ആനയെന്ന വന്യമൃഗം മനുഷ്യർക്കും അവരുടെ ദൈവങ്ങൾക്കുംവേണ്ടി സഹിക്കുന്ന സാഹസങ്ങൾ ചെറുതല്ല

38

Rejeesh Palavila

ഉദരത്തിൽ ഒരു കുഞ്ഞുജീവനോടെ മരണപ്പെട്ട ആ കാട്ടാനയുടെ ഓർമ്മ അങ്ങേയറ്റം നൊമ്പരപ്പെടുത്തുന്നതാണ്.ആ നൊമ്പരം കാണുന്നവർ ഇഞ്ചിഞ്ചായി മരിക്കുന്ന കേരളത്തിലെ നാട്ടാനകളെക്കുറിച്ചും കാട്ടാനകളുടേയും നാട്ടാനകളുടേയും ആക്രമണത്തിന് ഇരയായ മനുഷ്യരെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ആനകൾ താറുമാറാക്കിയ കർഷകരുടെ ജീവിതങ്ങളെക്കുറിച്ചുമൊക്കെ ഓർക്കേണ്ടതുണ്ട്.നമ്മുടെ ഭ്രാന്തുകളെ തിരിച്ചറിയേണ്ടതുണ്ട്!

കേരളത്തിലെ ഓരോ വേനൽക്കാലവും ഉത്സവകാലംകൂടിയാണ്.നാട്ടാന പരിപാലന ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി ആനകളെ അണിനിരത്തി ഉത്സവങ്ങൾ കൊഴുപ്പിക്കാൻ ആളുകൾ നെട്ടോട്ടമോടുന്ന കാലം.കരിയും കരിമരുന്നും വേണ്ടാ എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ട്രസ്റ്റുകൾ നടത്തുന്ന ക്ഷേത്രങ്ങളിൽ പോലും പൂരങ്ങളും ഗജമേളകളും നടക്കുന്നു.താടയിൽ കുത്തി തലപൊക്കിപിടിച്ചു നിൽക്കാൻ പരിശീലിക്കപ്പെട്ട ആനകൾക്ക് മുന്നിൽ ആനപ്രേമികൾ കൂവിവിളിക്കുന്നു.പാട്ടകൊട്ടിയാലും പടക്കം പൊട്ടിച്ചാലും കാട്ടാന ഓടുമെങ്കിൽ ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നാട്ടാനകൾ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗത്തിനുമുന്നിലും ചെണ്ടമേളത്തിന് നടുവിലും വേഷംകെട്ടി മണിക്കൂറുകൾ നിൽക്കുന്നു.

വിയർപ്പ് ഗ്രന്ഥികൾ പാദങ്ങളിൽ മാത്രമുള്ള,കറുത്ത വലിയ ശരീരമുള്ള ആനയെന്ന വന്യമൃഗം മനുഷ്യർക്കും അവരുടെ ദൈവങ്ങൾക്കുംവേണ്ടി സഹിക്കുന്ന സാഹസങ്ങൾ ചെറുതല്ല.കാടിന്റെ ആർഭാടങ്ങളിൽ ചതുപ്പ് നിലങ്ങളിലും തണൽ വഴികളിലും തണുപ്പ് തേടാൻ കാട്ടാന ശ്രമിക്കുമ്പോൾ ചുട്ടുപൊള്ളുന്ന റോഡിലും കത്തിജ്വലിക്കുന്ന തീവെട്ടികൾക്ക് മുന്നിലും നാട്ടാനകൾ നിസ്സഹായരായി നിന്ന് കിതയ്ക്കുന്നു.ആന എങ്ങനെ ഇടഞ്ഞു എന്നല്ല പലപ്പോഴും ഇടയാതെ എങ്ങനെയെല്ലാം പിടിച്ചുനിൽക്കുന്നു എന്നോർത്തുമാത്രമേ സത്യത്തിൽ അത്ഭുതപ്പെടേണ്ടതുള്ളൂ.

ഓരോ ഉത്സവകാലത്തും ആനയുടെ ചവിട്ടും കുത്തുമേറ്റ് മരിക്കുന്നവരുടെ കണക്ക് ചെറുതല്ല.അതിനൊരപവാദം ഈ വർഷം മാത്രമായിരിക്കും!കൊറോണ ലോക്ക് ഡൗൺ മൂലം നിലച്ചുപോയ ഉത്സവകാലം ആനകൾക്ക് നൽകിയത് നല്ലൊരു വിശ്രമകാലമാണ്. മനുഷ്യരുടെ സാധാരണ ജീവിതത്തെയാകെ നിശ്ചലമാക്കിയ കൊറോണയെ കേരളത്തിലെ ആനകൾ അഭിവാദ്യം ചെയ്താൽ അതിൽ ഒട്ടും അതിശയമില്ല.അതിനെക്കുറിച്ച് മുൻപെഴുതിയ ഒരു പാട്ടോടെ ഉപസംഹരിക്കുന്നു.

ആനക്കാര്യം

ആനത്തലയിൽ പൂരമിരമ്പി
ആളുകളൊക്കെയിതെവിടെ പോയി?
കൊട്ടും ചൂട്ടുമകമ്പടിയില്ല
കെട്ടിയൊരുങ്ങിയിറങ്ങുക വേണ്ട
മീനച്ചൂട് മദിക്കും റോഡില്‍
പാദമുരുക്കി നടക്കുക വേണ്ട.
താടയിലമ്പോ കുത്തുകൾകൊണ്ട്
തലയുമുയര്‍ത്തി നില്‍ക്കുക വേണ്ട
ആനപ്രേമികളെന്നൊരു കൂട്ടം
കൂക്കിവിളിക്കുമപശ്രുതിയില്ല
ആകാശം വന്നാഞ്ഞു പതിക്കും
ആരവ ഭീതിദ കതിനകളില്ല
ആഹാ! ഇങ്ങനെയോര്‍മ്മയിലില്ല
ആശാവഹമൊരു വേനല്‍ക്കാലം!
വിശ്രമജീവിത സുഖമിതു നല്‍കിയ
വിശ്വകൊറോണയ്ക്കഭിവാദ്യങ്ങൾ!


രജീഷ് പാലവിള

Advertisements