നൂർബിനാ റഷീദിന്റെ പരാജയം മതയാഥാസ്ഥിതിക ബോധത്തിന്റെ ഉപോല്പന്നമാണ്

55

Rejeesh Palavila

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചരിത്രം സൃഷ്‌ടിച്ച അനവധി സ്ത്രീകളെക്കുറിച്ച് നാം അഭിമാനത്തോടെ പറയുന്നു.അവരുടെ കൂട്ടത്തിൽ പറയാൻ കഴിയാതെപോയ ഒരു പേരുണ്ട്, നൂർബിനാ റഷീദ്! ഇരുപത്തിയഞ്ച് വർഷത്തിനുശേഷം മുസ്‌ലിം ലീഗ് മത്സരിപ്പിച്ച വനിതാ സ്ഥാനാർത്ഥി,അങ്ങനൊരു ചരിത്രം മാത്രമാക്കി അവശേഷിപ്പിച്ച് സ്വന്തം പാർട്ടിക്കാർ വോട്ട് മാറ്റികുത്തി തോൽപ്പിച്ച അഡ്വക്കേറ്റ് നൂർബിനാ! കോഴിക്കോട് സൗത്ത് മണ്ഡലം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായത് രണ്ടര പതിറ്റാണ്ടിന് ശേഷം മുസ്‌ലിം ലീഗ് ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു എന്ന വിശേഷംകൊണ്ടാണ്.അവരുടെ സ്ഥാനാർത്ഥിത്വം അക്കാരണത്താൽ തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവവുമുണ്ടായി.സ്ത്രീകളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിർത്തുന്നത് അനിസ്ലാമികമാണ് എന്ന ഫത്വകൾ പ്രത്യക്ഷപ്പെട്ടു. സമസ്തയും മതപണ്ഡിതന്മാരും ദീൻവിരുദ്ധത പൊറുപ്പില്ലെന്ന അപായമണികൾ മുഴക്കി.

പൂമ്പാറ്റകളും പൂക്കളുമൊക്കെ സ്ത്രീകളുടെ ചിത്രങ്ങൾ കയ്യടക്കുമെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അല്പസ്വല്പം സ്വാതന്ത്ര്യമൊക്കെ നൽകുന്ന പാർട്ടിയാണ്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കണം എന്നൊക്കെ ആരോ പറഞ്ഞത് നേതാക്കൾ മുളയിലേ നുള്ളിക്കളഞ്ഞു.അത്തരം യുവതികളെവേണ്ടതില്ല ഇത്തിരി പ്രായവും പക്വതയും ഒക്കെയുള്ള ആരെയെങ്കിലും നിർത്താം എന്ന തീരുമാനത്തിനൊടുവിലാണ് നൂർബിന റഷീഷിദിന് നറുക്ക് വീണത്.സമസ്തയുടെ ഉൾപ്പടെ എതിർപ്പ് പരസ്യമായി വന്നെങ്കിലും പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ വന്നിട്ടും അവരുടെ സ്ഥാനാർത്ഥിത്വവുമായി ലീഗ് മുന്നോട്ട് പോയത് കേരളം കയ്യടിയോടെയാണ് സ്വീകരിച്ചത്. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിന് ആ വാർത്ത കേൾക്കാൻ കഴിഞ്ഞില്ല!

കേട്ടതാകട്ടെ ,കഴിഞ്ഞ രണ്ടുതവണത്തെയും നിയമ സഭാ ,ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നൂര്ബിന തോറ്റ വാർത്തയാണ്.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13,731 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ്ന് വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലത്തിൽ നൂർബിന തോൽക്കണമെങ്കിൽ അതിന്റെ കാരണം വനിതാ നേതാവിനെ നിർത്തിയ ലീഗിന്റെ പരീക്ഷണപരിപ്പ് മണ്ഡലത്തിൽ വേവിച്ച് കൊടുക്കില്ലെന്ന മതയാഥാസ്ഥിതിക ബോധത്തിന്റെ മറുപടിയാണ്.നൂര്ബിനയെ സൗത്ത് മണ്ഡലത്തിൽ നിർത്തിയതിനെതിരെ മണ്ഡലത്തിലെ ലീഗ് നേതൃത്വം പ്രതിഷേധിച്ച് മുന്നിലെത്തിയതും വാർത്തയായിരുന്നു.അവരെ തോൽപ്പിക്കാൻ വോട്ടുമാറ്റി കുത്തിയെന്ന് മനസ്സിലാക്കാൻ പാണക്കാട് പടിപ്പുരവരെയെന്നും ആർക്കും പോകേണ്ടതില്ല.

ജനാധിപത്യത്തിന്റെ മഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽനിന്ന് സമുദായത്തിലെ സ്ത്രീകളെ തുടച്ചുമാറ്റാൻ ശ്രമിക്കുന്ന മതയാഥാസ്ഥിതിക പുരുഷാധിപത്യത്തോട് മുസ്‌ലിം സ്ത്രീകൾ മാത്രമല്ല കേരളത്തിലെ പൊതുസമൂഹം ഒന്നായി ശബ്ദിക്കണം.അതുമൊരു നവോത്ഥാനപ്രവർത്തനമായി ഏറ്റെടുക്കണം! നൂർബിനാ റഷീദിന്റെ പരാജയം മതയാഥാസ്ഥിതിക ബോധത്തിന്റെ ഉപോല്പന്നമാണ് എന്ന് തുറന്നുപറയാൻ നാം തയ്യാറാവണം!