ഉത്തർപ്രദേശ് പോലീസ് എന്ന ഗുണ്ടാസംഘം രാജ്യത്തിനാകെ അപമാനമാണ്

63

രജീഷ് പാലവിള (Rejeesh Palavila)

ഉത്തർപ്രദേശ് പോലീസ് എന്ന ഗുണ്ടാസംഘം രാജ്യത്തിനാകെ അപമാനമാണ്.കേട്ടുകേൾവിയുണ്ടോ ഇങ്ങനെ ഒരു സംഭവം ലോകത്തെവിടെയെങ്കിലും.ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി ദാരുണമായി കൊല്ലപ്പെട്ട ഒരു പാവപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം സ്വന്തം അച്ഛനമ്മമാർക്ക് പോലും കണ്ണുനിറഞ്ഞൊന്ന് കാണുവാൻ അനുവദിക്കാതെ പോലീസ് സംരക്ഷണത്തിലാക്കുക ,
പെൺകുട്ടിയുടെ ഉറ്റവരുടെ ആചാരവിശ്വാസങ്ങൾക്കനുസരിച്ച് അവളുടെ ഭൗതിക ശരീരം മറവുചെയ്യാൻ വിട്ടുകൊടുക്കാതെ അനാഥശവംപോലെ വിജനമായൊരിടത്ത് പോലീസുകാർ കത്തിച്ച്‌ കളയുക, ബന്ധുക്കളെ വീട്ടു തടങ്കലിൽ പാർപ്പിക്കുക, പുറത്തുനിന്നും ഒരാൾക്കും എത്തിച്ചേരാൻ കഴിയാത്ത തരത്തിൽ വീടും പരിസരവും പോലീസുകാരുടെ നിയന്ത്രണത്തിലാക്കുക,
സ്ഥലത്ത് 144 പ്രഖ്യാപിക്കുക,ഗ്രാമവാസികളെ വിരട്ടിയോടിക്കുക,കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും പോലീസ് നടപടികളിൽ പ്രതിഷേധിക്കാനും മുന്നോട്ടുവന്ന രാഹുൽ ഗാന്ധിയേയും പ്രിയങ്കയേയും ഉൾപ്പടെ ദേശീയ രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവർത്തകരേയും വഴിതടയുക,അവരുടെ വാഹനങ്ങൾക്ക് വരാനുള്ള അനുവാദം നിഷേധിക്കുക,കയ്യാങ്കളി നടത്തി പരമാവധി ബുദ്ധിമുട്ടിക്കുക,ഒരു ജനപ്രതിനിധി എന്ന പരിഗണനപോലും നൽകാതെ രാഹുൽ ഗാന്ധിയെ തള്ളിമറിച്ചിടുക,
ബലാത്സംഗം എന്നതിന് നിയമത്തിൽ കൃത്യമായ നിർവ്വചനങ്ങൾ ഉണ്ടെന്നിരിക്കെ ഇപ്പോൾ ഒടുവിലായി ആ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറൻസിക് പരിശോധനാ ഫലങ്ങൾപോലും വരുന്നതിനുമുമ്പേ പോലീസ് പ്രഖ്യാപിക്കുക.ഇതെന്തൊരു ഭീകര രാജ്യമാണ്.ഒരു ഭരണാധികാരി എന്ന നിലയിൽ സാമൂഹിക വിഷയങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ പരാജയമായ, മനുഷ്യത്വത്തിന്റെ കണികപോലും അവശേഷിക്കാത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാക്കിഗുണ്ടകൾ രാജ്യത്തിൻറെ ഭരണഘടനയേയും നിയമവാഴ്ചയേയും പരിഹസിക്കുകയാണ്.
പ്രതികരിക്കുക ..പ്രതിഷേധിക്കുക
#JusticeForManishaValmiki
#JusticeForManisha