അത്രയേറെ മധുരമായ ഒരു ചിത്രം..നന്ദി ഫ്രാൻസിസ് മാർപ്പാപ്പ

27

Rejeesh Palavila

അത്രയേറെ മധുരമായ ഒരു ചിത്രം..നന്ദി ഫ്രാൻസിസ് മാർപ്പാപ്പ

ജീവിതത്തിൽ എപ്പോഴെങ്കിലും ‘ഹോളോകോസ്റ്റ്’ എന്ന് കേൾക്കുകയോ അതിനെക്കുറിച്ച് വായിക്കുകയോ ചെയ്യാത്തവർ വംശവെറികളുടെ കിരാതമായ രാഷ്ട്രീയ പരിണാമങ്ങൾ മനസ്സിലാക്കാതെ പോകുന്നവർ മാത്രമായിരിക്കും.ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കാതെ ഇരിക്കുക എന്നത് ഒരർത്ഥത്തിൽ മനുഷ്യനോട് ചെയ്യുന്ന ഒരു ക്രൂരതകൂടിയാണ്.ജൂതവിരോധം എന്ന ഒരു പൊതുശത്രുവിനെ സൃഷ്ടിച്ച് ആര്യനിസവും ജർമ്മൻ ദേശീയതയും കൂട്ടിക്കുഴച്ച് നാസികൾ ഒരു രാജ്യത്തെയും അവിടുത്തെ ജനതയേയും വിഭജിച്ച് നിരപരാധികളായ ലക്ഷകണക്കിന് മനുഷ്യരെ വിഷവാതകം ശ്വസിപ്പിച്ചും മരുന്ന് പരീക്ഷണങ്ങൾ നടത്തിയും ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ, രക്തം മരവിച്ചുപോകുന്ന ചരിത്രത്തിലെ ദാരുണമായ കാഴ്ചകൾ മനുഷ്യത്വമുള്ള ആരെയും വേദനിപ്പിക്കുന്നതാണ്.

May be an image of 1 personജീവിതത്തിനും മരണത്തിനും ഇടയ്ക്ക്നിന്ന് രക്ഷപെടാൻ കഴിഞ്ഞ അനേകം പേരുണ്ട്.അവരുടെ പൊള്ളുന്ന അനുഭവങ്ങൾ,ഓർമ്മകൾ അവർക്ക് ലോകത്തോട് പറയാനുള്ളത് ഇതൊക്കെ കേൾക്കാൻ നാം അൽപ സമയം ചിലവഴിക്കേണ്ടത് ഒരനിവാര്യതയാണ്.അത്തരം ഭയവിഹ്വലവും മാനവികവിരുദ്ധവുമായ മഹാപാതകങ്ങൾ ആധുനിക ലോകത്ത് എവിടെയും ഉണ്ടാകാൻ പാടില്ലെന്ന ഉറച്ച ബോദ്ധ്യം അങ്ങനെ മാത്രമേ കൈവരൂ.ജനാധിപത്യപരമായി നമ്മെ പരിഷ്കരിക്കാനുള്ള ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.അതിനെക്കുറിച്ചൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഈ ചിത്രം!
റോമിൽ 1954ൽ അഭയം തേടിയ ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ കൂട്ടത്തിൽപെട്ട എഡിത് ബ്രൂക്ക് (Edith Bruck) എന്ന എൺപത്തിയെട്ടുകാരിയെ 2021 ഫെബ്രുവരി 20ന് ഫ്രാൻസിസ് മാർപ്പാപ്പ അവരുടെ വീട്ടിൽ സന്ദർശിക്കുന്നതാണ് സന്ദർഭം.അവരെഴുതിയ 2020 ജനുവരിയിൽ പുറത്തിറങ്ങിയ ”The Lost Bread” എന്ന പുസ്തകത്തെക്കുറിച്ചും അവരുമായി നടന്ന ചില അഭിമുഖങ്ങൾ ശ്രദ്ധിച്ചതുമാണ് മാർപ്പാപ്പയെ അവരുടെ വീട്ടിലെത്തിച്ചത്.തന്റെ വീട്ടിൽ എത്തിയ അതിഥിയെക്കണ്ട് സന്തോഷവും കണ്ണീരും അടക്കാതെയാണ് അവർ അദ്ദേഹത്തെ സ്വീകരിച്ചത്.സ്നേഹത്തിന്റെ വലിയൊരു കരുതലായാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും തലോടലും അവർക്ക് അനുഭവപ്പെട്ടത്.

1931ൽ ഹങ്കറിയിലെ ഒരു പാവപ്പെട്ട ജൂതകുടുംബത്തിൽ ജനിച്ച എഡിത്,1944ൽ പതിമൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ഒപ്പം നാസി പട്ടാളം അറസ്റ്റ് ചെയ്യുകയും കോണ്സെന്ട്രേഷൻ ക്യാമ്പിലേക്ക് അയക്കുകയും ചെയ്യുന്നത്.അച്ഛനും അമ്മയും ഒരു സഹോദരനും ക്യാമ്പിൽ ക്രൂരമായി കൊല്ലപ്പെട്ടു.അവശേഷിച്ച എഡിതും മറ്റൊരു സഹോദരിയും 1945ൽ നാസികളുടെ പതനത്തോടെ മോചിപ്പിക്കപ്പെട്ടു.നാസികളിൽ നിന്നും എല്ലാ നരകയാതനകളും ഏറ്റുവാങ്ങിയ ക്യാമ്പിലെ നീണ്ട ഒരു വർഷത്തെ ജീവിതം ഓർമ്മകളിൽ കനലുപോലെ നീറുന്നതാണ്.ജീവിത യാത്രയിൽ അങ്ങനെ റോമിലെത്തി ചേരുകയും പിൽക്കാലത്ത് അവരെ എഴുത്തുകാരിയും തിരക്കഥാ കൃത്തുമൊക്കെയാക്കിയ സംഭവബഹുലമായ ജീവിതപരിണാമം. സ്വാനുഭവങ്ങളിൽ നിന്നും ജീവിതത്തെ അവർ നോക്കിക്കാണുന്നത് ലോകം കണ്ണീരോടും കൗതുകത്തോടും സ്നേഹത്തോടും കേട്ടു.

ജീവിത സായാഹ്നത്തിലും അവരുടെ വാക്കുകളും ഭാഷയും ലോകത്തെ പലതും പഠിപ്പിക്കുന്നു. വംശവെറികളുടെ മനുഷ്യവിരുദ്ധമായ ആശയങ്ങളിൽനിന്നും ആൾക്കൂട്ടങ്ങളെ ഉണർത്തിയെടുക്കാൻ നമുക്ക് അത്തരം വാക്കുകൾ കാതോർക്കേണ്ടതുമുണ്ട്.
ആ സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ പകരുന്നതും.അദ്ദേഹത്തിലെ നന്മയുള്ള മനുഷ്യന് അഭിവാദ്യം.അനവധിപേർക്ക് അദ്ദേഹം മാതൃകയാകട്ടെ!മാനവികത ജയിക്കട്ടെ..വർഗ്ഗീയതയും വംശവെറികളും തുലയട്ടെ..