Antony Philip

Reality (2023)
HBO
(Based on a true story)
82 minutes

ഡോണൾഡ് ട്രംപ് വിജയിച്ച 2016ലെ അമേരിക്കൻ ഇലക്ഷനിൽ റഷ്യൻ ഇടപെടൽ ഉണ്ടായി എന്ന ആരോപണവുമായി ബന്ധപ്പെട്ട് ചില ടോപ് സീക്രറ്റ് ഡോക്കുമെൻ്റുകൾ ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിന് ചോർത്തി കൊടുത്ത മുൻ എയർഫോർസ് ഓഫീസറും നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ കോൺട്രാക്ട് വർക്കറും ഭാഷാപണ്ഠിതയും ആയ റിയാലിറ്റി വിന്നർ എന്ന യുവതിയുടെ അറസ്റ്റിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂറാണ് “Reality” എന്ന ഈ HBO സിനിമ.

ഇലക്ഷൻ അവസാനിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം ഒരു ദിവസം ഗ്രോസറി ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുന്ന റിയാലിറ്റി വിന്നറിനെ വീടിന് മുന്നിൽ സ്വീകരിക്കുന്നത് രണ്ട് FBl ഉദ്യോഗസ്ഥരാണ്, യുവതിയുടെ വീടും കാറും സേർച്ച് ചെയ്യാനുള്ള വാറൻ്റ് അവർ കാണിക്കുന്നു, പിന്നീട് വീടിൻ്റെ ലോണിൽ നിന്നുള്ള കാഷ്വൽ സംഭാഷണങ്ങൾ. ഇതിനിടയിൽ യുവതിയുടെ സെൽഫോണും ഉദ്യോഗസ്ഥരുടെ കയ്യിലാകുന്നു, ഗ്രോസറി ഫ്രിഡ്ജിൽ വെക്കാനും, നായയെ പുറത്തിറക്കി ബന്ധിക്കാനും യുവതിയെ അനുവദിക്കുന്നു. കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നു, ആ ചെറിയ വാടക വീടിന് ചുറ്റും ക്രൈം ബാരിയർ സ്ഥാപിച്ച്, കുറച്ചു പേർ വീട് സേർച്ച് ചെയ്യാനായി കയറുന്നു. ഈ രംഗം പ്രതീക്ഷിച്ചത് കൊണ്ടാണോ എന്തോ റിയാലിറ്റിക്ക് അത്ഭുതമൊന്നുമില്ല, പക്ഷേ അവർ അസ്വസ്ഥയാണ്, പെറ്റ്സായി ഒരു പൂച്ചയും നായയും ഉണ്ട്, വളർത്തു മൃഗങ്ങളെ കുറിച്ച് ഓർത്ത് അവർ കൂടുതൽ അസ്വസ്ഥയാവുന്നു. രംഗം തണുപ്പിക്കാനെന്നോണം പ്രധാന ഉദ്യോഗസ്ഥൻ വക വളർത്തു മൃഗങ്ങളെ കുറിച്ചും ഒക്കെ ആയി സംഭാഷണം. അതിനിടയിൽ പ്രൈവറ്റായി സംസാരിക്കാൻ റൂമുണ്ടോ, അവിടെ കസേരയുണ്ടോ എന്നായി ചോദ്യം.

വീടിൻ്റെ പിൻവശത്ത് ഉപയോഗശൂന്യമായി കിടക്കുന്ന ഒരു മുറി ഉണ്ടെന്ന ഉത്തരത്തെ തുടർന്ന് റിയാലിറ്റിയുമായി ആ രണ്ട് FBI ഏജൻ്റ്സ് അവിടേക്ക് പ്രവേശിക്കുകയും തുടർന്ന് ആ അൺഫർനിഷ്ഡ് ആയ വൃത്തിയില്ലാത്ത മുറിയിൽ സ്റ്റാന്റിംഗ് പൊസിഷനിൽ ഉള്ള ചോദ്യം ചെയ്യൽ ആണ് സിനിമയിൽ. കുറ്റങ്ങളെല്ലാം തുടക്കത്തിൽ നിഷേധിക്കുന്ന റിയാലിറ്റി വിന്നർ, പക്ഷേ ആ രണ്ട് FBl ഉദ്യോഗസ്ഥരുടെ അതീവ കൗശലപരവും വളരെ ശാന്തവും ആയ ചോദ്യം ചെയ്യലിൽ സ്വന്തം വാക്കുകളിൽ തന്നെ കുടുങ്ങി ഒരു മണിക്കൂറിനു ശേഷം കുറ്റം ഏറ്റു പറയുകയാണ്. അവരെ വിലങ്ങ് വെക്കുന്നതോടെ സിനിമ അവസാനിക്കുന്നു. (5 വർഷത്തെ ജയിൽവാസമാണ് കോടതി പിന്നീട് അവർക്ക് വിധിക്കുന്നത് )

