മതവിമർശനം മൗലികാവകാശമായി പ്രഖ്യാപിച്ച ഫ്രഞ്ച് സർക്കാരിനെ ചുമലിലേറ്റിക്കൊണ്ട് ആർപ്പ് വിളിക്കുന്നവർ വായിക്കാൻ ”ഗോവയിലെ ശില്പ സിംഗ് ടീച്ചറും ഫ്രാൻസിലെ സാമുവലിനെപ്പോലെ ഒരു ടീച്ചറാണ്”

  150

  Rejeesh Palavila

  മതവിമർശനം മൗലിക അവകാശമായി പ്രഖ്യാപിച്ച ഫ്രഞ്ച് സർക്കാരിനെ ചുമലിലേറ്റിക്കൊണ്ട് ആർപ്പ് വിളിക്കുന്ന സംഘികൾ വായിക്കാൻ
  ”ഗോവയിലെ ശില്പ സിംഗ് ടീച്ചറും ഫ്രാൻസിലെ സാമുവലിനെപ്പോലെ ഒരു ടീച്ചറാണ്”

  ഫ്രാൻസിൽ അദ്ധ്യാപകന്റെ തലവെട്ടിയ ഇസ്ലാമിക തീവ്രവാദിയോടും ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അയാളെ ന്യായീകരിക്കുകയും അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മതവെറിയന്മാരോടും ഫ്രഞ്ച് ജനത നടത്തുന്ന പോരാട്ടത്തോട് ലോകത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ഒരു മതവും വിമർശനത്തിന് അതീതമല്ല എന്ന ഉറച്ച ബോധ്യത്തിന്മേലാണ്.ഏതു വേഷത്തിൽ വന്നാലും മതഭീകരത ബഹുജനസമൂഹത്തിന് ആപത്താണ് എന്ന് ഉറക്കെ പറയാനാണ്.മതാന്ധതയുടെ ഏതൊരു ജനക്കൂട്ടവും മാനവികതയുടെ ശത്രുവാണ് എന്ന് ഓർമ്മിപ്പിക്കാനാണ്.ഈ ലോകം ഏതെങ്കിലും മതകഥാപുസ്തകത്തിലെ ദൈവഹിതമനുസരിച്ചല്ല മുന്നോട്ടു പോകുന്നതെന്നും ആധുനിക മനുഷ്യന്റെ ജനാധിപത്യ നീതിബോധത്തിനുമുന്നിൽ ഇന്നല്ലെങ്കിൽ നാളെ പ്രാകൃത ഗോത്ര മതബോധങ്ങളെല്ലാം ആയുധം വച്ച് കീഴടങ്ങും എന്നുകൂടി വിളിച്ചുപറയാനാണ്.

  ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഭീകരതയോട് യുദ്ധം പ്രഖ്യാപിച്ച ഫ്രഞ്ച് സർക്കാറിന്റെ നടപടികളെ അത്തരത്തിൽ ആവേശത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.ഏതൊരു മതമൗലികവാദവും തുലയട്ടെ എന്ന് നിരുപാധികം പറയാൻ കഴിയില്ലെങ്കിൽ ഫ്രഞ്ച് ജനതയോടുള്ള ഐക്യദാർഢ്യങ്ങളെല്ലാം കേവല നാടകം മാത്രം.
  ”ഞാൻ സാമുവലാണ്” എന്ന് നമുക്കിടയിൽ പറയുന്നവരുടെ കൂട്ടത്തിൽ സംഘികളും ഉണ്ടെന്നത് വല്ലാത്തൊരു ഐറണിയാണ് എന്നതിന് എന്തെങ്കിലും വിശദീകരണം വേണമെന്ന് തോന്നുന്നില്ല.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി ഭരിക്കുന്ന ഗോവയിലെ VM Salgaocar College of Law യിലെ പൊളിറ്റിക്കൽ അദ്ധ്യാപികയായ ശില്പാ സിംഗിനെതിരെ സംഘപരിവാറിന്റെ വിദ്യാർത്ഥി സംഘടന നടത്തുന്ന സമരത്തിന്റെയും ഭീഷണിയുടെയും വാർത്തകൾ.

