കോട്ടയത്തെ ശവസംസ്കാര വിവാദവും പള്ളിക്കാര്യവും

124

Rejeesh Palavila

കോട്ടയത്തെ ശവസംസ്കാര വിവാദവും പള്ളിക്കാര്യവും.

പൊതുശ്‌മശാനത്തിലെ ശവസംസ്‌കാരം തടയാനെത്തിയ ബിജെപി നേതാക്കളുടേയും അവർ കുത്തിയിളക്കിയ ആൾക്കൂട്ടത്തിന്റെയും പ്രധാന ആരോപണം എന്തുകൊണ്ട് പള്ളിയിൽ അടക്കാതെ ചുടുകാട്ടിൽ കൊണ്ടുവന്നു എന്നതാണ്.കൊറോണ ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ ശരീരം അവിടെയുള്ള വൈദ്യുത ശ്‌മശാനത്തിൽ ദഹിപ്പിച്ചാൽ അതിൽനിന്നുയരുന്ന പുകയിലൂടെ കൊറോണ വൈറസുകൾ കൂട്ടംകൂട്ടമായി പ്രദേശത്താകെ പടരുമെന്ന സംഘി നേതാവിന്റെ താത്വിക അവലോകനം കൂടി വന്നപ്പോൾ പ്രദേശവാസികൾ പരിഭ്രാന്തരാവുകയും ചെയ്തു.

ഒരു പൊതുശ്‌മശാനത്തിൽ എത്തപ്പെടുന്ന ഒരു മൃതദേഹം എന്തുകൊണ്ട് പള്ളിയിൽ അടക്കിയില്ല എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല.കാരണം ‘പൊതു’ എന്ന വാക്ക് എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ്.ചുടുകാട്ടിൽ ആറടി മണ്ണിന്റെ അവകാശം ജാതിമത ഭേദമന്യേ ഓരോ മനുഷ്യനുമുണ്ട്.ആ മൃതദേഹം നമ്മുടെ ഉറ്റവരോ ഉടയവരോ നമ്മളോ തന്നെ ആണെന്ന് കണ്ടാൽ തീരുന്ന പകയും വിദ്വേഷവും ആശങ്കയുമേ അതിലുള്ളൂ.കൊറോണ നാളെ നമുക്ക് വരുമോ എന്ന് ഒരുറപ്പുമില്ല.ചിലപ്പോൾ വരില്ലായിരിക്കാം.നമ്മുടെ മരണത്തിന് മറ്റൊരു കാരണമാകാം.അപ്പോഴും മരണം ഒരുനാൾ വരുമെന്ന് അത്രമേൽ ഉറപ്പുണ്ട്.ആ ബോധ്യത്തെക്കാൾ വലിയ ആത്മജ്ഞാനമൊന്നും ഒരു കൈലാസം കേറിയാലും ആർക്കും കിട്ടില്ല.ദേഹം നശിക്കുന്നു ദേഹി ജീവിക്കുന്നു എന്നതും മരണാനന്തര ജീവിതവുമൊക്കെ സൂക്ഷ്മതയിൽ മരണഭയത്തിൽ നിന്നുളവായതും എപ്പോഴും ജീവിക്കാനുള്ള ആശയിൽ നിന്നുമുണ്ടായ മുഗ്ദ്ധ ഭാവനകളാണ്.മതകഥാപുസ്തകങ്ങൾ പറഞ്ഞ നിറമുള്ള മനക്കോട്ടകൾ.ജീവനോടെ നമുക്കിടയിൽ ഉണ്ടായിരുന്ന ഒരാളുടേതാണ് ആ മൃതദേഹം.ഏതായാലും വിവാദങ്ങൾക്കൊടുവിൽ മൃതദേഹം അവിടെ തന്നെ ദഹിപ്പിച്ചു.അവിടെ അപമാനിതരായ ആരോഗ്യ പ്രവർത്തകരോടും പോലീസുകാരോടും ആത്യന്തികമായി ആ മൃതദേഹത്തോടും കേരളം മാപ്പ് ചോദിക്കട്ടെ.

