ഈ ചിത്രം ഹാദിയ വിഷയത്തിൽ നഞ്ചു കലക്കിയവരെയും നാരങ്ങാവെള്ളം കലക്കിയവരെയും അടിച്ചുപുറത്താക്കുന്നുണ്ട്

0
68

Rejeesh Palavila

ഹാദിയയുടേയും മാതാപിതാക്കളുടേയും ഏറ്റവും സ്വകാര്യമായ, വ്യക്തിപരമായ ഒരു ചിത്രമാണിത്. എന്നിരുന്നാലും അത് പങ്ക് വയ്ക്കുന്നത് ഹാദിയയുടെ വ്യക്തിപരമായ ജീവിതം പൊതുവിടത്തിലേക്ക് ദാരുണമായി വലിച്ചിഴക്കപ്പെടുകയും രാജ്യമാകെ ശ്രദ്ധിക്കുന്ന തരത്തിൽ ചിത്രീകരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തതിന്റെ മനോഹരമായ ഒരു പരിസമാപ്തിയുടെ സൂചന എന്ന നിലയ്ക്കാണ്.ഈ ഒരൊറ്റ ചിത്രം ഹാദിയയുടെ വിഷയത്തിൽ നഞ്ചു കലക്കിയവരേയും നാരങ്ങാ വെള്ളം പിഴിഞ്ഞവരേയും അവരുടെ ജീവിതത്തിൽ നിന്ന് നിരുപാധികം അടിച്ചുപുറത്താക്കുന്നുണ്ട്. അല്പം വൈകിയെങ്കിലും ഈ സംഗമം അത്രമേൽ സന്തോഷകരമാണ്.

Image result for hadiya caseഇത് ഹാദിയയുടെ ഇസ്‌ലാമിന്റെയോ മാതാപിതാക്കളുടെ ഹിന്ദുത്വത്തിന്റെയോ മഹത്ത്വമല്ല.അച്ഛനും അമ്മയും മകളും തമ്മിലുള്ള തമ്മിലുള്ള വിലമതിക്കാനാവാത്ത സ്നേഹത്തിന്റെ, മമതയുടെ മഹത്ത്വമാണ്.അതിനെ മറച്ചുപിടിച്ചിരുന്ന ചിന്തകളിൽനിന്നുള്ള മോചനമാണ്.ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒന്നല്ല,മതപരിവർത്തനങ്ങളിലും മിശ്രവിവാഹങ്ങളിലും അങ്ങനെ മതത്താൽ വിഭജിക്കപ്പെട്ട,വേർപെട്ട മാതാപിതാക്കളും മക്കളും ഒന്നിക്കുന്ന ഇത്തരം അനേകം സ്നേഹനിമിഷങ്ങൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്.അതുപോലെ ജാതിയോ മതമോ മാറി വിവാഹം ചെയ്തതിന്റെ പേരിൽ മാതാപിതാക്കൾ തന്നെ മക്കളുടെ അന്തകരും ജീവിതത്തിന്റെ വഴിമുടക്കികളുമായ നൂറു നൂറു ജീവിത കഥകൾ ,അതിന്റെ ഇരകൾ നമുക്ക് ചുറ്റുമുണ്ട്.അവിടെയാണ് ഇത്തരം നിമിഷങ്ങൾ കൂടുതൽ സൗന്ദര്യമുള്ളതാകുന്നത്.

