അമിത്ഷായുടേ വാക്കുകൾ കേരളത്തിൽ മാത്രം, അച്ചായന്മാരെ സുഖിപ്പിക്കാൻ, തിരിച്ചുപോയാൽ വാക്ക് ചാക്കാകും

0
119

Rejeesh Palavila യുടെ കുറിപ്പ്

”ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉറപ്പുനൽകുന്നു”കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ NDA തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണിത്.ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ”മതേതര ബോധത്തോടെ” നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിച്ചു കേൾക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രതിഭാസമാണ്.

മുസ്‌ലിംവിരോധം കുത്തിനിറയ്ക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് ചൂട്ടുകത്തിച്ചുകൊടുക്കുന്ന ഒരുപറ്റം സഭാമേലധ്യക്ഷൻമാർക്കും കൊന്തയണിഞ്ഞ പ്രത്യേകതരം സംഘിഅച്ചായന്മാർക്കും ഇത്രയൊക്കെ കേട്ടാൽതന്നെ വലിയ ആശ്വാസമാണ്. പക്ഷേ,തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായ്ക്കല്ല ഗോഡ്സെയ്ക്ക് വരെ അങ്ങനെയൊക്കെ പറയേണ്ടി വരും എന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം!
”ഹിന്ദുക്കളേ നിങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഊർജ്ജം പാഴാക്കരുത്,നിങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ്” എന്ന് പഠിപ്പിച്ച എം.എസ്.ഗോൾവാക്കറുടേയും സവർക്കറുടെയും ഒക്കെ പ്രത്യയശാസ്ത്രങ്ങളുടെ പാലുകുടിച്ച് വളർന്നവർക്ക് അവരുടെ ഹിന്ദുരാഷ്ട്രത്തിൽ മതേതരത്വമൊക്കെ വെട്ടിയരിയേണ്ട കളകൾ മാത്രമാണ്.അവർ ആദ്യം തേടിവരുന്നത് ക്രിസ്ത്യാനികളെ അല്ല എന്നതിൽ മാത്രമേ വ്യത്യാസമുള്ളൂ.

ആ ഹിന്ദുരാഷ്ട്രത്തിന് ഭിത്തിപണിയുന്നത് തെരുവിലെ ഒരു സംഘം ഗുണ്ടകൾ മാത്രമല്ല,ഭരണകൂടവും പോലീസും കോടതിയുമൊക്കെ ചേർന്നാണ്.അതിന് അനേകം ഉദാഹരണങ്ങൾ യുപിയിൽ തന്നെ കാണാം.ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവം തന്നെ നോക്കൂ,കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് ഹിന്ദുത്വവാദികൾ മാത്രമല്ല,വനിതാ പോലീസ് ഇല്ലാതെ അവരെ ബലമായി ട്രെയിനിൽ നിന്ന് പിടിച്ചിറക്കിയതും മതപരിവർത്തനശ്രമം ആരോപിച്ച് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതുമൊക്കെ അമിത് ഷായുടേയും മോദിയുടേയും മാതൃകാ സംസ്ഥാനമായ ഉത്തർപ്രദേശിലെ പോലീസാണ്.

ഉത്തർ പ്രദേശിൽ നിന്നുള്ള വാർത്തകൾ ശ്രദ്ധിക്കുന്നവർക്ക് പോലീസ് നടപടിയിൽ എന്തെങ്കിലും അതിശയോക്തിയുമില്ല. കാക്കിയിട്ട ഹിന്ദുത്വവാദികളാണ് പോലീസിൽ അധികവും.ലൗ ജിഹാദ് സ്‌കോഡുകളായി പ്രവർത്തിക്കുന്ന തീവ്രഹിന്ദുത്വവാദികളുടെ തോളോട് തോൾ ചേർന്ന് ആദിത്യനാഥിന്റെ ‘ഹിന്ദുനിയമം’ നടപ്പാക്കുന്നവർ മാത്രമാണവർ. കന്യാസ്ത്രീകൾക്ക് നേർക്കുണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണ്. പ്രതിഷേധിക്കുന്നു