത്… ആശങ്കപ്പെടേണ്ടത് തന്നെ !!

പക്ഷേ നിങ്ങൾ പ്രതിനിധികരിക്കുന്ന മധ്യ, ഉപരിവർഗ്ഗ പൊതുബോധത്തിന്റെ അങ്ങേയറ്റം സെലക്ടീവ് ആയ അടയാളപ്പെടുത്തലുകളെ അല്ലെങ്കിൽ കാപട്യം നിറഞ്ഞ നിങ്ങളുടെ തിരുത്തലുകളെ അഡ്രസ് ചെയ്യാതെ വയ്യ.ഒരു മനുഷ്യൻ ഏത് വിഷയത്തിൽ പ്രതിഷേധിക്കണം, പ്രതിഷേധിക്കരുത്.ഇടപെടണം, ഇടപെടരുത് എന്നത് ആ വ്യക്തിയിൽ മാത്രം നിക്ഷിപ്തമാകുന്ന ഒന്നാണെങ്കിൽ തന്നെയും ആ ചോയ്സുകൾ നിങ്ങളുടെ പ്രിയോറിറ്റിയെ അടയാളപ്പെടുത്തുന്നുണ്ട്.. അതുവഴി നിങ്ങളുടെ രാഷ്ട്രീയത്തെയും !

ഇതേ മൃഗത്തെ കാട്ടിൽ നിന്ന് കെണി വെച്ചു വീഴ്ത്തി നാട്ടിലെത്തിക്കുമ്പോഴും, ചുട്ടുപഴുത്ത റോഡിന്റെ മേലെ മണിക്കൂറുകൾ കാഴ്ചക്ക് നിർത്തുമ്പോഴും, താളമേളങ്ങളുടെ തല പൊട്ടുന്ന ശബ്ദങ്ങൾക്കിടയിൽ എഴുന്നള്ളിക്കുമ്പോഴും, ഇരണ്ടക്കെട് വരുന്നതിന് നിമിത്തമായ ദഹിക്കാൻ പ്രയാസമായ ഓലപ്പട്ടകൾ നിരന്തരം വായിലേക്ക് തള്ളുമ്പോഴും നിങ്ങൾക്ക് മനപ്രയാസം കാണില്ല.ഒന്നര മാസം നീണ്ടു നിക്കുന്ന , അതായത് ഹോർമോണൽ ഇൻബാലൻസ് പിരീഡ് മാത്രമായ മദപ്പാട് സമയങ്ങളിൽ പോലും എഴുന്നള്ളത്തിന് കൊണ്ട് വന്നു, അവിചാരിതമായി മദമിളകി, മദം പൊട്ടി എന്ന പേരിൽ അതിനെ മയക്കു വെടി വെച്ചും, ഒലിച്ചു വരുന്ന വ്രണങ്ങളിൽ വീണ്ടും ചങ്ങല ബന്ധിച്ചു തളച്ചിടുമ്പോഴും നിങ്ങൾക്ക് ആശങ്കകളില്ല.

നിങ്ങളടങ്ങുന്ന പൊതുബോധത്തിന് ക്ഷതമേൽക്കാനുള്ള ഒരു പ്രശ്നം ഇവിടെ സംഭവിച്ചിട്ടില്ല.. സോഷ്യൽ കണ്ടീഷനിങ്ങിന് വിധേയമായ തലച്ചോറിൽ നൈതികത എന്നത് സിസ്റ്റം നിര്മിച്ചെടുത്തത് മാത്രമാണ്.അതുകൊണ്ടാണ് ഒരു കഷ്ണം പശുമാംസം സൂക്ഷിച്ചതിന്റെ പേരിൽ അഖ്ലാഖ് എന്ന മനുഷ്യൻ ആൾക്കൂട്ടത്താൽ കൊല്ലപ്പെടുമ്പോൾ നിങ്ങൾക്ക് പ്രശ്നമല്ലാത്തത്. ജനിച്ചു വീണ ജാതിയുടെ പേരിൽ രോഹിത് വെമുല അവഗണിക്കപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും….കറുപ്പും, ലക്ഷം വീടും, ആദിവാസി കോളനിയും മാറ്റി നിർത്തേണ്ടതാണെന്ന പൊതുബോധത്തോടൊപ്പം നിക്കുന്ന, അത്തരം കാഴ്ചപ്പാടുകളാൽ നയിക്കപ്പെടുന്ന സിസ്റ്റത്താൽ പകർന്നു കിട്ടിയ നീതിബോധം പേറുന്ന നിങ്ങളെ സംബന്ധിച്ചു ഇടപെടേണ്ട വിഷയമാകാത്തത് !!