ഇനി പള്ളിക്കാര്യത്തിലേക്ക് വരാം.എന്തുകൊണ്ടാവും പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ കഴിയാഞ്ഞത്.കോവിഡ് ബാധിച്ച് മരണപ്പെട്ട ഒരാളെ അടക്കം ചെയ്യാൻ കൂടുതൽ താഴ്ചയുള്ള കുഴിവേണം.മറ്റു സുരക്ഷാ സംവിധാനങ്ങൾ വേണം.എല്ലാ പള്ളി സെമിത്തേരികളിലും അത് പ്രായോഗികമാകണമെന്നില്ല.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിൽ കൊറോണ ബാധിച്ച് മരിച്ച ഒരാളെ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് അടക്കം ചെയ്ത വാർത്തകൾ കണ്ടത് ഇതോടൊപ്പം ഓർക്കുന്നു.കോവിഡ് ബാധയാൽ മരണപ്പെട്ട ആളുടെ മൃതദേഹം ദഹിപ്പിക്കുന്നത് കൂടുതൽ അഭികാമ്യമാണ് എന്നാണ് WHO ഉൾപ്പടെ വിലയിരുത്തിയിട്ടുള്ളത്.കഴിഞ്ഞ മാസം തൃശൂർ അതിരൂപത കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ശ്‌മശാനങ്ങളിൽ ദഹിപ്പിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിരുന്നു.ദഹിപ്പിച്ച ഭസ്മം പിന്നീട് പള്ളികളിൽ ചടങ്ങുകളോടെ അടക്കം ചെയ്യാം എന്നും സർക്കുലറിൽ പറയുന്നുണ്ട്.

ക്രിസ്തുമത വിശ്വാസപ്രകാരം ദഹിപ്പിക്കുക എന്നത് മതവിരുദ്ധമായ കാര്യമാണ്.മതവിശ്വാസങ്ങളെ അടിമുടി വെല്ലുവിളിച്ച ഒരു വൈറസിനുമുന്നിൽ മാർപാപ്പയ്ക്ക് പോലും കുർബാന കൊടുക്കാൻ പറ്റിയില്ല എന്നത് വേറെ കാര്യം.ആ നിലയിൽ സംഘടിത മതസ്ഥാപനങ്ങൾക്ക് രാജ്യത്തെ കൊറോണ പ്രോട്ടോക്കോളുകൾക്ക് അനുസരിച്ച് സർക്കുലർ ഇറക്കാതെ തരമില്ല.
കോട്ടയത്തെ വിവാദ ശവസംസ്കാരത്തിൽ പറയുന്ന പള്ളിയുടെ അവസ്ഥ അറിയില്ല.പള്ളി വക ശ്‌മശാനത്തിൽ ഇടമുണ്ടായിട്ടും അത് നിഷേധിച്ചതാണോ ആരോഗ്യപ്രവർത്തകരുടെ അഭ്യർത്ഥന മൂലം ചെയ്തതാണോ എന്നൊന്നുമറിയില്ല.മേൽ സൂചിപ്പിച്ചപോലെ പൊതുശ്‌മശാനത്തിൽ അടക്കാൻ അങ്ങനെ എന്തെങ്കിലും കാരണം ഏതെങ്കിലും ആൾക്കൂട്ടത്തെ ബോധ്യപ്പെടുത്തേണ്ടതില്ല.അതൊരു ഭരണകൂടത്തിന്റെ ഇച്‌ഛാശക്തികൊണ്ട് നിശ്ചയിച്ചപോലെ നടന്നുകൊള്ളും.

