കേരളത്തിൽ പോലും വനവിസ്തൃതി വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ, അപ്പോഴാണ് പരിസ്ഥിതിക്കാരുടെ രോദനം

137

Rejeesh Palavilaയുടെ പോസ്റ്റ്

‘പരിസ്ഥിതി മെരിച്ചു” എന്ന് പറഞ്ഞാൽ കേരളത്തിൽ കയ്യടിക്കുന്ന ഒരു മധ്യവർഗ്ഗ പൊതുബോധമുണ്ട്.
പരിസ്ഥിതിക്ക് വേണ്ടി ഒരു ദയയും ഇല്ലാതെ കരയുക,കവിത എഴുതുക,മഴക്കാറ് കണ്ടാൽ ഗാഡ്ഗിലിനെ വിളിക്കാൻ അലമുറയിടുക,മലയോര കർഷകരെ ശപിക്കുക ഇതൊക്കെയാണ് അവരുടെ പരമ്പരാഗത സാംസ്കാരിക പരിപാടികൾ. വ്യവസായി യൂസഫലിയുടെ ഹെലികോപ്റ്റർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത് സംബന്ധിച്ച വാർത്തയും ചിത്രങ്ങളും കണ്ട് അവർ വികാരവായ്പോടെ ചോദിക്കുന്നു: ”ഹാവൂ ! ഇങ്ങനെയൊരിക്കൽ ഹെലികോപ്റ്റർ കൊണ്ടിറക്കാൻ അല്പം ചതുപ്പ് ബാക്കി വച്ചല്ലോ!”
എന്താല്ലേ!

ഓരോ രണ്ടുവർഷവും കൂടുമ്പോൾ രാജ്യത്ത് പ്രസിദ്ധീകരിക്കുന്ന ഒരു റിപ്പോർട്ടുണ്ട് -ഇന്ത്യ സ്റ്റേറ്റ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR).അതനുസരിച്ച് കേരളത്തിൽ വനവിസ്തൃതി വർദ്ധിക്കുന്നതായാണ് കണക്കുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വനവിസ്തൃതി കൂടിവരുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇത്രയേറെ ജനസാന്ദ്രതയുള്ള നമ്മുടെ കൊച്ചു സംസ്ഥാനത്തിന് കിട്ടുന്നത്.[വനമേഖലയിലെ വർദ്ധനവിന്റെ കാര്യത്തിൽ ഏറ്റവും മികച്ച അഞ്ച് സംസ്ഥാനങ്ങൾ കർണാടക (1025 ചതുരശ്ര കിലോമീറ്റർ), ആന്ധ്ര (990 ചതുരശ്ര കിലോമീറ്റർ), കേരളം (823 ചതുരശ്ര കിലോമീറ്റർ), ജമ്മു കശ്മീർ (371 ചതുരശ്ര കിലോമീറ്റർ), ഹിമാചൽ പ്രദേശ് (334 ചതുരശ്ര കിലോമീറ്റർ].ഈ ഗ്രാഫ് ഉയരുന്നതായാണ് മുൻവർഷത്തെ റിപ്പോർട്ടുമായുള്ള താരതമ്യം കാണിക്കുന്നത്. 2017 ലെ വനവിസ്തൃതിയെ അപേക്ഷിച്ച് 2019 ലെ പഠനത്തിൽ കേരളത്തിന്റെ വനവിസ്തൃതി 2.12 ശതമാനമാനമാണ് വർദ്ധിച്ചത്.

കേരളത്തിൽ മാത്രമല്ല രാജ്യത്തെ മൊത്തം വനമേഖല 7,12,249 ചതുരശ്ര കിലോമീറ്ററായി ഐ‌എസ്‌‌എഫ്‌ആർ 2019 റിപ്പോർട്ട് ചെയ്യുന്നു, ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 21.67 ശതമാനമാണ്. ഐ‌എസ്‌എഫ്‌ആർ 2017 ന്റെ മുമ്പത്തെ വിലയിരുത്തലുമായി താരതമ്യം ചെയ്യുമ്പോൾ ദേശീയ തലത്തിൽ 3976 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതി വർദ്ധിച്ചു എന്നത് ചെറിയ കണക്കല്ല.പക്ഷെ നമ്മുടെ പരിസ്ഥിതി മൗലികവാദികൾ ഇതൊന്നും അംഗീകരിക്കില്ല,’വനവും ജൈവസമ്പത്തും മെരിക്കുകയാണ്’ എന്ന് അവർ നിലവിളിച്ചുകൊണ്ടേയിരിക്കും.മറിച്ച് സംസാരിക്കുന്നത് തന്നെ നമ്മുടെ നാട്ടിൽ അത്ര സ്വീകാര്യത കിട്ടുന്ന കാര്യമല്ല. തീവ്ര പരിസ്ഥിതിവാദവും തീവ്രപരിസ്ഥിതി വിരുദ്ധവാദവുമില്ലാത്ത ഒരു മധ്യമ മാർഗ്ഗമാണ് ഈ വിഷയത്തിൽ ആർക്കും നല്ലത്!