Image result for hadiya caseഹാദിയ!ഒരു പോരാട്ടത്തിന്റെ പേരാണത്.ലൗ ജിഹാദിന്റെ ഇരയെന്നും സിറിയയിലേക്ക് കടത്തുവാൻ വേട്ടയാടപ്പെട്ടവളെന്നും വിളിക്കപ്പെട്ടവൾ,ജില്ലാക്കോടതി മുതൽ സുപ്രീംകോടതിവരെ അനവധി നിയമവ്യവഹാരങ്ങളെ നേരിട്ടവൾ,ജയിൽ വാസവും വീട്ടുതടങ്കലും അനുഭവിച്ചവൾ,ലോക്കൽ പോലീസ് മുതൽ എൻഐഎയുടെ വരെ അന്വേഷണങ്ങളുടെ പ്രതിക്കൂട്ടിൽ അനേകതവണ നിന്നവൾ.രാജ്യത്തെ നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെ,പൗരാവകാശത്തെ രാജ്യത്തെ നീതിപീഠങ്ങൾ അംഗീകരിച്ച അവസാനനിമിഷംവരെ തളരാതെ പോരാടിയവൾ. ഹാദിയ ആ കടമ്പകളെയെല്ലാം എത്ര തന്റേടത്തോടെ മറികടന്നു.

ഒരു മതത്തിൽ നിന്ന് മാറി മറ്റൊരു മതത്തിൽ ചേരുന്നതുകൊണ്ട് ഒരു സങ്കൽപ്പ ലോകത്തിൽ നിന്ന് മറ്റൊന്നിലേക്ക് എത്തുന്നതിനപ്പുറം കരണീയമായ യാതൊന്നുമില്ല.എന്നിരുന്നാലും ഒരു വ്യക്തിയുടെ ബാഹ്യഇടപെടലുകളുടെ സമ്മർദ്ദമില്ലാത്ത സ്വകാര്യമായ ഏതൊരു തിരഞ്ഞെടുപ്പിനേയും മാനിക്കാൻ ഒരു ജനാധിപത്യ സമൂഹം എന്ന നിലയിൽ നമുക്ക് ബാദ്ധ്യതയുണ്ട്.സ്വന്തം മതത്തിലേക്ക് അന്യമത്തിൽ നിന്ന് ഒരു പെണ്ണ് വരുമ്പോൾ കരഘോഷം മുഴക്കുകയും സ്വന്തം മതത്തിലെ പെണ്ണ് മറ്റൊരു മതത്തിലേക്ക് പോകുമ്പോൾ പല്ലുകടിക്കുകയും ചെയ്യുന്നവരുടെ ആൾക്കൂട്ടം മാത്രമാണ് നമ്മുടെ മതസമൂഹങ്ങൾ.ഇതിനൊരപവാദമായി ഒരു മതവുമിവിടെയില്ല..ഒരാൾ മതത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാകട്ടെ പല്ലുകൾ ദംഷ്ട്രകളായി നഖങ്ങൾ നീണ്ടുവന്ന് കലാപകാരികളായി മാറുന്നവരുണ്ട്. അവിടെയൊക്കെയാണ് നാം ജനാധിപത്യപരമായി തീരെ ഉയർന്നിട്ടില്ലാത്ത സമൂഹമാണ് എന്ന് പറയേണ്ടിവരുന്നത്.
സംഘടിത മതങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് പിന്നിലെ നിഗൂഢശക്തികളുടെ കളിപ്പാവകളല്ല വ്യക്തിജീവിതങ്ങൾ. ജീവിതം അത്രമേൽ സ്വകാര്യമായ ആഘോഷമാണ്.അത് അവനവനു വിട്ടുകൊടുക്കുക!അത് ഹാദിയ ഇസ്‌ലാമാവുമ്പോഴും ഒരു മുസ്‌ലിം പെൺകുട്ടി ഹിന്ദുവോ ക്രിസ്ത്യാനിയോ ആവുമ്പോഴും എല്ലാ മതങ്ങൾക്കും പുറത്തേക്ക് വരുമ്പോഴും അതങ്ങനെതന്നെ സ്വകാര്യ തീരുമാനമായി അംഗീകരിക്കാനുള്ള പക്വതയും ബോധവും ആളുകൾക്കുണ്ടാകട്ടെ! ഹാദിയയ്ക്കും മാതാപിതാക്കൾക്കും സ്നേഹാശംസകൾ..