ഇന്നിവൾ ഫോർപ്ലേ ചോദിച്ചു നാളെ പത്തിഞ്ച് ചോദിച്ചാലോ എന്ന പേടികാണും ഇത്തരം പുരുഷന്മാർക്കിടയിൽ

1093

ഇത്രയും കാലം കണ്ടുകൊണ്ടിരുന്ന പുരുഷന്റെ ലൈംഗീക സങ്കൽപ്പങ്ങളെന്ന സ്റ്റീരിയോ ടൈപ്പിനെ പൊളിച്ചെഴുതിയ സീൻ !!! Foreplay is not a joke !! മുക്കാൽ ഭാഗം പുരുഷന്മാർക്കും foreplay എന്താണ് എന്ന് വല്യ ധാരണ ഒന്നുമില്ല. വളരെ വികലമായ ലൈംഗിക കാഴ്ചപ്പാടുകളാണ് പലരുടെയും. കാരണം മൂന്നാം കിട porn videos മാത്രം കണ്ട് അറിവ് സമ്പാദിക്കുന്ന ഒരു ജനതയാണ് ഇവിടുള്ളത്.അതിന് പുറമേ പ്രിവിലേജും മേൽക്കോയ്മയും ആണത്തം കാണിക്കാനുള്ള തത്രപ്പാടും ആവുമ്പോൾ കിടു. ഇന്നിവൾ ഫോർപ്ലേ ചോദിച്ചു നാളെ ഇവൾ പത്തിഞ്ച് ചോദിച്ചാലോ എന്ന പേടിയും കാണും ഇത്തരം പുരുഷന്മാർക്കിടയിൽ …Foreplay ഇല്ലാത്ത Sex ജീവനില്ലാത്ത ഒന്നിനെ ഭോഗിക്കുന്ന അവസ്ഥയാണെന്ന് ഇവർ എന്നാവും മനസ്സിലാക്കുക .തങ്ങളുടെ അറിവില്ലായ്മയെ ചൂണ്ടി കാണിച്ചാലുടനെ ഈഗോ ഹർട്ട് ആവുന്ന പ്രത്യേക തരം മാനസിക രോഗവും ഇക്കൂട്ടർക്കുണ്ട്. കൗൺസലിങ് കൊണ്ടും ഇതൊന്നും മാറാൻ പോകുമെന്ന് തോന്നുന്നില്ല. പെണ്ണ് തങ്ങൾക്ക് താഴെ ആണെന്ന് ചില ആണുങ്ങളുടെ മനസ്സിലും ആണുങ്ങൾക്ക് താഴെ നിൽക്കുന്നതാണ് ഉത്തമയായ കുലസ്ത്രീയുടെ ലക്ഷണം എന്ന് ചില സ്ത്രീകളുടെ മനസ്സിലും ആദ്യമെ ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി ചെയ്യാൻ പറ്റുന്നത് നമ്മൾ വളർത്തുന്ന അടുത്ത തലമുറയെ നേരെയാക്കുക എന്നതാണ്. (റീന അജിത് )

**

Rejeesh Palavila എഴുതുന്നു 

”അപ്പൊ അതിനെക്കുറിച്ച് എല്ലാം അറിയാമല്ലേ? ഫോർപ്ലേ!”
ഇന്ത്യൻ കുടുംബ സംവിധാനങ്ങളിൽ പല വേഷങ്ങളിൽ പുരുഷാധിപത്യ ചട്ടക്കൂടുകൾക്കുള്ളിൽ ജീവിതം തീർക്കുന്ന സ്ത്രീകളെക്കുറിച്ചും സ്ത്രീകൾക്ക് സ്വാതന്ത്ര്യവും തുല്യതയും വിവേചനാധികാരങ്ങളും പാരമ്പര്യങ്ങളുടേയും തറവാടിത്തങ്ങളുടേയും പേരിൽ റദ്ദ് ചെയ്യുന്ന കുലപുരുഷന്മാരായ കാരണവന്മാരുടേയും അവരുടെ വിനീതദാസന്മാരായ ‘മര്യാദപുരുഷോത്തമ’ന്മാരെയും കുലസ്ത്രീ അമ്മായിമാരെയും മുഖമടച്ച് അടിക്കുന്നുണ്ട് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ.

കഥാനായികയുടെ അടുക്കളയിലെ കരിപിടിച്ച ജീവിതത്തെക്കുറിച്ചുള്ള മനോവ്യാപാരങ്ങളിലൂടെ പുരോഗമിക്കുന്ന കഥാസന്ദർഭങ്ങൾ ആത്യന്തികമായി പറയുന്ന രാഷ്ട്രീയം വളരെ പ്രസക്തമായ വിഷയമാണ്.വീട്ടിലും പുറത്തും രണ്ടു ജോഡി ചെരുപ്പുകൾ അണിയുന്ന എന്റെയും നിങ്ങളുടേയും പുരുഷ പുരോഗമന ജാഡകളെ സിനിമ പരിഹസിക്കുന്നുണ്ട്.അതിനെചുറ്റിപ്പറ്റിയാണ് സിനിമയുടെ ഭൂരിഭാഗം ചർച്ചകളും.

