സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞവരെ വിമർശിച്ച എത്ര ബിജെപി നേതാക്കളുണ്ട് ?

0
218

Rejeesh Palavila

ശബരിമലയിൽ പോകണം എന്ന് പറഞ്ഞതിന് സംഘികൾ വെടി/പടക്കം/ വേശ്യ എന്നൊക്കെ വിളിക്കാത്ത എത്ര സ്ത്രീകൾ സൈബർ ലോകത്തുണ്ട്?

സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ സംഘികളെ നിശിതമായി വിമർശിക്കുകയും തിരുത്താൻ തുനിയുകയും ചെയ്ത എത്ര ബിജെപി/സംഘപരിവാർ നേതാക്കളുണ്ട് ? സ്വന്തം അഭിപ്രായവും രാഷ്ട്രീയവും പറയുന്നതിന്റെ പേരിൽ സംഘടിത സൈബർ ആക്രമണത്തിനും ലൈംഗികാധിക്ഷേപത്തിനും ഇരയാകാത്ത എത്ര സ്ത്രീകളുണ്ട്?

കഴിഞ്ഞ ദിവസം കർഷക സമരവുമായി ബന്ധപ്പെട്ട് ഞാനിട്ട ഒരു പോസ്റ്റിന്റെ അടിയിൽ ബിന്ദു അമ്മിണി ഡൽഹിയിൽ കർഷകരോടൊപ്പം ഒരു ടാക്ടറിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരാൾ അവരെ വിളിച്ചത് വേശ്യയെന്നാണ്.അതിൽ ലൈക്ക് അടിച്ചിരിക്കുന്നതും സംഘപരിവാർ പ്രവർത്തകരും അനുഭാവികളുമാണ്.ബിന്ദു അമ്മിണിയെപ്പോലെ എത്രയെത്ര സ്ത്രീകളാണ് സൈബർ ഇടങ്ങളിൽ ഇങ്ങനെ ആക്രമിക്കപ്പെടുന്നത്.

തങ്ങൾക്ക് വിയോജിപ്പ് ഉള്ള രാഷ്ട്രീയവും ആശയവും ആക്ടിവിസവും നടത്തുന്ന സ്ത്രീകളെ ഏറ്റവും മോശമായി ചിത്രീകരിക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ലാത്ത ഇവരെല്ലാം സുരേന്ദ്രന്റെ മകളുടെ പേരിൽ തേങ്ങുന്നതും കാണാം.എന്തൊരു വിരോധാഭാസവും വികലവുമാണ് ഇത്തരം രാഷ്ട്രീയ ബോധം!

കെ.സുരേന്ദ്രൻ മകളുമായി ഇരിക്കുന്ന ചിത്രത്തിന്റെ ചുവട്ടിൽ അശ്ലീല കമന്റ് ഇട്ടവനും ഇവരും തമ്മിൽ എന്താണ് വ്യത്യാസം? ഇത്തരക്കാരെ തിരുത്താൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ എന്താണ് ചെയ്തിട്ടുള്ളത്? സുരേന്ദ്രന്റെ മകളെപ്പോലെ ഓരോ പെണ്ണും അവളുടെ അച്ഛനമ്മമാർക്ക്,സഹോദരങ്ങൾക്ക് പ്രിയപ്പെട്ടതാണ്.സൈബർ ആങ്ങളമാരും സംഘപരിവാർ യോദ്ധാക്കളും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോൾ മാത്രം പൊളിറ്റിക്കൽ കറക്റ്റ്നസ്സും മോറൽ സയൻസുമായി ഇറങ്ങുന്നു എന്ന് മാത്രം.

കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.

രാഷ്ട്രീയവും ആശയപരവുമായ വിയോജിപ്പുകൾക്കപ്പുറം ആളുകളെ ഏതറ്റം വരെയും പോയി ആക്ഷേപിക്കുന്ന ഞരമ്പ് രോഗം ഇവർ എന്നെങ്കിലും തിരിച്ചറിയാൻ പോകുന്നുണ്ടോ? ആരെയും എവിടെയും ഇരുന്ന്കൊണ്ട് എന്തും പറയാം എന്ന ഹുങ്കും അത് നൽകുന്ന ഒരുതരം ഭീകരമായ ആത്മരതിയുമാണ് അവരുടെ ഊർജ്ജം.പ്രിവിലേജുകൾ ഉള്ളവർ ഇത്തരം സൈബർ ആക്രമണത്തിൽ ഇരയാകുമ്പോൾ പോലീസ് കേസുകൾ ഒക്കെ ഉണ്ടായെന്ന് വരാം.ചോദിക്കാനും വാദിക്കാനും ആരുമില്ലാത്ത ആയിരക്കണക്കിന് സ്ത്രീകൾ നിസ്സഹായരായി ഇതിനെക്കുറിച്ചൊക്കെ പറയുന്നത് നാം എത്രത്തോളം ഗൗരത്തോടെ കേൾക്കുന്നുണ്ട്.

മതവിശ്വാസം ഉപേക്ഷിച്ച സ്ത്രീകളാണ് ഇതിൽ ഏറ്റവും വലിയ ഇരകൾ .അവർ കേവല ന്യൂനപക്ഷമാണ്.അവരാണ് ഇക്കൂട്ടത്തിൽ ഏറ്റവും നിസ്സഹായർ.പ്രത്യേകിച്ചും ഹിന്ദു/മുസ്ലിം തീവ്രവാദികളിൽ നിന്നും നാസ്തികരായ സ്ത്രീകൾ നേരിടുന്ന ഭീഷണിയും തെറിവിളികളും അത്രമാത്രം ഭീകരമാണ്.

ആളുകളോട് ആശയപരമായി സംസാരിക്കാൻ അറിയാത്ത എന്തും വിളിച്ചുപറയുന്ന അത്തരം നികൃഷ്ടജീവികളെ നാം ഓരോരുത്തരും കക്ഷിരാഷ്ട്രീയ മതഭേദമന്യേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്താൽ അല്ലാതെ ഇതിനൊന്നും മാറ്റമുണ്ടാകാൻ പോകുന്നില്ല.