ലോക്‌ഡോൺ എന്ന പേരിൽ പെട്ടെന്നൊരുനാൾ രാജ്യം നിശ്ചലമാക്കി കൈ മലർത്തിയപ്പോൾ ദേശീയപാതയോരങ്ങളിൽ തൊണ്ട നനയാതെ മരിച്ചു വീണ നൂറുകണക്കിന് പാവം മനുഷ്യർ നിങ്ങൾ അളന്നു മുറിച്ചുണ്ടാക്കിയ അതിരിൽ പെടുന്നവരല്ലാതെ പോകുന്നു.കൊയ്തെടുക്കുന്ന വിളകൾക്ക് കിട്ടുന്നത് കൂരയിലെ ഒട്ടിയ വയറുകൾക്ക് തികയില്ലെന്ന കാരണം കൊണ്ട് കുടുംബത്തോടെ ജീവൻ കരിച്ചു കളഞ്ഞ ലക്ഷങ്ങൾ നിങ്ങളുടെ കൺസേൺ ആകുന്നില്ല.നിങ്ങളെ നയിക്കുന്ന സവർണ്ണതയിൽ പൊതിഞ്ഞ പ്രിവിലേജിന് പുറത്തുള്ള ലോകത്തെ അനീതിക്ക് ഇരയാകുന്ന ജനതയെ നിങ്ങൾ അഡ്രസ് ചെയ്യുന്നത് എപ്പോഴും ഔദാര്യങ്ങളുടെ പുറത്താകും. അല്ലെങ്കിൽ സോഷ്യൽ സ്റ്റാറ്റസ് വർധിപ്പിക്കുന്ന, വിപണി മൂല്യമുള്ള വർത്തകളാകുന്ന അനീതി മാത്രമാണ് നിങ്ങൾ പ്രശ്നവത്ക്കരിക്കുക… അതുകൊണ്ടാണ് അമേരിക്കയിലെ പോലീസിനെതിരെ നിങ്ങൾ നാവനക്കിയത്‌.

കറുത്ത കുഞ്ഞിനെ മഞ്ഞളിൽ മുക്കി വെളുപ്പിക്കുന്ന നിങ്ങളുടെ ബോധ്യങ്ങൾ തന്നെയാണ് ജോർജ് ഫ്ളോയ്ഡിനെയും, മധുവിനെയും കൊന്നതെന്ന് നിങ്ങൾ തിരിച്ചറിയില്ല.കാര്യം നിങ്ങളുടെ ബോധ്യങ്ങൾ നിർമ്മിതമായപ്പോൾ പുറന്തള്ളപ്പെട്ട പോയ ചിലതുണ്ട്… അതിൽ ജാതിയുണ്ട്, നിറമുണ്ട്, ലിംഗമുണ്ട്, വംശമുണ്ട്…. അങ്ങനെ കുറെ മനുഷ്യരും അവരുടെ രാഷ്ട്രീയവുമുണ്ട് !നിർഭാഗ്യവശാൽ നിങ്ങളുടെ ബോധ്യങ്ങൾ ഭൂരിപക്ഷവും, നിങ്ങളെ നയിക്കുന്ന സിസ്റ്റം കരുത്തുള്ളതുമായി . അങ്ങനെ ലോകം നിങ്ങളുടേത് മാത്രം ആയി.പക്ഷേ നിങ്ങൾ മാറ്റിയെഴുതിയ നൈതികതയുടെ പുസ്തകം കീറിയെറിഞ്ഞു കൊണ്ട് തൊണ്ട കീറി ഒച്ചവെക്കുന്ന കുറെ മനുഷ്യരുമുണ്ട് കേട്ടോ…അവരുടേത് കൂടിയാണ് ഈ ലോകം എന്ന് പറയുന്നവർ… അമേരിക്കയിലെ കലാപകാരികളെ പോലെ…. !!