ദൈവത്തെ ട്രോളുന്നവരോട് ..

64

Rejeesh Palavila

ദൈവത്തെ ട്രോളുന്നവരോട് ..

അണ്ഡകടാഹങ്ങളെ സൃഷ്‌ടിച്ച കരുണാനിധിയും ജയലളിതയുമായ ദൈവമാണ് നിങ്ങളെന്ന് ഒന്ന് സങ്കൽപ്പിക്കുക. തേങ്ങയിൽ വെള്ളം നിറയ്ക്കുന്നത് മുതൽ കടലിൽ ഉപ്പ് കലക്കുന്നതുവരെയുള്ള സകലമാന ജോലികളും വള്ളിപുള്ളിതെറ്റാതെ ചെയ്തുകൊണ്ടിരുന്ന നിങ്ങളെ കഴിഞ്ഞ ഒരഞ്ചുമാസമായി കണ്ണിന് കാണാൻപോലും കിട്ടാത്ത കൊറോണ വൈറസ് വലിച്ചുവാരി നിലത്തടിച്ചിരിക്കുകയായിരുന്നു.സർവ്വശക്തൻ സർവ്വസൃഷ്ടാവ് സർവ്വവ്യാപി സർവ്വേശ്വരൻ സർവ്വചരാചരൻ സർവ്വസാരസംഗ്രഹൻ സർവ്വസംഹാരകൻ എന്നുവേണ്ട സകലമാന സർവ്വസ്വങ്ങളും ഇത്തിരിപോന്ന വൈറസ് സ്വാഹയാക്കി.പള്ളിയുണർത്തലും വെടിവഴിപാടും കുർബാനയും ജുമയും ചുമയും കുരയും കൊരവയും കൊട്ടും പാട്ടും എല്ലാം എത്രപെട്ടന്നാണ്‌ റദ്ദ് ചെയ്യപ്പെട്ടത്.എടേ ഒന്നുമില്ലെങ്കിലും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് എന്ന പരിഗണനപോലും തരാതെ കുടിയിരുത്തി കുമ്പിട്ട്കൊണ്ടിരുന്ന സകലമാന മന്ദിരങ്ങളും കൊട്ടിയടച്ച് മനുഷ്യരായ മനുഷ്യരെല്ലാം വീടുകളിൽ ഒളിച്ചു.എന്ത് പണ്ടാരമടക്കാനാണ് ആചാരങ്ങളും അനുചരസംഘങ്ങളുമില്ലാതെ ഇവിടെയൊക്കെ കുത്തിയിരിക്കുന്നതെന്ന് ഏതു ദൈവവും ചിന്തിച്ചുപോയ ദിവസങ്ങൾ.സ്വർഗ്ഗത്തേക്കുള്ള സീസൺ ടിക്കറ്റ് ചോദിച്ച് ഒരീച്ചപോലും വരാതിരുന്ന കാലം. ആകെ ഒരു സമാധാനം ഉണ്ടായിരുന്നത് പൂജാരിമാരുടെ കുണുകുണാന്നുള്ള മന്ത്രജപവും മണിയടിയും പാതിരിമാരുടെ അറുബോറൻ പ്രസംഗങ്ങളും പണ്ഡിതപരാക്രമികളുടെ വങ്കത്തരങ്ങളും കേൾക്കണ്ട എന്നത് മാത്രമായിരുന്നു.

വാക്സിൻ എത്തുന്നതുവരെ കൊറോണയോട് കളിക്കാൻ പറ്റില്ലെങ്കിലും പഴയപ്രതാപത്തോടെ വാണരുളാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നതാണ് ആകെയുള്ള പ്രതീക്ഷ.മനുഷ്യർ ശീലിച്ചതേ പാലിക്കൂ എന്നുള്ളത്കൊണ്ട് കൂട്ടത്തോടെ ഇളകിവരുമെന്നറിയാം.എന്നിരുന്നാലും അവര് സാമൂഹിക അകലം പാലിച്ച്, കൈകളിൽ സാനിറ്റൈസർ പുരട്ടി, മുഖത്ത് മാസ്കും കെട്ടി വരുന്നത് കാണേണ്ടി വരുമെന്നോർക്കുമ്പോൾ സർവ്വശക്തൻ എന്ന നിലയിൽ ചില കുറ്റബോധങ്ങൾ ഇല്ലാതില്ല.
”നാഥാ മാസ്ക് വയ്ക്കാൻ പാകത്തിൽ തലയ്ക്കിരുവശവും ചെവികൾ തന്ന അങ്ങയുടെ കാരുണ്യത്തിനുമുന്നിൽ കൈകൂപ്പുന്നേ” എന്നെങ്ങാനും ഭക്തശിരോമണികൾ പറയുമോ എന്നോർക്കുമ്പോൾ ഒരു നെഞ്ചിടിപ്പാണ്. ദൈവമാണെങ്കിലും ചില അന്തസ്സും അഭിമാനവുമൊക്കെ ആർക്കുമില്ലേ.സൂക്ഷ്മവും സ്ഥൂലവുമായ സകലതിനും സാക്ഷിയായ ദൈവമേ എന്നുംവിളിച്ച് കൊറോണ പ്രതിരോധ സ്യൂട്ടുമിട്ടുവരുന്ന പാവം വിശ്വാസികൾ എന്നെ ട്രോളുകയാണെന്ന് അവരുപോലുമറിയുന്നില്ലല്ലോ. നരകത്തിലെ വിറകുകൊള്ളികളായ യുക്തിവാദികൾപോലും എന്നെ ഇങ്ങനെ ട്രോളിയിട്ടില്ലെന്ന് എനിക്കല്ലേ അറിയൂ!
ങാ!വരുന്നതുവരട്ടെ..ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കാം.വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് മറ്റൊരു ഐഡിയയും കിട്ടുന്നില്ല
ദൈവം
ഒപ്പ്

Previous articleസോഷ്യലിസത്തിന് ഒരു തിരിച്ചുവരവ് സാധ്യമാണോ?
Next articleഎന്റെ ജലജ!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.