എന്റെ ‘സദാചാരം തന്നെയാകണം താങ്കളുടെയും എന്ന വാശിയാണ് സാംസ്കാരിക ഫാസിസം

0
681
Rehana Fathima Pyarijaan Sulaiman എഴുതുന്നു 

സദാചാരം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സമൂഹത്തില്‍ പൊതുവില്‍ സ്വീകാര്യമായ ധാര്‍മികവ്യവസ്ഥയിലെ വ്യക്തിഗത പെരുമാറ്റക്രമമാണെങ്കില്‍ അത് സ്ഥല-കാല വ്യതിയാനങ്ങള്‍ക്ക് ബാധകമായേ തീരൂ. എന്നാല്‍, ഒരു വ്യക്തിയുടെ ധാര്‍മികമായി ശരിയായ എല്ലാ പെരുമാറ്റങ്ങളും ‘സദാചാരം’ എന്ന പ്രയോഗപരിധിയില്‍ വരുന്നതായി കാണുന്നില്ല.. പൊതു നിരത്തില്‍ ചുംബിക്കാതിരിക്കുക എന്നത് സദാചാരം ആകുന്നു. എന്നാല്‍ ചുംബനത്തെക്കാള്‍ എത്രയോ ‘ഭീകരമായ’ അധാര്‍മിക പ്രവൃത്തി ആയിരിന്നിട്ടു കൂടി, കൊലപാതകം ‘സദാചാര’വിരുദ്ധമാകുന്നില്ല. ഒരു ‘സാധാരണ’ കൊലപാതകത്തിനും, നമ്മുടെ സദാചാരവാദികള്‍ സടകുടഞ്ഞെഴുന്നെല്‍ക്കുന്നില്ല, സദാചാരം ചര്‍ച്ചാവിഷയമാകുന്നില്ല. ചുംബനം എന്ന് കേള്‍ക്കുമ്പോ തന്നെ ചാടി വീഴുന്നുണ്ട് താനും. അത് കൊണ്ട് തന്നെ, ധാര്‍മികവ്യവസ്ഥിതിയിലെ, ലൈംഗികത – കൃത്യമായി പറഞ്ഞാല്‍ – സ്ത്രീലൈംഗികതയും നഗ്നതയും മാത്രമാണ് ഇവരുടെ ‘സദാചാര’ പരിധിയില്‍ വരുന്നത്.

ഈ ‘സദാചാരം’ പല സമൂഹങ്ങളിലും പലതായാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ഓരോ നിര്‍വചനങ്ങളും കാലക്രമേണ പരിഷ്കരിക്കപ്പെടുന്നുണ്ട് താനും. “എനിക്കൊരു സദാചാരം താങ്കൾക്ക് വേറൊന്ന് അങ്ങനെയൊക്കെയാണോ ഒരു സമൂഹത്തിന്റെ സദാചാരം” എന്ന് ചോദിച്ചാല്‍ നിങ്ങളുടെ ‘സദാചാരം’ പലപ്പോഴും എന്‍റെ ‘സദാചാരം’ ആകണമെന്നില്ല എന്നത് തന്നെ ഉത്തരം. സമൂഹത്തില്‍ നൂറു വര്ഷം മുന്‍പുള്ള ‘സദാചാരം’ അല്ല ഇപ്പോഴുള്ളത്. ഒരു രാജ്യത്തെ ‘സദാചാരം’ ആകണമെന്നില്ല മറ്റൊരു രാജ്യത്ത്. ഒരു മതത്തിന്‍റെ ‘സദാചാരം’ ആകണമെന്നില്ല മറ്റൊരു മതത്തിന്‍റെ ‘സദാചാരം’.

“എനിക്കൊരു സദാചാരം താങ്കൾക്ക് വേറൊന്ന് അങ്ങനെയൊക്കെയാണോ ഒരു സമൂഹത്തിന്റെ സദാചാരം.” ഈ ചോദ്യത്തിന്‍റെ ഉത്തരവും ഇവിടെയാണ്‌. എന്‍റെയും താങ്കളുടെയും ‘സദാചാരബോധങ്ങള്‍’ വ്യത്യസ്തമാകാം. വ്യക്തിഗതമായ ഇത്തരം വ്യതിയാനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, വ്യക്തി സ്വാതന്ത്ര്യത്തിനു പ്രാഥമിക പരിഗണ കൊടുക്കുന്ന ഒരു ‘സാര്‍വലൌകിക’ ധാര്‍മിക വ്യവസ്ഥ ഏതൊരു ഉദാരജനാധിപത്യ വ്യവസ്ഥിതിയിലും നിലവില്‍ ഉണ്ടായേ തീരൂ. നമ്മുടെ രാജ്യത്ത് അത്തരം ധാര്‍മികമൂല്യങ്ങള്‍ ഉറപ്പു വരുത്താന്‍ പൌരന്മാര്‍ തമ്മിലുള്ള കരാറാണ് ഭരണഘടന എന്ന് പറയാം. ആ ഭരണഘടന അനുശാസിച്ചു നല്‍കുന്ന സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ കടന്നു കയറാത്തിടത്തോളം ‘സമൂഹമധ്യത്തില്‍’ അസ്വീകാര്യമാകാന്‍ ന്യായമില്ല.

എന്നാല്‍, എന്റെ ‘സദാചാരം തന്നെ ആകണം താങ്കളുടെയും സദാചാരം എന്ന വാശി ആണ് സാംസ്കാരിക ഫാസിസം.