സിനിമയിലെ സംഭാഷണങ്ങൾ എല്ലാം തന്നെ FBI ഉദ്യോഗസ്ഥരുടെ കൈത്തണ്ടയിൽ ഘടിപ്പിച്ചിരുന്ന റിക്കോർഡിങ്ങ് ഡിവൈസിൽ നിന്നുള്ള പദാനുപദ ട്രാൻസ്ക്രിപ്റ്റ് ആണ്. അനാവശ്യ ഡിറ്റേയിലിങ്ങുകളിലേക്കും ഫ്ളാഷ് ബാക്കുകളിലേക്കും പോവാതെ, ഫാസ്റ്റ് എസിറ്റിറ്റിങ്ങ്/കട്ട്സ് ഇല്ലാതെ, ആ ഒറ്റ മുറിയിൽ നടക്കുന്ന കഥയുടെ കാലക്രമ വികാസത്തിലും കഥാപാത്രങ്ങളുടെ ഭാവവ്യത്യാസങ്ങളിലും മാത്രം ശ്രദ്ധയൂന്നി പുരോഗമിക്കുന്ന ഈ കൊച്ചു സിനിമ ഒരു അപാര ത്രില്ലിങ്ങ് അനുഭവവും, അതേ സമയം വളരെ ഡിസ്റ്റർബിങ്ങും ആണ്. സിനിമാമോഹികൾക്ക് ഒരു റഫറൻസ് ആകാൻ സാധ്യതയുണ്ട് ഭാവിയിൽ ഈ സിനിമ. ടൈറ്റിൽ റോളിലുള്ള സിഡ്നി സ്വീനിയുടെ പെർഫോമൻസ് ഗംഭീരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ടീന സറ്റർ ആണ് സംവിധായിക.

You May Also Like

മീരാ ജാസ്മിനും നരേനും പത്മകുമാർ ചിത്രത്തിൽ

*മീരാ ജാസ്മിനും നരേനും പത്മകുമാറിന്റെ ചിത്രത്തിൽ, ഏപ്രിൽ മൂന്നിന് ആരംഭിക്കുന്നു* . മലയാളി കുടുംബ പ്രേക്ഷകരുടെ…

നിവിൻ പോളി തന്റെ പതിവ് എക്സ്പ്രഷനുകളെ ജടാമകുടങ്ങളിൽ ഒളിപ്പിച്ച് അഭിനയിച്ചു

Rajeev Panicker മഹാവീര്യർ കണ്ടു. അതിലെ മന്ത്രിമുഖ്യൻ അഥവാ സചിവോത്തമൻ അഥവാ മഹാമന്ത്രി ഭാര്യയോട് പറയുന്ന…

‘ഇടവേള’യില്ലാതെ പേടിപ്പിക്കാൻ നയൻതാരയുടെ കണക്റ്റ് വരുന്നു, ടീസർ കാണാം

‘ഇടവേള’യില്ലാതെ പേടിപ്പിക്കാൻ നയൻതാരയുടെ കണക്റ്റ് വരുന്നു, ടീസർ കാണാം നയന്‍താര നായികയായെത്തുന്ന പുതിയ ചിത്രമാണ് കണക്ട്.…

കണ്ടാൽ നിങ്ങളുടെ മനഃസമാധാനം നഷ്ടപ്പെട്ടും, കണ്ടില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് മികച്ചൊരു കലാ സൃഷ്ടി

Jaseem Jazi ഇങ്ങനെയൊരു ദിവസവും എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്തൊരു…