വിശുദ്ധരുടെ അത്ഭുത പ്രവൃത്തികളുടെ തെളിവുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ

482

വിശുദ്ധരുടെ അത്ഭുത പ്രവൃത്തികളുടെ തെളിവുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ

രജീഷ് പാലവിള എഴുതുന്നു
1.ഒന്നുവീതം നാലുനേരം മധ്യസ്ഥപ്രാർത്ഥനകൾ നടത്താൻ കഴിയുന്ന വിശുദ്ധ-1
2.സഭാ മാനേജ്മെന്റിന്റെ കീഴിലുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രി -1
3.മോഡേൺ മെഡിസിന്റെ സഹായത്താൽ ജീവന്റെ ഓരോ സ്പന്ദനവും നേടുന്ന രോഗി- 1
4.മാനേജ്മെന്റിന്റെ താല്പര്യത്തിന് അനുസരിച്ച് സ്വന്തം മെഡിക്കൽ എത്തിക്സ് പണയപ്പെടുത്താൻ തയ്യാറാവുന്ന വിദഗ്ദ്ധനായ, മെഡിക്കൽ രംഗത്ത് അനുഭവ സമ്പത്തുള്ള ഡോക്ടർ -1(അന്യ മതത്തിൽ പെട്ട ഡോക്ടറാണെങ്കിൽ അത്യുത്തമം),നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ആവശ്യത്തിന്
5.ആശുപത്രിയുടേയും മരുന്നുകളുടേയും ചികിത്സയുടേയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് സമാന്തരമായി സഭാവിശ്വാസങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാനും രോഗി സുഖം പ്രാപിച്ചാൽ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഉപകാര സ്മരണ പറയാൻ തയ്യാറായി നിൽക്കുന്ന ബന്ധുക്കൾ-10 ഓ 15 ഓ (ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും സർക്കാർ ജോലിക്കാർക്കും മുൻഗണന)
6.മെഡിക്കൽ സാങ്കേതിക സംവിധാനങ്ങളുടേയും മരുന്നുകളുടേയും സമയോചിതമായ വിദഗ്ദ്ധ പരിചരണത്തിന്റെയും ശുശ്രൂഷകളുടേയും ഇടപെടലുകളിലൂടെ രോഗി സുഖം പ്രാപിച്ചാൽ ‘ഫയൽമാൻ ജയിച്ചേ’ എന്ന മട്ടിൽ വിശുദ്ധയ്ക്ക് വേണ്ടി പ്രചരണം നടത്താനുള്ള സഭാ പുരോഹിതന്മാരും സുവിശേഷകരും -ഇടവകകളുടെ എണ്ണം അനുസരിച്ച് ആവശ്യത്തിന്
7.വിശുദ്ധയുടെ മധ്യസ്ഥപ്രാർത്ഥനയുടെ ‘വിജയം’ മെഡിക്കൽ സാങ്കേതിക പദങ്ങളും വിശുദ്ധയുടെ ജീവിത നാൾവഴികളും കൂട്ടിയോജിപ്പിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എഴുതാൻ കഴിയുന്ന ബുദ്ധിജീവികൾ-രണ്ടോ മൂന്നോ (നമ്മുടെ അരിപ്രാഞ്ചിക്ക് പത്മശ്രീ കിട്ടാൻ കഥയെഴുതിക്കൊടുത്ത പോലത്തെ ആളെങ്കിൽ ഒന്ന് മതിയാകും)
8.അനുഭവസാക്ഷ്യങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ മനോരമ മുതൽ പ്രവാചക ശബ്ദം വരെയുള്ള പ്രാദേശിക ഭാഷാ പത്രമാധ്യമങ്ങളും ആവശ്യം അനുസരിച്ച് അന്യഭാഷാ പത്രങ്ങളും സോഷ്യൽ മീഡിയായുടെ സാധ്യതകളും
9.എന്തുകേട്ടാലും തൊണ്ട തൊടാതെ വിഴുങ്ങുന്ന വിശ്വാസികൾ-എണ്ണമോ പ്രായമോ പ്രശ്നമല്ല.അന്യ മതത്തിൽ പെട്ട വിശ്വാസികളെക്കൂടി ഉൾപ്പെടുത്തുന്നവർക്ക് പ്രത്യേക പ്രോത്സാഹനം
10.സാമൂഹികവും രാഷ്ട്രീയവുമായ പിന്തുണയും പ്രതാപവും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ,എഴുത്തുകാർ,സാംസ്‌കാരിക നായകർ ,പല പാർട്ടികളിൽപെട്ട രാഷ്ട്രീയക്കാർ- ഒരു ടൂറിസ്റ്റ് ബസിൽ കൊള്ളാവുന്ന അത്രയും.(ഏതെങ്കിലും നിരീശ്വരവാദിയെക്കൂടി ചാക്കിലാക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ കൊഴുക്കും)
11.അനുഭവ സാക്ഷ്യങ്ങളും മെഡിക്കൽ ബുള്ളറ്റിനുകളും മൊത്തം കഥാചരിത്രങ്ങളും വത്തിക്കാനിൽ തപാൽ മാർഗ്ഗമോ ദൂതൻമാർ വഴിയോ എത്തിക്കാനുള്ള സംവിധാനങ്ങൾ,മറ്റ് ആസൂത്രണങ്ങൾ, ചടങ്ങുകൾ,പി ആർ ഓ ജോലികൾ,യാത്രാവിവരണങ്ങൾ
12.വിശുദ്ധയുടെ കബറിടം ഉള്ള പള്ളിയിലേക്കുള്ള പുതിയ കാണിക്ക വഞ്ചി -വലുത് 10, ചെറുത് 5
13.വിശുദ്ധയുടെ ജന്മനാട്ടിലെ തീർത്ഥാടന-കച്ചവട സാധ്യതകൾ വിലയിരുത്താനും നടപ്പാക്കാനുമുള്ള ഉത്സാഹ കമ്മിറ്റിക്കാർ -ആവശ്യത്തിന്
ഇത്രയുമൊക്കെ ആയാൽ വിശുദ്ധ റെഡി, ആമേൻ !