Reena Sunil Bodhi
ശ്രീ അയ്യപ്പനും, സ്വാമി അയ്യപ്പനും, കുമാര സംഭവവും, ഒക്കെ തകർത്തോടിയ മലയാള സിനിമയുടെ മടിത്തട്ടിൽ, ഇന്ന് ഈ 2022 ൽ മാളികപ്പുറം ഇറങ്ങുമ്പോൾ?… (?) വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന നിറഭേതങ്ങൾക്കു മുന്നിൽ, പരസ്യമായി തൻ്റെ രാഷ്ട്രീയം പറഞ്ഞിട്ടുള്ള ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമാകുമ്പോൾ?… (?) വീണ്ടും… വീണ്ടും ചോദ്യചിഹ്നങ്ങളോ(?).
സിനിമ കണ്ടു..”For our Super Hero Ayyappan” എന്ന ടാഗ് ലൈനിൽ, മലയാളത്തിൻ്റെ പ്രിയ മമ്മൂക്കായുടെ പൗരുഷ ശബ്ദത്തിൽ പടം തുടങ്ങിയ മാത്രയിൽ ഈ സിനിമയുടെ നിലവാരം വായിച്ചെടുക്കാൻ കഴിഞ്ഞു. ഒരു കൊച്ചു പെൺകുഞ്ഞിൻ്റെ മനസിലൂടെ, കണ്ണിലൂടെ, ആഗ്രഹത്തിലൂടെ പടിപടിയായി, വികാരാർദ്രമായി ആസ്വാദനത്തിൻ്റെ മലമുടിയിലേക്ക് എന്നേയും കൊണ്ടുപോയ ഒരു കുഞ്ഞു സിനിമ..വിശ്വാസ ധ്വംസനമോ,അന്ധവിശ്വാസപ്രോജ്വലമോ ആയതൊന്നും ഇതിലിൽ ഇല്ല, പക്ഷെ കഥാപാത്രമായ കല്ലു (ദേവനന്ദ) എന്താ.. പ്രകടനം, പ്രേക്ഷകരുടെ മനസു നിറയ്ക്കുന്ന, കണ്ണ് നനയിക്കുന്ന അതുല്യമായൊരു അഭിനയവൈഭവം ഈ കുഞ്ഞു പ്രായത്തിൽ ഈ കലാകാരിയോട് അത്ഭുതം ജനിപ്പിക്കുന്നു.
കല്ലുവിൻ്റെ ”ഉണ്ണിയേട്ടനായ” ‘ശ്രീപദ്’ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാകുമെന്ന് ഉറപ്പ് (അവൻ്റെ ഒരു തുളസി പി.പി.).സൈജു കുറുപ്പിൻ്റെ ഏറ്റവും മികച്ച കഥാപാത്രം, ഒരു തരിമ്പും വെറുപ്പിക്കാത്ത രമേശ് പിഷാരടി..അങ്ങനെ കുറെ കുറെ കഥാപാത്രങ്ങൾ..പിന്നെ വില്ലന്മാർ…അവർക്കൊക്കെ മുകളിൽ ഉണ്ണി മുകുന്ദൻ.ക്ലീഷേകളോ, അനാവശ്യ സംഭാഷണങ്ങളോ ഇല്ലാതെ വളരെ ലളിതവും മനോഹരവുമായി തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ളയ്ക്ക് കൈയ്യടി നൽകാം. വിഷ്ണുനാരായണൻ്റെ കാമറാ കാഴ്ച്ചയും, രഞ്ജിൻ രാജിൻ്റെ സംഗീതവും ഇഷ്ടപ്പെട്ടു. ഇതിനെ എല്ലാം തന്മയത്വത്തോടെ ചേർത്ത്, രണ്ട് മണിക്കൂറിൽ ദൃശ്യഭാഷ്യം ചമച്ചൊരുക്കിയ വിഷ്ണു ശശിശങ്കർ അഭിനന്ദനങ്ങൾ..
ഇതൊരു മികച്ച ചിത്രമെന്നോ… മസ്റ്റ് വാച്ച് ചിത്രമെന്നോ പറഞ്ഞ് കയറ്റി വയ്ക്കുന്നില്ല. പക്ഷെ കുടുബസമേതം സന്തോഷത്തോടെ എന്നാൽ ഒരൽപ്പം ആർദ്രതയോടെ കാണാൻ കഴിഞ്ഞ സ്വന്തം അനുഭവം പങ്കുവച്ചു എന്നു മാത്രം.അതിവൈകാരികതയുടെ ഭാരിച്ച മുഖംമ്മൂടി കുഞ്ഞുങ്ങൾക്ക് നൽകിയെന്നോ, പഴയകാല ക്ലാസ് റൂം അവസ്ഥകളും ചൂരൽവടികളും ഈ ഈ കാലത്തും കുത്തി നിറച്ചെന്നോ, സ്ഥിരം കണ്ടു മടുത്ത കുടുംബ അവസ്ഥകളുടെ ആവർത്തനത്തിൽ തിരക്കഥ ഉടക്കി നിൽക്കുന്നെന്നോ, ഉ-ക്രി ലെവൽ ക്ലൈമാക്സെന്നോ ഒക്കെ ഉച്ചത്തിൽ പറയാൻ ഇതിലിടമുണ്ട്… പക്ഷെ അത് പറയാൻ മാത്രം അമിത പ്രതീക്ഷയോടെ പോകാഞ്ഞതിനാലും, അത്രമേൽ ഇതൊരു സൂപ്പർ സ്റ്റാർ പടം അല്ലാത്തതിനാലും അളവുകോലുകൾ ഇവിടെ ഒന്ന് മാറ്റിവച്ചുവെന്നു മാത്രം.ഇത് ഒരു സൂപ്പർ സ്റ്റാർ പടം അല്ലന്നേ പറഞ്ഞുള്ളൂ… പക്ഷെ ഇതൊരു സൂപ്പർ ഹീറോ പടമാണ്… കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ ഹീറോ പടം.