കൂട്ടത്തിൽ പറയണമല്ലോ ,മൃതദേഹങ്ങളുടെ സംസ്കാരവുമായി ബന്ധപ്പെട്ട് പള്ളികളുടെ ചരിത്രം അത്ര വിശുദ്ധകഥകൾ നിറഞ്ഞതൊന്നുമല്ല.കുടിശ്ശിക കണക്കുകൾ നിരത്തി മൃതദേഹം വച്ച് വിലപേശിയ പുരോഹിതന്മാരുടെ നെറികേടുകൾ കേരളം എത്രയോ തവണ കണ്ടിട്ടുണ്ട്.കോവിഡിന്റെ കാര്യത്തിലാകട്ടെ അജ്ഞതയും അന്ധവിശ്വാസവും പുലർത്തുന്ന ആളുകൾ ആ കൂട്ടത്തിലുമുണ്ട്.തൃശൂരിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഡിന്നി ചാക്കോ എന്ന യുവാവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് രണ്ടുദിവസമാണ് ജില്ലാഭരണകൂടത്തിന് ചർച്ച ചെയ്യേണ്ടി വന്നത്.എതിർപ്പുമായി വന്ന വിശ്വാസികൾ കൂട്ടംകൂടുകയും ബഹളം വയ്ക്കുകയും ചെയ്തപ്പോൾ പ്രദേശത്ത് 144 പ്രഖ്യാപിക്കേണ്ടി വന്നു.മാരത്തോൺ ചർച്ചകൾക്കൊടുവിൽ ആ പള്ളിയിൽ തന്നെ മൃതദേഹം അടക്കം ചെയ്ത വാർത്തയും കേരളം കണ്ടതാണ്.പരേതന്റെ മൃതദേഹം പള്ളിയിൽ തന്നെ അടക്കണമെന്ന് ബന്ധുക്കളും അത് പറ്റില്ലെന്ന് പറഞ്ഞ പള്ളിക്കാരും പട്ടക്കാരുമായിരുന്നു അവിടെ ഭരണകൂടത്തിന്റെ തലവേദന.പൊതു ശ്‌മശാനങ്ങളിൽ മൃദദേഹം ദഹിപ്പിച്ച് അതിന്റെ ഭൗതികാവശിഷ്ടം പള്ളികളിൽ ചടങ്ങുകളോടെ സംസ്കരിക്കാം എന്ന തൃശൂർ അതിരൂപതയുടെ സർക്കുലർ പിറന്നതും അതിന്റെ പിന്നാലെയാണ്.

കൊറോണയുടെ എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് അടക്കം ചെയ്യാൻ സാഹചര്യമുള്ള എല്ലാ സൗകര്യവും ഉള്ള ഏതെങ്കിലും സെമിത്തേരിയിൽ പരേതരുടെ മൃതദേഹം അടക്കം ചെയ്യണമെന്ന് ബന്ധുക്കൾ ആഗ്രഹിക്കുകയും പള്ളിക്കാരും പട്ടക്കാരും കോട്ടയത്ത് കണ്ട സംഘി നേതാക്കളെ പോലെ കലിതുള്ളുകയും ചെയ്താൽ പുരോഹിതന്മാരുടെ മാന്ത്രികവടികൾക്ക് മുന്നിൽ പതറാത്ത അരിയാഹാരം കഴിക്കുന്ന അച്ചായന്മാർ അതിൽ ഇടപെടുകയും കാര്യങ്ങൾ സമാധാനത്തോടെ നടത്തിക്കുകയും ചെയ്യണം.ഭരണകൂടങ്ങൾക്ക് അതിൽ ഇടപെടാൻ പരിമിതികളുണ്ടാകും .പൊതുശ്‌മശാനം നിർദ്ദേശിക്കുക മാത്രമാണ് അവർക്ക് ചെയ്യാനുണ്ടാവുക. പൊതുശ്‌മശാനം ആർക്കും വേണ്ടി സംവരണം ചെയ്യപ്പെട്ടിട്ടില്ല എന്ന് കേരളം ഉറക്കെ പറയണം. വിവാദങ്ങൾക്കും വിലപേശലുകൾക്കും മുന്നിൽ എവിടെയും ആരുടെയും മൃതദേഹം അപമാനിക്കപ്പെട്ടു കിടക്കാതിരിക്കട്ടെ!
Break the chain