മനുസ്മൃതി ഭരണഘടനയാക്കിയ അനന്തപുരിയുടെ നീചൻ, അഥവാ രാജാവ് നഗ്നനായിരുന്നു

479

രാജഭക്തന്മാരുടെ ധാരാളം പോസ്റ്റുകൾ സുപ്രീംകോടതി വിധിയെ സംബന്ധിച്ച് വിളംബരഘോഷയാത്രകൾ നടത്തുന്നത് കാണുന്നു.തലക്കരവും മുലക്കരവും തടിക്കരവും താടിക്കരവും മീശക്കരവും തുടങ്ങി പരശ്ശതം നികുതികൾ ചുമത്തി പ്രജകളെ പിഴിഞ്ഞെടുത്ത കൊടുംക്രൂരന്മാരും സുഖലോലുപന്മാരുമായിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തിനുമുന്നിൽ ജനാധിപത്യം എക്കാലവും തലയുയർത്തിത്തന്നെ നിൽക്കണം.BTW പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഴുവൻ അവകാശവും തിരുവിതാംകൂർ രാജകുടുംബത്തിന് വിട്ടുകൊടുത്തു എന്നല്ല വിധിയായി വാർത്തകളിൽ കണ്ടത്.രാജകുടുംബത്തിന് ക്ഷേത്രസമിതിയിൽ അവകാശം കൊടുത്തു എന്നാണ് മനസ്സിലാക്കിയത്. കോടതിവിധിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട് .ശബരിമല ക്ഷേത്രഭരണത്തിൽ ആ കണക്കിൽ ആദിവാസി ഗോത്രസമൂഹങ്ങൾക്കും അവകാശം കിട്ടുമോ?കോടതിവിധി കേട്ടപാതി കേൾക്കാത്ത പാതി മതവികാരങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി രാജഭക്തി ഛർദ്ദിക്കുന്ന ജനാധിപത്യത്തിന്റെ അഭിനവ വിപ്ലവകാരികൾക്ക് ആദരാഞ്ജലികൾ


Rejeesh Palavila എഴുതുന്നു

മനുസ്മൃതി ഭരണഘടനയാക്കിയ അനന്തപുരിയുടെ നീചൻ, അഥവാ രാജാവ് നഗ്നനായിരുന്നു

രാജാക്കന്മാര്‍ക്കിടയിലെ സംഗീതജ്ഞന്‍..സംഗീതജ്ഞന്‍മ്മാര്‍ക്കിടയിലെ രാജാവ്‌..ശാസ്ത്രപരിപോഷകന്‍ ..ആധുനിക പരിഷ്കര്‍ത്താവ് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ കൊണ്ട് വാഴ്ത്തപ്പെടുന്നു സ്വാതിതിരുന്നാള്‍ രാമവര്‍മ്മ!അതിന്നിടയില്‍ അത്രയൊന്നും ആരും കേള്‍ക്കാത്ത ഒന്നാണ് ‘അനന്തപുരിയിലെ നീചന്‍ ‘ എന്ന പ്രയോഗം .ആര്‍ഷഭാരതത്തില്‍(?) ‘മുലക്കരവും തലക്കരവും തടിക്കരവും മീശക്കരവും ‘ കൊണ്ട് സമ്പത്ത് വികസിപ്പിച്ച തിരുവിതാംകൂറിന്റെ ‘ധര്‍മ്മരാജ്യ’ത്ത് പട്ടികളെ പോലെ ജീവിക്കേണ്ടി വന്ന ഒരുപറ്റം മനുഷ്യരുടെ അവസ്ഥകണ്ട് പോരാടാന്‍ ഇറങ്ങിയ സാക്ഷാല്‍ വൈകുണ്ഠസ്വാമികളാണ് സ്വാതി തിരുന്നാളിനെ ഇങ്ങനെ വിളിച്ചത് .അത്രയ്ക്കായിരുന്നു രാജാവിന്റെ പ്രജാവാത്സല്യം!

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ബീവത്സമായ രാജവാഴ്ചയെക്കുറിച്ച് രാജകണ്ണിയില്‍ പെട്ട ലക്ഷ്മി രഘുനന്ദനന്‍ (റാണി ലക്ഷ്മിഭായിയുടെ ചെറുമകള്‍) എഴുതിയ ”At the turn of the tide -The life and time of maharani Sethulekshmi bhai-The last Queen of Travancore ” എന്ന പുസ്തകവും പ്രൊഫ:എ .ശ്രീധരമേനോന്‍ രചിച്ച ”Triumph and Tragedy in Travancore ” എന്ന പുസ്തകവും ചരിത്രത്തിലെ മറച്ചു വയ്ക്കപ്പെട്ട രാപകലുകളെ വെളിപ്പെടുത്തുന്നു !തന്‍റെ മകനെ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ മാറത്ത് സമര്‍പ്പിച്ചു കൊള്ളുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സ്വാതിയുടെ മാതാവ് റാണി ഗൌരി ലെക്ഷ്മിഭായ്‌ തന്‍റെ മകനെ മഹാരാജാവാക്കാന്‍ കേണല്‍ മന്റ്രോയുടെ അടുത്ത് ചെന്നത് .സ്വാതിയുടെ രാജഭരണകാലം തുറന്ന കണ്ണുകളോടെ പഠിക്കുമ്പോള്‍ രാജാവിനെക്കുറിച്ച് കേട്ടതെല്ലാം വെറും സ്തുതിപാഠങ്ങള്‍ മാത്രമാണ് എന്ന് ബോധ്യപ്പെടുന്നു.

