Entertainment
അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Rejeesh Palavila
Lyricist/Content Writer
കെ.ജി.ജോർജ്ജിന്റെ സംവിധാനത്തിൽ 1982ൽ ഇറങ്ങിയ ‘യവനിക’ എന്ന ചിത്രം കണ്ടു. ഭരത് ഗോപി എന്ന അതുല്യ നടന്റെ തകർപ്പൻ പ്രകടനമാണ് ആത്യന്തികമായി ചിത്രം ഓർമ്മയിൽ നിർത്തുന്നത്. ‘ഇയാളിതെന്തൊരു നടനാണപ്പാ’ എന്ന് നമ്മളെക്കൊണ്ട് വിസ്മയത്തോടെ സ്വയം പറയിപ്പിക്കുന്ന അടിമുടി നടൻ.അദ്ദേഹത്തിന് പകരംവയ്ക്കാൻ മുൻപോ ശേഷമോ അങ്ങനെയൊരു നടൻ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.
കൊമേഴ്സ്യൽ സിനിമകളിൽ താൻ അഭിനയിക്കില്ല എന്ന് വാശിപിടിച്ചിരുന്ന ഭരത് ഗോപിയെക്കുറിച്ചും അദ്ദേഹത്തിന് അഭിനയത്തോടുണ്ടായിരുന്ന ആത്മസമർപ്പണത്തെക്കുറിച്ചും വളരെപ്പേർ പറഞ്ഞുകേട്ടിട്ടുണ്ട്.ചെയ്തുവച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ ജീവിതം പകർന്നാടിയത് നോക്കിയാൽ ആരെക്കാളും ഒരുപണത്തൂക്കം മുന്നിൽ നിൽക്കുന്ന അസാമാന്യ അഭിനയപ്രതിഭ.മലയാളം സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ളാസ്സിക്ക് ചിത്രങ്ങളിലെല്ലാം ഭരത് ഗോപി അഭിവാജ്യഘടകമായിരുന്നു.
‘യവനി’കയിൽ മുഴുക്കുടിയനായ ഒരു തബലിസ്റ്റാണ് ഗോപി.ഈ സിനിമയിൽ ഭരത് ഗോപി തബല വായിക്കുന്നത് കണ്ടിട്ട് തബലിസ്റ്റും നടനുമായ മാളാ അരവിന്ദൻ പിന്നീടൊരിക്കൽ ഗോപിയോട് നിങ്ങൾ തബല പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതും ഇല്ലെന്ന് പറഞ്ഞപ്പോൾ കൈകൾ ചുംബിച്ചുകൊണ്ട് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,എത്ര ഭംഗിയായി തബലയിൽ വിരലുകൾ താളംചവിട്ടി എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്
യവനികയിൽ തിലകന്റെ ‘വക്കച്ചൻ’ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന നാടകകമ്പനിയുടെ പ്രധാന തബലിസ്റ്റാണ് ഗോപിയുടെ ‘അയ്യപ്പൻ’.പത്തുരൂപ കിട്ടിയാൽ പത്തുരൂപകൂടി കടംവാങ്ങി ബോധംപോകുന്നവരെ കുടിക്കുന്ന താന്തോന്നി.അയാളുടെ തിരോധാനവും അത് അന്വേഷിക്കുന്നതും കൊലപാതകത്തിന്റെ യഥാർത്ഥപ്രതിയിലേക്ക് എത്തുന്നതുമാണ് സിനിമയുടെ പ്രമേയം.മമ്മൂട്ടിയുടെ ‘ജേക്കബ് ഈരാളി’ എന്ന കഥാപാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
‘യവനിക’യിൽ ഭരത് ഗോപിയുടെ കഥാപാത്രത്തെപ്പോലെ എടുത്തുപറയേണ്ട ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചത് ഗോപിയുടെ മകനായി അഭിനയിച്ച അശോകന്റെ ‘വിഷ്ണു’ എന്ന കഥാപാത്രമാണ്.അശോകൻ തന്റേതായ ചില മാനറിസങ്ങൾകൊണ്ട് ആ കഥാപാത്രത്തെ അപ്രതിരൂപമാക്കി തകർത്താടിയിട്ടുണ്ട്.അതിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തോടൊപ്പം അശോകന്റെ ഭാവഭേദങ്ങൾ കാണിക്കുന്ന ഒരു രംഗം വ്യാപകമായി ട്രോളുകളിൽ ചിത്രമായി വരുന്നത് കണ്ടിട്ടുണ്ട്.ഭരതനും പത്മരാജനുമൊക്കെയാണ് ഇത്തരത്തിൽ അശോകന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയിട്ടുള്ള മറ്റു സംവിധായകർ.
കെ.ജി.ജോർജ്ജ് എന്ന പ്രതിഭ ഈ സിനിമയെ ഭംഗിയായി അനുഭവവേദ്യമാക്കിയിരിക്കുന്നു. നാടകത്തിന്റെ രംഗങ്ങൾ വളരെയേറെ സമയം പ്രേക്ഷകന് വലിയ മുഷിപ്പ് തോന്നാത്ത തരത്തിൽ കാണിച്ചിട്ടുള്ള മറ്റൊരു സിനിമയും കണ്ടതായി ഓർക്കുന്നില്ല.’യവനിക’ എന്ന സിനിമയുടെ പേരുപോലും നാടകവുമായി അത്രമേൽ ബന്ധിപ്പിക്കുന്നതാണ്.നെടുമുടി വേണു,ജഗതി,തിലകൻ,മമ്മൂട്ടി,ജലജ,വേണുനാഗവള്ളി തുടങ്ങി നീണ്ട ഒരു താരനിരതന്നെ യവനികയിലുണ്ട്.
ഇറങ്ങിയ കാലത്ത് അന്നോളം ഉണ്ടായിരുന്ന കുറ്റാന്വേഷണ സിനിമകളുടെ വഴികളിൽ നിന്ന് മാറി സഞ്ചരിക്കുകയും കഥയുടെ ആഖ്യാനരീതികൊണ്ട് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകിയ സിനിമയാണ് ‘യവനിക’.കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് എസ്.എൽ.പുരം സദാനന്ദൻ തിരക്കഥ ഒരുക്കിയ ഈ ചിത്രം പതിറ്റാണ്ടുകൾക്ക് ഇപ്പുറവും കാലത്തിന്റെ മാറ്റങ്ങൾക്ക്മുന്നിൽ മാറ്റുകുറഞ്ഞുപോകാത്ത ഒരു നല്ല കലാസൃഷ്ടിയായി തിളങ്ങുന്നു.ഓ.എൻ.വിയും എം. ബി. ശ്രീനിവാസനും ചേർന്നൊരുക്കി യേശുദാസും സംഘവും ആലപിച്ച ‘ഭരതമുനിയൊരു കളംവരച്ചു’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളും യവനികയെ ആസ്വാദ്യകരമാക്കുന്നു.
NB : ഗ്രാഫിക്സ് ആര്ടിസ്റ്റും പോസ്റ്റര് ഡിസൈനറുമായ ശംഭു വിജയകുമാര് വരച്ച യവനികയുടെ പോസ്റ്ററാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്.
486 total views, 4 views today