ഗാന്ധിയെ കുറിച്ച് വല്ലതും എഴുതാൻ പുള്ളിയോട് പറഞ്ഞിരുന്നെങ്കിൽ നൂറ്റിമുപ്പത് കോടി ഇൻഡ്യാക്കാരുടേയും ഗാന്ധിയെ സ്നേഹിക്കുന്ന അമേരിക്കക്കാരുടേയും മാനം പോയേനെ!

110

Rejeesh Palavila

നന്ദി ട്രെമ്പേ.. നന്ദി മോദിജി

ഒരാളുടെ സ്മാരകം അവിടെ വരുന്നവർക്ക് നൽകുക ആ ചരിത്രപുരുഷനെക്കുറിച്ചുള്ള ഓർമ്മകളായിരിക്കും. പ്രത്യേകിച്ചും ഗാന്ധിയെപ്പോലെ ലോകം അറിയുന്ന ഒരു മനുഷ്യന്റെ സ്മരണകൾ തുടിക്കുന്ന സബർമതി ആശ്രമം സന്ദർശിക്കാനിടയുള്ള പൊട്ടനല്ലാത്ത ഏതൊരു മനുഷ്യന്റെയും മനസ്സിൽ നിറയാൻ ഇടയുള്ളത് ഗാന്ധിയുടെ ജീവിതചിത്രങ്ങളായിരിക്കും.ഒബാമ ഉൾപ്പടെ ലോകത്തിലെ വിവിധ നേതാക്കളെല്ലാം ഗാന്ധി സ്മാരകങ്ങൾ സന്ദർശിച്ചപ്പോൾ അതാത് ഇടങ്ങളിലെ സന്ദർശക ഡയറികളിൽ കുറിച്ചിട്ടതും ഗാന്ധിയുടെ ഓർമ്മകളും ഗാന്ധിയൻ ആശയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരുന്നു.പൊട്ടന് ലോട്ടറിയടിച്ചപോലെ അമേരിക്കൻ പ്രസിഡന്റാവാൻ കഴിഞ്ഞ ഡൊണാൾഡ് ട്രെമ്പ് സബർമതി ആശ്രമത്തിലെ സന്ദർശക ഡയറിയിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുകയും ‘ഇസിജി’യുടെ ഗ്രാഫ് പോലെയുള്ള തന്റെ ഒപ്പ് വിസ്തരിച്ച് വരയ്ക്കുകയും ചെയ്തു! ഡൊണാൾഡ് ട്രെമ്പിന് എന്തര് ഗാന്ധി എന്ത് സബർമതി.ചർക്കേം തിരിച്ച് ഫോട്ടവും പിടിച്ച് രംഗം ഉഷാറാക്കി! അമ്മച്ചിയാണേ ഡൊണാൾഡ് ട്രെമ്പ് ഇതൊന്നും മനഃപൂർവ്വം ചെയ്യുന്നതല്ല കേട്ടോ.പുള്ളിക്ക് അത്രേ വരുള്ളൂ.  
ഗാന്ധിയെ കുറിച്ച് വല്ലതും എഴുതാൻ പുള്ളിയോട് പറഞ്ഞിരുന്നെങ്കിൽ നൂറ്റിമുപ്പത് കോടി ഇൻഡ്യാക്കാരുടേയും ഗാന്ധിയെ സ്നേഹിക്കുന്ന അമേരിക്കക്കാരുടേയും മാനം പോയേനെ!ബൈ ദ വേ ഗാന്ധിയെക്കുറിച്ച് മോദിജിയോട് പുള്ളി ചോദിച്ചിരുന്നെങ്കിലും തഥൈവ ആയേനെ. ഏതായാലും അമേരിക്കയുടെ പിതാവായിരുന്ന സാക്ഷാൽ ജോർജ്ജ് വാഷിംഗ് ടണ്ണിനോട് പറഞ്ഞതൊക്കെവച്ച് നോക്കുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മുടെ ഗാന്ധിജിയുടെ തടി കേടാകാതെ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. 2019 ഏപ്രിലിൽ ഡൊണാൾഡ് ട്രെമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടൊപ്പം ജോർജ്ജ് വാഷിംഗ് ടണിന്റെ ‘മൌണ്ട് വെർനോൻ എസ്റ്റേറ്റ് കാണാൻ ട്രെമ്പ് പോയത് അമേരിക്കയിൽ ഉണ്ടാക്കിയ പുക്കാർ ചില്ലറയല്ല.അതിഥിയോട് ജോർജ്ജ് വാഷിംഗ് ടണ്ണിന്റെ അപദാനങ്ങൾ ഒന്നും വിസ്തരിച്ച് സമയംകളയാൻ പോകാതെ ട്രെമ്പ് ചെയ്തത് വാഷിംഗ് ടണ്ണിന്റെ മണ്ടത്തരത്തെ പഴിക്കുകയായിരുന്നു! അഞ്ഞൂറ് ഏക്കറുള്ള മനോഹരവും വിശാലവുമായ ‘മൌണ്ട് വെർനോൻ’ എസ്റ്റേറ്റ് കണ്ട ട്രെമ്പിന്റെ ഉള്ളിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്കാരൻ പറഞ്ഞത് ഹമ്പട!തന്നെപോലെ ജോർജ്ജ് വാഷിംഗ് ടണ്ണും അദ്ദേഹത്തിന്റെ കാലത്തെ വലിയ എസ്റ്റേറ്റ് മുതലാളി ആയിരുന്നെന്നും പുള്ളി സ്മാർട്ട് ആയിരുന്നെങ്കിൽ കണ്ട ‘മൌണ്ട് വെർനോൻ’ എന്നൊക്കെ പേരിടാതെ ഈ എസ്റ്റേറ്റിന് ജോർജ്ജ് വാഷിംഗ് ടൺ എന്ന് പേരിടുമായിരുന്നു എന്നുമാണ് ! ഡൊണാൾഡ് ട്രെമ്പിന്റെ പറച്ചിൽകേട്ട അമേരിക്കക്കാരെല്ലാം ‘ഹെന്റമ്മേ’ എന്ന് വിളിച്ച് തലയിൽ കൈവച്ചു.’ട്രെമ്പ് ടവർ ‘ ‘ഒക്കെ ഉണ്ടാക്കിവച്ചിരിക്കുന്ന ട്രെമ്പിനെപ്പോലെ സ്മാർട്ട് ആകാൻ കഴിയാത്തതിൽ പാവം ജോർജ്ജ് വാഷിംഗ് ടൺ പശ്ചാത്തപിച്ചിട്ടുണ്ടാകും.അങ്ങനെയുള്ള ഡൊണാൾഡ് ട്രെമ്പും കൂട്ടിനുപോയ ഇന്ത്യൻ പ്രധാനമന്ത്രിയും ഗാന്ധിയെക്കുറിച്ച് വാ തുറക്കാഞ്ഞതിന് ലോകം അവരിരുവരോടും കടപ്പെട്ടിരിക്കുന്നു.

Advertisements