തലോടുമ്പോഴും ആ കുഞ്ഞിന്റെ മുഖം അവനിൽ ഒരു ചലനവുമുണ്ടാക്കിയില്ല !

804

Rejeesh Palavila എഴുതുന്നു 

ശ്രീലങ്കയിൽ കിരാതമായ ഭീകരാക്രമണം നടത്തിയതിന്റെ CNN ന്യൂസ് പുറത്തുവിട്ട ഒരു CCTV ദൃശ്യത്തിൽ നിന്നുമാണ് ഈ ചിത്രം. ഈസ്റ്റർ പ്രാർത്ഥനയ്ക്ക് ആളുകൾ തടിച്ചുകൂടിയ സെന്റ് സെബാസ്റ്റിയൻ പള്ളിയിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച ബാഗുമായി വരുന്ന ചാവേർ വഴിമധ്യേ ഒരു കുട്ടിയെ തലോടുന്ന രംഗമാണ് ഇത്.കുട്ടിയെ തലോടുമ്പോഴും ആ കുഞ്ഞിന്റെ മുഖം അവനിൽ ഒരു ചലനവുമുണ്ടാക്കിയില്ല.തലച്ചോറിൽ നിറഞ്ഞുനിന്ന മതവിഷം അവനെ മുന്നോട്ടു നടത്തിച്ചിട്ടുണ്ടാവണം.അങ്ങനെ വിവിധ പ്രായത്തിലുള്ള എത്രയോ കുഞ്ഞുമക്കളുണ്ടായിരുന്ന പള്ളിയിലാണ് അവൻ സ്വയം പൊട്ടിത്തെറിച്ചത്!

Rejeesh Palavila
Rejeesh Palavila

ന്യൂസ്‌ലാൻഡ് മുസ്‌ലിം പള്ളിയിൽ വെടിവയ്പ്പ് നടത്തിയ വംശവെറിയന്റെ ഇസ്ലാമിക വേർഷനാണ് ഇവിടെ കണ്ടത്.അവിശ്വാസികളെ കൊന്നുമുടിച്ച് ചെല്ലുമ്പോൾ സ്വർഗ്ഗം കിട്ടുമെന്ന് അവന്റെ തലയിൽ കുത്തിക്കേറ്റി വച്ചിരിക്കുന്ന മതഭ്രാന്താണ്‌ കുറ്റബോധമില്ലാതെ പൊട്ടിത്തെറിക്കാനുള്ള ഇത്തരം ‘വിശുദ്ധനരനായാട്ടിന്’ പ്രേരണ!ഇത്തരത്തിൽ മതഭ്രാന്ത് ബാധിച്ച് മനുഷ്യത്വം പൂർണ്ണമായി മരവിച്ച് അപകടകരമായ ന്യൂറോതകരാറുമായി ജീവിക്കുന്ന ആളുകൾ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾക്കിടയിൽ എണ്ണംകൊണ്ട് ചെറുതാണെങ്കിലും അവർ സൃഷ്ടിക്കുന്ന ഭീതിയും അപകടങ്ങളും മുഴുവൻ സമൂഹത്തിനും നൽകുന്ന അരക്ഷിതത്വബോധം അത്രമേൽ വലുതാണ്.ശ്രീലങ്കയ്ക്കും നമുക്കുമിടയിൽ ഏറെ ദൂരമില്ല!മരണത്തിന്റെ മരവിപ്പിൽ നീറുന്ന അയൽരാജ്യത്തിന്റെ ദുഃഖം നാം തിരിച്ചറിയേണ്ടതുണ്ട്.തീവ്രവാദം ഏതുരൂപത്തിൽ വന്നാലും പ്രതിരോധിക്കേണ്ടതുണ്ട്.