  തന്റെ ക്ലാസ്സുകളുടെ ഭാഗമായി രോഹിത് വെമുല,എം.എം.കൽബുർഗി,നരേന്ദ്ര ദാഭോൽക്കർ തുടങ്ങിയവരെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചുമൊക്കെ ടീച്ചർ പറയുന്നത് ‘ഹിന്ദുവിരുദ്ധമായി’ പ്രഖ്യാപിച്ച ഒരുകൂട്ടം വിദ്യാർത്ഥികൾ ടീച്ചറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.പ്രത്യേക മതത്തിനും സംസ്കാരത്തിനുമെതിരെ അവർ പഠിപ്പിക്കുന്നു മതവിരുദ്ധന്മാരെ ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുന്നു എന്നൊക്കെയാണ് പരാതി.ടീച്ചറിനെതിരെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാത്ത പക്ഷം കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഭീഷണി.അത് ചൂണ്ടിക്കാണിച്ചുകൊണ്ട് കോളേജ് അധികാരികൾക്ക് കത്ത് നൽകിയിരിക്കുകയാണ് ABVP! ഒക്ടോബർ 23 ന് അതായത് കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ചാണ് ഈ പറയുന്നതെന്ന് ഓർക്കണം.
  ഗോവ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പാസ്സായ ഒരു ടീച്ചർ തന്റെ തൊഴിൽ രംഗത്ത് നേരിടുന്ന ഒരവസ്ഥയാണിത്.അതും നിയമ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ.!
  രോഹിത് വെമുലയെക്കുറിച്ചോ കൽബുർഗിയെക്കുറിച്ചോ ദാഭോൽക്കറെക്കുറിച്ചോ പറയുമ്പോൾ ഹിന്ദുത്വവാദികൾക്ക് എന്തുകൊണ്ട് പൊള്ളുമെന്ന് അവരുടെ ജീവിതത്തിന്റെ നാൾവഴികളും അവരുടെ ജീവിതാന്ത്യത്തെക്കുറിച്ചും അന്വേഷിച്ചവർക്കറിയാം.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഊർജ്ജം പേറുന്ന ABVP വിദ്യാർത്ഥികൾക്ക് ആ ടീച്ചർ അസുഖകരമായ ക്‌ളാസ്സ് സൃഷ്ടിക്കുന്നതായി തോന്നുന്നതിൽ അതിശയോക്തിയില്ല.

  തന്റെ അക്കാദമിക് സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും തടയുന്നതും തന്നെ കൊല്ലുന്നതിന് തുല്യമാണ് എന്നാണ് ടീച്ചർ ധീരമായി പ്രതികരിക്കുന്നത്.ടീച്ചർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹപ്രവർത്തകരും ഇതര കോളേജ് അദ്ധ്യാപകരും ഒരുപറ്റം വിദ്യാർത്ഥികളും കൂടെയുണ്ട് എന്നത് ആശ്വാസകരംതന്നെ.എന്നിരുന്നാലും സംഘപരിവാർ ഭീഷണി നിലനിൽക്കുന്നുണ്ട് എന്നത് അവഗണിക്കേണ്ട വിഷയമല്ല.കോളേജിന് പുറത്തുള്ള ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ പരാതിക്കാരോടൊപ്പം ചേരുന്നു എന്നതും തേർഡ് പാർട്ടി അന്വേഷണകമ്മിറ്റികൾ ഈ വിഷയത്തിൽ ഇടപെടുന്നു എന്നതുമായ വാർത്തകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
  ഭയത്തോടെ പഠിപ്പിക്കാൻ ഒരദ്ധ്യാപകനും ഇടവരരുത് എന്ന ഫ്രാൻസിലെ മാറ്റൊലി കേട്ട് കോൾമയിർ കൊള്ളുന്ന കഠിന- മൃദുല-നിഷ്പക്ഷ- സംഘികൾ ശില്പ ടീച്ചരുടെ ‘ഭയത്തെക്കുറിച്ചും’ ശ്രദ്ധിക്കുമല്ലോ.തങ്ങളുടെ ചക്കരവിശ്വാസങ്ങൾ ഒഴികെ ബാക്കിയെല്ലാം ചോദ്യം ചെയ്യപ്പെട്ടു കൊള്ളട്ടെ എന്ന വികല വെളിപാടുകൾ ഉള്ളവരുണ്ടെങ്കിൽ വഴിയിൽ നിന്ന് മാറിനിൽക്കുക!
  അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനും നിരുപാധികമായ പിന്തുണ നൽകുന്നവരുടെ ഐക്യദാർഢ്യം ശില്പ ടീച്ചറിന് ഉണ്ടാവട്ടെ ..

  24-10-2020