പാമ്പുകടി കൊലപാതകം പോലെ കന്യാസ്ത്രീയുടെ കൊലപാതകവും തെളിയിക്കണം

    0
    81

    Rejeesh Palavila

    കൊല്ലത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകൾ അഴിക്കുന്നതിൽ നാൾവഴികളിൽ സ്തുത്യർഹമായ നീക്കങ്ങളാണ് കേരളാ പോലീസ് നടത്തിയിരിക്കുന്നത്.ശാസ്ത്രീയമായ വഴികളിലൂടെ അന്വേഷണം ശക്തമാക്കുന്നതിൽ പോലീസ് നടത്തുന്ന ശ്രമങ്ങൾ എടുത്തുപറയേണ്ടതുമാണ്.ആ വിഷയത്തിൽ അന്വേഷണത്തിന്റെ ഓരോ നീക്കങ്ങളും പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്.അത്രമാത്രം സുതാര്യത അതിൽ ദൃശ്യമാണ്.മാധ്യമങ്ങളാകട്ടെ ക്രൈം ത്രില്ലർ സ്റ്റോറികളായി സംഭവപരമ്പരകൾ എഴുതുകയാണ്.അന്വേഷണത്തിന്റെ ഓരോ നിമിഷവും ഓരോ വ്യക്തിക്ക്മുന്നിലും സിനിമാ സീനുകൾപോലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞുനിൽക്കുന്നു.എല്ലാ തെളിവുകളോടും കുറ്റവാളികൾ നിയമത്തിന്റെ മുന്നിൽ എത്തട്ടെ.ഉത്രയ്ക്ക് നീതികിട്ടട്ടെ.

    പറഞ്ഞുവന്നത്, തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ ഒരു കന്യാസ്ത്രീ വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ വീണ് മരിച്ചിട്ട് ഇന്നേക്ക് ആഴ്ചകൾ കഴിഞ്ഞു.വാർത്തയുടെ കോളിളക്കങ്ങൾ കെട്ടടങ്ങി.ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണം എവിടെവരെയെത്തി എന്നതിൽ ആർക്കും വിവരങ്ങൾ ലഭ്യമല്ല.മറ്റു കേസുകൾക്ക് കിട്ടുന്ന തരത്തിൽ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് സുതാര്യത പ്രകടമല്ല.ആ പെൺകുട്ടിക്ക് നിയമത്തിന്റെ നീതികിട്ടുമോ?സഭാധികാരത്തിനും മതത്തിനും മുന്നിൽ നിയമ സംവിധാനങ്ങൾ നിശബ്ദത പുലർത്തുമോ? ദിവ്യാ.പി.ജോൺ എന്ന ആ സാധുപെൺകുട്ടിക്കും നീതി കിട്ടണം.