സ്വസമുദായങ്ങൾക്കിടയിൽ തീവ്രമതവിശ്വാസികളായി ആളുകൾ മാറുന്നതിനെക്കുറിച്ച് ഓരോ വിഭാഗത്തിനും കൂടുതൽ ജാഗ്രതയുണ്ടായേ മതിയാകൂ!മതകഥാപുസ്തകങ്ങൾക്കും അതിന്റെ തീവ്രവ്യാഖ്യാതാക്കൾക്കും ഇതിൽ കുറ്റകരമായ പങ്കുണ്ട്.സമാധാനപ്രിയരായ ബഹുഭൂരിപക്ഷങ്ങൾ തങ്ങൾക്കിടയിലെ ചെകുത്താന്മാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.ഒരുകൂട്ടം യുവാക്കൾ എന്തുകൊണ്ട് റാഡിക്കൽ വിശ്വാസികളായി മാറുന്നു എന്നത് ചിന്തിക്കേണ്ടതുണ്ട്.ദയാഹീനരായ ഭ്രാന്തമാരായി പരിവർത്തനം ചെയ്യുന്ന ഈ മനുഷ്യർ മുഴുവൻ മാനവിതയുടേയും ശത്രുക്കളാണ്.ഓരോ തീവ്രവാദത്തിനുപിന്നിലും മതമുണ്ട്.ആളുകളെ കലാപകാരികളും ചാവേറുകളുമായി പ്രോഗ്രാം ചെയ്യാൻ തിരുവെഴുത്തുകളും വചനങ്ങളും ഉപയോഗിക്കാം എന്നത് തർക്കമില്ലാത്ത കാര്യമാണ്.അതുകൊണ്ട് തന്നെ മതമൗലികവാദത്തിന് എതിരെ നിൽക്കേണ്ട ചുമതല ഓരോരുത്തർക്കുമുണ്ട്.പലപ്പോഴും ഇത്തരം ചർച്ചകൾക്കിടയിൽ തീവ്രവാദികളെ തള്ളിപ്പറയുന്നതിനു പകരം തങ്ങളുടെ മതത്തെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടുകളാണ് പലരും നടത്തുന്നത്.

ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്ത് എന്ന ഒരു ചെറിയ റാഡിക്കൽ ഗ്രൂപ്പാണ് ISIS സഹായത്തോടെ അമേരിക്കയിലെ 9/11 അക്രമത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായി കണക്കാക്കുന്ന ശ്രീലങ്കൻ തീവ്രവാദ ആക്രമണം നടത്തിയത് എന്നത് മറക്കാൻ പാടില്ലാത്ത കാര്യമാണ്.സമാനപേരിലുള്ള ഒരു സംഘടന തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നുണ്ട് എന്നും വാർത്തകളിൽ കണ്ടു.ശ്രീലങ്കയേയും ലോകത്തെയേയും നടുക്കിയ ഈ ഭീകരാക്രമണത്തിൽ മുന്നൂറിലേറെപേരാണ് ഇതുവരെ മരണപ്പെട്ടത്..അതിലും ഇരട്ടിയിലധികം ആളുകൾ ദാരുണമായ പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നു.ഇതിൽ നിന്നൊക്കെ നമുക്ക് വായിച്ചെടുക്കാനും പഠിക്കാനും ധാരാളം പാഠങ്ങളുണ്ട്.ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും വർഗ്ഗീയതയും മതരാഷ്ട്രീയവാദവും മുഴുവൻ സമൂഹത്തിന്റെയും ശത്രുവാണ്.അതിനെ രണ്ടിനേയും തള്ളിപ്പറയുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.രക്തരൂക്ഷിതമായ ഇരുണ്ട ലോകങ്ങളിലേക്ക് നമ്മെ തള്ളിയിടാൻ ആരെയും അനുവദിക്കരുത്!

മതവർഗ്ഗീയതതുലയട്ടെ
ഫാസിസവും വിഘടനവാദവും തുലയട്ടെ
മതങ്ങൾതന്നെ തുലയട്ടെ ..
മാനവികത പുലരട്ടെ!

Rejeesh Palavila
24/04/2019