പൂർവ്വലൈംഗിക ക്രീഡകൾകൊണ്ട് പങ്കാളിയെ പ്രണയപരവശയാക്കി ലൈംഗികത ഒരാഘോഷമാക്കുന്നതിന് പകരം ഏകപക്ഷീയമായ ആസ്വാദനത്തിൽ അവസാനിപ്പിച്ച് അവളെ കേവലം ഉപകരണമാക്കുന്ന കുടുംബങ്ങൾക്കുള്ളിലെ ലൈംഗിക അരാജകത്വത്തെകൂടി സിനിമ അടിവരയിട്ട് കാണിക്കുന്നുണ്ട്.അടുക്കളയിലെ പാത്രങ്ങളോടും പൊട്ടിയ പൈപ്പ് വെള്ളത്തോടും പൊരുതി തളർന്ന് ഒടുവിൽ കിടക്കയിൽ ഭർത്താവിന്റെ ആത്മരതിക്ക് ഇരയാകേണ്ടിവരുന്ന സിനിമയിലെ ഭാര്യ, ലൈംഗിക ഉന്മാദങ്ങളിലൂടെ ഭർത്താവ് ഇരുട്ടിൽ പരാക്രമം നടത്തുമ്പോഴും കാണുന്ന ദൃശ്യങ്ങളും അറിയുന്ന ഗന്ധവും അടുക്കളയിലെ എച്ചിൽ പത്രങ്ങളും പൈപ്പ് പൊട്ടി കെട്ടിക്കിടന്ന് വമിക്കുന്ന ദുർഗന്ധവുമാണ്.സിനിമയിലെ ഏറ്റവും ഹൃദയഭേദകമായ ഒരു രംഗമാണ് ആ കഥാസന്ദർഭം.

താൻ ശബരി മലയിൽ പോകാൻ തീരുമാനിക്കുന്നെന്നും നാളെ മുതൽ ഇങ്ങനെ ഒരുമിച്ച് കിടക്കാൻ കഴിയില്ലെന്നും ‘ലൈറ്റ് അണയ്ക്കട്ടെ’ എന്നും ചോദിക്കുന്ന ഭർത്താവിനോട് ”ചേട്ടാ ഫീൽ ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ,അങ്ങനെ ചെയ്യുമ്പോൾ വലിയ വേദനയുണ്ടാവുന്നു ..കുറച്ച് ഫോർപ്ലേയുണ്ടെങ്കിൽ എനിക്ക് കൂടി…..” എന്ന് അമർത്തിപ്പിടിച്ച ആത്മനൊമ്പരത്തോടെ ഭാര്യ പറയുന്ന ഒരു രംഗമുണ്ട്.കിടപ്പറയിലെ പുരുഷപക്ഷ ലൈംഗികതയോടുള്ള സിനിമയുടെ മർമ്മപ്രധാനമായ വിരൽ ചൂണ്ടലാണത്.
”അപ്പൊ ഇതിനെ കുറിച്ചൊക്കെ അറിയാല്ലേ” എന്ന ഭർത്താവിന്റെ ഉത്തരവും ”അത് എനിക്ക് കൂടി തോന്നണ്ടേ” എന്ന മുഖം തിരിച്ചുള്ള കൂട്ടിചേർക്കലും ജീവിതത്തെക്കുറിച്ചുള്ള അവളുടെ എല്ലാ പ്രതീക്ഷയും ഇല്ലാത്തയാക്കുന്നതാണ് .ലൈംഗികത എന്ന ജൈവചോദനയെക്കുറിച്ച് ജീവിത പങ്കാളി സംസാരിക്കുന്നത് വലിയ അതിശയോക്തിപരമായി വിലയിരുത്തുന്ന, ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത എന്നാൽ ”സോഷ്യോളജി അദ്ധ്യാപകനായ’ ഭർത്താവ് കേവലമൊരു ക്ളീഷേയല്ല.അയാൾ നമ്മളിൽ ഒരുവനാണ്. ഭക്ഷണം കഴിക്കാൻ പുറത്ത് പോകുമ്പോൾ കാണിക്കുന്ന ടേബിൾ മാനേഴ്സ് സ്വന്തം വീട്ടിൽ വേണ്ടതില്ല എന്ന് കൂടി ബോധ്യമുള്ള ‘ഉത്തമ കുലപുരുഷൻ!’.

ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേക്ക് അഴുക്ക് വെള്ളം വലിച്ചെറിഞ്ഞ് ഭർത്തൃഗൃഹം വിട്ട് സ്വന്തം വീട്ടിലെത്തുന്ന മകളെ തിരിച്ചയക്കാൻ ശ്രമിക്കുന്ന ‘ഭർത്താവിനെ അനുസരിച്ച് എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവളാണ് ഉത്തമ ഭാര്യ” എന്ന് ഗുണദോഷിക്കുന്ന ‘സാമൂഹിക ബോധത്തിന്റെ’ പ്രതിനിധിയാണ് അവളുടെ ‘അമ്മ. വെള്ളം ചോദിക്കുന്ന മകന് വെള്ളമെടുത്ത് കൊടുക്കാൻ ഇളയ മകളെ ചുമതലപ്പെടുത്തുന്ന അമ്മയുടെ ആ സാമൂഹികബോധത്തെക്കൂടി പഞ്ഞിക്കിട്ടുകൊണ്ടാണ് ‘നിനക്കെന്താടാ വെള്ളം എടുത്ത് കുടിച്ചാൽ” എന്ന് അവൾ സഹോദരനോട് കയർത്ത് ചോദിക്കുന്നത്! സഹോദരന് വെള്ളമെടുക്കാൻ എഴുന്നേറ്റ ഇളയ പെൺകുട്ടിയെക്കൂടി വിളിച്ചുണർത്തുന്നതാണ് അവളുടെ ശബ്ദം.

ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ അധികം ആരും പറയാതെപോയ രണ്ടു സ്ത്രീ കഥാപാത്രങ്ങളുണ്ട്.ഒന്ന്, നായികയുടെ അമ്മായിയമ്മയാണ്. പരാതികളും പരിഭവങ്ങളും ഇല്ലാതെ രാപകൽ വീടിനുവേണ്ടി ഉരുകിത്തീരുന്ന മുഴുവൻ അമ്മമാരുടേയും പ്രതിനിധിയാണ് ആ അമ്മായിയമ്മ.നൃത്തം പഠിപ്പിക്കാൻ ജോലിക്ക് അപേക്ഷിക്കാൻ ആ പെൺകുട്ടിക്ക് ധൈര്യംകൊടുക്കുന്ന അവർ അവളുടെ നിസ്സഹായതകളെ തന്നിലൂടെ വായിച്ചുകൊണ്ട് കൂടിയാണ്! മറ്റൊരു കഥാപാത്രം, ആർത്തവത്തിന്റെ അശുദ്ധിയെക്കുറിച്ച് അവളെ പഠിപ്പിക്കാനും ശബരിമലയിൽ പോകാൻ മലയിട്ടിരിക്കുന്ന സഹോദരനെയും മകനെയും അയ്യപ്പകോപത്തിൽ നിന്ന് ആർത്തവ നാളുകളുടെ ഏഴുദിവസം രക്ഷിക്കാനും അവതരിക്കുന്ന കുലസ്ത്രീ അമ്മായിയാണ്.’ഉത്തമ കുടുംബിനികളെ’ സൃഷ്ടിക്കാൻ കച്ചകെട്ടിയിറങ്ങുന്ന, മതപ്രമാണങ്ങൾ ഉദ്ധരിച്ച് ശീലങ്ങളും ശീലക്കേടുകളും പഠിപ്പിക്കുന്ന ‘തറവാടിത്ത’ സുവിശേഷകരായ സവർണ്ണ പാരമ്പര്യബോധത്തിന്റെ ഒരു സ്ത്രീ രൂപമാണ് ആ അമ്മായി.
വിരൽ ചൂണ്ടുകയും നെറ്റി ചുളിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ പോയാലും ആണുങ്ങൾക്ക് ഒരുചുക്കുമില്ല എന്നും തന്റെ ചായ ഗ്ലാസ്സ്പോലും കഴുകാനുള്ള പാഠം ആദ്യ വിവാഹത്തിൽ നിന്നും താൻ പഠിച്ചില്ലെന്നുമാണ് രണ്ടാം വിവാഹത്തിലൂടെ നായക പുരുഷ സങ്കൽപം കാണിക്കുന്നത്.ആദ്യ ഭാര്യ പോയാലും ‘തറവാട്ടിലെ സ്ത്രീകൾ അണിയേണ്ട ചങ്ങലകൾ’ ഏറ്റെടുക്കാൻ മറ്റൊരു സ്ത്രീയെ പുരുഷ പക്ഷസമൂഹത്തിൽനിന്ന് കണ്ടെടുക്കാൻ ഒരുപാടുമില്ലെന്നും സിനിമ പറയുന്നുണ്ട്.ആ ചക്രവ്യൂഹത്തെ ഭേദിക്കാനുള്ള ചിന്താപരിണാമമാണ് സംഭവിക്കേണ്ടത്!
അങ്ങനെ ഓരോ കഥാപാത്രങ്ങളും നമുക്ക് അത്രമേൽ പരിചയമുള്ളതാണ് എന്നതാണ് ഈ സിനിമയുടെ മൗലികത.
ദീർഘിപ്പിക്കുന്നില്ല, ഓരോ കുടുംബവും ലിംഗനീതികൊണ്ടും ആധുനിക ജനാധിപത്യബോധം കൊണ്ടും നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന ബോധത്തെയാണ് ആത്യന്തികമായി സിനിമ ഓർമ്മപ്പെടുത്തുന്നതും.
ഈ സിനിമയുടെ അണിയറ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിവാദ്യങ്ങൾ
Rejeesh Palavila