‘മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസിനപ്പുറം കടയ്ക്കൽ ചന്ദ്രൻ മനസിൽ തങ്ങി നിൽക്കുന്നില്ല’

0
95

REENA SUNIL ന്റെ റിവ്യൂ

ഈ തിരഞ്ഞെടുപ്പ് ചൂടിൽ ഒരു രാഷ്ട്രീയ ചിത്രം പുറത്തിറങ്ങുമ്പോൾ, അതും നിലവിലെ മുഖ്യൻ്റെ ശരീരവും ശാരീരവും വരച്ചുവെച്ചൊരു കഥാപശ്ചാത്തലമെന്നു തോന്നിക്കും വിധം അതിനെ മാർക്കറ്റ് ചെയ്യുമ്പോൾ, കാർക്കശ്യത്തിൻ്റെ കാരിരുമ്പായൊരു കഥാപാത്രത്തിൽ മഹാനടൻ മമ്മൂട്ടിയെ ചേർത്തു വയ്ക്കുമ്പോൾ, ഒരു ശരാശരി മലയാള സിനിമാസ്വാദകന് ചില മുൻ വിധികളുണ്ടാവുക സ്വാഭാവികം.
പലതവണ തൻ്റെ രാഷ്ട്രീയം തുറന്നു പറഞ്ഞിട്ടുള്ള നടൻ, സാമൂഹിക പ്രാധാന്യമുള്ള മികച്ച തിരക്കഥകൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തുക്കൾ,പ്രത്യക്ഷമായ് ഭരണപക്ഷത്തോട് ചായ്‌വ് തോന്നിക്കും വിധമുള്ള ട്രെയ്ലർ കട്ടുകൾ, മറ്റ് പുറം ചർച്ചകൾ, കാര്യങ്ങൾ കൂടുതലായി വ്യക്തമാകുന്നു.

അങ്ങനെ ഇലക്ഷനെ സ്വാധീനിക്കുംവിധം അത്രമാത്രം എന്താണതിലുള്ളത് എന്ന ആകാംക്ഷ ആദ്യഷോ കണ്ടതോടു കൂടി അവസാനിച്ചു. കാരണം മുൻവിധിയിലുണ്ടായിരുന്ന പോലെ ഇതൊരു ‘പക്ഷ’ സിനിമയല്ല. ഒരു മാസ്സ് മമ്മൂട്ടി ചിത്രവുമല്ല, മറിച്ച് നമ്മുടെ ജനാധിപത്യത്തിൽ അടുത്ത കാലത്തൊന്നും സംഭവിക്കാനിടയില്ലാത്ത ഒരു ഭരണാധികാരിയുടെ ഭരണത്തിൻ്റെ കഥയാണ്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യൻ്റെ വൺമാൻ ഷോയാണ്.

പ്രായോഗിക രാഷ്ട്രീയത്തിൻ്റെ വർത്തമാനകാലത്ത്, ജനാധിപത്യത്തിൻ്റെ യഥാർത്ഥ നിർവ്വചനം കാഴ്ച്ചക്കാരെ ഒന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം മാത്രമാകുന്നു ഈ ചിത്രം. തുടക്കത്തിൽ ആ ശ്രമം വളരെ മികച്ച രീതിയിൽ കൊണ്ടുവന്നെങ്കിലും ശേഷം അത് കൈവിട്ടു പോയി. കാണിച്ചതും പറഞ്ഞതുമായ വിഷയങ്ങളെല്ലാം ഇവിടെ നടന്നു കൊണ്ടിരിക്കുന്നതു തന്നെയാണ് പക്ഷെ അത് ശക്തമായൊരു തിരക്കഥ ചട്ടക്കൂടിലൊതുക്കി അവതരിപ്പിക്കാനായില്ല.

ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച കാസ്റ്റിംങ്ങ് ആയിരുന്നു ഈ ചിത്രത്തിൻ്റേത്. മിനി സ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും പരമാവധി കലാകാരന്മാരെ പുതിയ മേക്കോവറിൽ കാണാൻ കഴിഞ്ഞു. ഗോപീ സുന്ദറിൻ്റെ പശ്ചാത്തല സംഗീതവും, വൈദിയുടെ ഛായാഗ്രഹണവും കുറ്റമറ്റതായിരുന്നു. സംവിധായകനും മോശമാക്കിയില്ല. മുഖ്യകഥാപാത്രങ്ങളായ് വന്ന ഏവരും മികച്ച പ്രകടനം കാഴ്ച്ചവച്ചു. പ്രത്യേകിച്ചും ഗായത്രി അരുൺ, സലിം കുമാർ, മാത്യു തോമസ്, ഇഷാനികൃഷ്ണ, ബിനുപപ്പു (CM ൻ്റെ ഗൺമാൻ) എന്നിവർ.

കടയ്ക്കൽ ചന്ദ്രനെന്ന കരുത്തുറ്റ ഭരണാധികാരിക്ക് തുടക്കത്തിൽ കൊടുത്ത ബിൽഡപ്പ് അദ്ദേഹം രംഗപ്രവേശം ചെയ്ത ശേഷം അതേ അളവിൽ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ അണിയറക്കാർക്ക് കഴിഞ്ഞില്ല. ഒരു പരിധിവരെ മമ്മൂട്ടി എന്ന നടൻ്റെ സ്ക്രീൻ പ്രസൻസിന് അപ്പുറം കടയ്ക്കൽ ചന്ദ്രൻ ഒരു പ്രേക്ഷകൻ്റെയും മനസിൽ തങ്ങി നിൽക്കുന്നില്ല എന്നതാണ് സത്യം.
മികച്ച രംഗങ്ങൾ ചിത്രത്തിൽ പലയിടങ്ങളിലായ് ഉണ്ടെങ്കിലും, ക്ലൈമാക്സിൽ വൈകാരികതയ്ക്കപ്പുറം കൂടുതൽ ശക്തമായി പ്രേക്ഷകരോട് (ജനങ്ങളോട്) ആ കഥാപാത്രത്തിലൂടെ സംസാരിക്കാമായിരുന്നു.

‘പക്ഷം’ പിടിക്കാതെ, ‘പാർട്ടി’ പറയാതെ, കൊടികളും മുദ്രാവാക്യങ്ങളുമില്ലാതെരാഷ്ട്രീയം സംസാരിക്കുന്ന ഈ ചിത്രം വിരൽ ചൂണ്ടുന്നത് ഇവിടുത്തെ ജനങ്ങൾക്ക് നേരെയാണ്.വിരൽത്തുമ്പിൽ മഷിപുരട്ടാൻ ഇനി വിരലിലെണ്ണാവുന്ന ദിവസം മാത്രമുള്ളപ്പോൾ, കഴിഞ്ഞ 70 വർഷത്തോളമായി രാജ്യത്തും, 64 വർഷത്തോളമായി കേരളത്തിലും ജനാധിപത്യത്തിൻ്റെ ലേബലിൽ, പൊതു തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അധികാരത്തിൽ കൊണ്ടുവരുന്ന വിവിധ ഭരണാധികാരികളും, പ്രസ്ഥാനങ്ങളും, പ്രത്യയശാസ്ത്രങ്ങളും, ജനങ്ങളോട് എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട് എന്ന ചോദ്യമാണ്‌ ഇത് ഉയർത്തുന്നത്. നമുക്കത് സ്വയം ചോദിക്കാനും, ഉത്തരം നല്കാനുമുള്ള ഒരവസരവുമാണ് നല്കുന്നത്.ഏതൊന്നിനെപ്പോലെയും, കാലോചിതമായ മാറ്റത്തിന് വിധേയമാകേണ്ടതു തന്നെയാണ് ഒരു രാജ്യത്തിൻ്റെ ഭരണവ്യവസ്ഥാ നയങ്ങളും, എന്ന വ്യക്തിപരമായ ഒരു അഭിപ്രായംകൂടി ചേർത്ത് ഞാനും നിർത്തട്ടെ.