പി.ശങ്കുണ്ണി മേനോൻ എഴുതിയ തിരുവിതാംകൂർ ചരിത്രം 313-ാം പേജിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ യോഗ്യത വർണ്ണിക്കുമ്പോൾ പയുന്നത് “….. മഹാരാജാവിന് ‘മനുസംഹിത’ നന്നായി അറിയാമായിരുന്നു.” അങ്ങനെ മനുസ്മൃതി കലക്കികുടിച്ച രാജാവ് തന്റെ ഭരണത്തിന്റെ നാൾവഴികളിൽ ചെയ്തുകൂട്ടിയതും മനുസ്മൃതി തന്റെ ഭരണഘടനയാക്കുകയിരുന്നു.ബ്രാഹ്മണരെ ഊട്ടലും അവർണ്ണജാതികളെ ആട്ടലും രാജാവിന് പ്രിയപ്പെട്ട വിനോദങ്ങളായിരുന്നു.കഴുവേറ്റൽ, ചിത്രവധം, കെട്ടിത്താഴ്ത്തൽ, ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ, പുലിക്കുട് തുടങ്ങി കൊടുംക്രൂരമായ പ്രാകൃത ശിക്ഷാരീതികൾക്ക് ‘സംഗീതലോലനായ’ സ്വാതി തിരുന്നാളിന്റെ കാലത്ത് ഒരു കുറവും ഉണ്ടായിരുന്നില്ല.ജാതിവ്യവസ്ഥയുടെ ഏറ്റവും കിരാതമായ അദ്ധ്യായങ്ങൾ തിരുവിതാംകൂറിന്റെ ‘ധർമ്മരാജ്യത്ത്’ നിന്ന് വായിക്കുമ്പോൾ എന്തൊക്കെ കുറവുകളുണ്ടെങ്കിലും തിരുത്തി തിരുത്തി നന്നാക്കാൻ എല്ലാ സാധ്യതകളുമുള്ള ജനാധിപത്യസംവിധാനങ്ങളോട് അതിന്റെ സൗന്ദര്യത്തോട് സ്വന്തം നീതിബോധത്തിൽ വെളിച്ചമുള്ള ഏതൊരു മനുഷ്യനും ആദരവ് തോന്നും!

രാജാക്കന്മാരുടെ കൂലിക്കാരും ഭക്തന്മാരുമായ ചരിത്രകാരന്മാർ നിറംപിടിപ്പിച്ച് എഴുതിയ അമ്മൂമ്മ കഥകൾ മാത്രം വായിച്ചിട്ടുള്ളവർക്ക് തിരുവിതാംകൂർ രാജകുടുംബമെന്നും രാജാവെന്നുമൊക്കെ കേൾക്കുമ്പോൾ കോൾമയിർ ഉണ്ടായേക്കാം.രാജകുടുംബത്തിലെ അംഗങ്ങൾ ആരെങ്കിലും മരണപ്പെട്ടാൽ രാജാവ് നാടു നീങ്ങിയെന്ന് രാജാവിന് നാടില്ലാത്ത ആധുനികലോകത്തും എഴുതിപ്പിടിപ്പിക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും ചക്കരക്കഥകളിലും കൽപ്പ്പനാ ചരിതങ്ങളിലുമാണ് താല്പര്യമുള്ളത്.ഭൂതകാലത്തിലേക്ക് കടന്നുചെല്ലാനും കണ്ണടയില്ലാതെ മുൻവിധികളില്ലാതെ വായിക്കാനും തയ്യാറാവുക എന്നാൽ മനസ്സിലെ സോ കോൾഡ് വിഗ്രങ്ങളെ ഉടച്ചെറിയാൻ ധൈര്യപ്പെടുക എന്നുകൂടിയാണ്.കാരണം ചരിത്രത്തിലെ യാഥാർത്ഥ്യങ്ങൾ പലപ്പോഴും അപ്രിയ സത്യങ്ങളായിരിക്കും. രാജാവ് നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം പതിത ജനതയെ മാറ്റി നിർത്തിക്കൊണ്ടു തന്നെയായിരുന്നു എന്നത് മറക്കാവുന്നതല്ല!

സ്വാതിയുടേത് എന്ന് പറയപ്പെടുന്ന അനവധി സംഗീതകൃതികളെ സംബന്ധിച്ച് കവി വയലാർ രാമവർമ്മ ഉൾപ്പടെയുള്ളവർ സൂചിപ്പിച്ചിട്ടുള്ള അനേകം വിവാദങ്ങളും തർക്കങ്ങളുമുണ്ട്.കുറിപ്പ് നീണ്ടുപോകും എന്നതുകൊണ്ട് അതിലേക്ക് തൽക്കാലം കടക്കുന്നില്ല. പാട്ടിനെ പാട്ടായി കേൾക്കാനും ആസ്വദിക്കാനും രാജഭക്തിയുടെ ആവശ്യമില്ലാത്തതുകൊണ്ട് കച്ചേരികൾ കേൾക്കുമ്പോൾ ഘനം തോന്നാറില്ല.മറിച്ച് സ്വാതി തിരുന്നാൾ എന്ന് കേൾക്കുമ്പോഴെല്ലാം അയ്യാ വൈകുണ്ഠ സ്വാമികളുടെ ‘അനന്തപുരിയുടെ നീചൻ’ എന്ന ആ ധീരമായ വിളികൂടി ചരിത്രത്തിൽ നിന്ന് മുഴങ്ങാറുണ്ട്.
ചെവിയോർത്താൽ ആർക്കുമത് കേൾക്കാം!
രജീഷ് പാലവിള
14/07/2020

Advertisements