Science
ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ട അനൗഷേ അൻസാരിയുടെ വാക്കുകൾ വൈറലാകുന്നു

ആ മുഖത്തെ അത്ഭുതവും കൗതുകവും കണ്ടോ?
Rejeesh Palavila
2006 സെപ്റ്റംബർ 29ന് ഇരുപത് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ മുസ്ലിം വനിത എന്ന ചരിത്ര പദവി നേടിയ അനൗഷേ അൻസാരി എന്ന ഇറാനിയൻ അമേരിക്കൻ യുവതിയുടെ ചിത്രമാണിത്.സ്വന്തം ചെലവിൽ ഒരു വനിത ലോകത്ത് ആദ്യമായി ബഹിരാകാശ വിനോദയാത്ര നടത്തി എന്ന റെക്കോർഡും അവരുടെ പേരിലാണ്.ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തിയപ്പോൾ ഉള്ള അവരുടെ മുഖഭാവം ഒരു സ്വപ്നലോകത്ത് നിന്ന് ഉണർന്നപോലെയായിരുന്നു!
തന്റെ ബഹിരാകാശ യാത്രാനുഭവത്തെ കുറിച്ച് അവർ പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു ‘ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമിയിൽ രാജ്യങ്ങളോ അതിർത്തികളോ നാം കാണുന്നില്ല. എല്ലാവരും ഒരുമിച്ച് പങ്കിടുന്ന ഒരു ഭവനമായാണ് ഭൂമിയെ കാണുന്നത്.ഉടഞ്ഞുപോകത്തക്കപോലെ ദുർബലമായ ഒന്ന്.! ആ കാഴ്ചയുടെ അനുഭവം നിങ്ങൾ ലോകത്തെ കാണുന്ന രീതിയെത്തന്നെ ആഴത്തിൽ മാറ്റുന്നു”.
അവർ പിന്നീട് പറഞ്ഞ ഈ വാക്കുകളുടെ സാരാംശം മുഴുവനും ഭൂമിയിൽ ഇറങ്ങിയ നിമിഷം അവരുടെ കണ്ണുകൾ ലോകത്തോട് വിളിച്ചുപറഞ്ഞ ചിത്രമാണിത്.നോക്കൂ!ഈ ഭൂമിയിലെ മുഴുവൻ ഭ്രാന്തുകളും തിരിച്ചറിയാൻ നമുക്ക് അങ്ങനെ ഒരു യാത്ര ചെയ്യേണ്ടതുണ്ട്.അത് ശരീരംകൊണ്ടാവണമെന്നില്ല, സുന്ദരമായ ഒരേകാന്തതയിൽ ഒരിക്കലെങ്കിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കിയിരിക്കണം. മനസ്സുകൊണ്ട് പൊങ്ങിയുയർന്ന് അകലെ അകലെ നിന്ന് താഴേക്ക് ഈ ഭൂമിയെ നോക്കണം.
എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളുടെ ലോകത്ത്… അളന്നു തിട്ടപ്പെടുത്താനാവാത്ത പ്രപഞ്ചവ്യാപ്തിയുടെ ഒരിത്തിരിക്കോണിൽ… ഒരു കുഞ്ഞൻ ഗ്രഹം.അവിടെ വൈവിധ്യങ്ങളുടെ കുടമാറ്റം.അതിന്റെ സൗന്ദര്യത്തെ കളങ്കപ്പെടുത്തി മതവെറിയുടേയും യുദ്ധക്കൊതിയുടേയും നായാട്ടുകൾ!
സുഹൃത്തേ! മനസ്സുകൊണ്ടെങ്കിലും ബഹിരാകാശത്ത് പോകാത്തത് മാത്രമാണ് നിന്റെ എല്ലാ ഭ്രാന്തിന്റെയും കാരണം.
ബഹിരാകാശ നിലയത്തിൽ എത്തുന്ന ഒരാൾക്ക് പ്രതിദിനം പതിനഞ്ചും പതിനാറുമൊക്ക സൂര്യോദയവും സൂര്യാസ്തമയവും കാണാനാവുന്നു. നിന്റെ മതകഥാപുസ്തകങ്ങളിലെ പരിമിതമായ ദേശവും കാലവും നക്ഷത്രക്കണക്കുകളും നിനക്ക് അവിടെ വലിച്ചെറിയാതെ തരമില്ല. നീയൊരു വിശാലമായ പ്രപഞ്ചത്തിന്റെ നക്ഷത്രത്തുണ്ടം എന്ന് സ്വയം തിരിച്ചറിയും.സത്യം!അവിടെ ഒരു കാൾ സാഗൻ ജനിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..പഴയ കഥയിലെ ദൈവവും സ്വർഗ്ഗവും നരകവുമാണ് നിന്റെ ബന്ധനങ്ങൾ ! മനുഷ്യാ ..വരൂ! ചക്രവാളങ്ങളിലേക്ക് നമുക്ക് പറന്നു ചെല്ലാം
(കൂട്ടിയിട്ട് കത്തിച്ചതാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു..ഈ മഹാപ്രപഞ്ചത്തെക്കുറിച്ചുള്ള വായന.. മത്തുപിടിപ്പിക്കുന്ന വായന മാത്രമാണിത്)
Science is the poetry of reality
Rejeesh Palavila
10-05-2022
2,038 total views, 6 views today