സർക്കാർ ജോലിക്കു കിട്ടുന്ന പ്രിവിലേജിന്റെ മനഃശാസ്ത്രം അന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുക വിവാഹകമ്പോളങ്ങളിലാണ്

91

സന്ദേശം സിനിമ പോലെ തങ്ങളുടെ രാഷ്ട്രീയലാഭത്തിന് ശവം തട്ടിപ്പറിക്കാൻ പോലും മടിക്കാത്തവർ ഉള്ളപ്പോൾ വായിക്കണം ഇതുപോലുള്ള പോസ്റ്റുകൾ

Rejeesh Palavila എഴുതുന്നു

ജോലി ഇല്ലായ്മയാണ് മരണകാരണം എന്ന് സൂചിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഒരു യുവാവ് ആത്മഹത്യ ചെയ്ത ദാരുണമായ വാർത്ത വായിച്ചു.അദ്ദേഹം ഉൾപ്പെട്ടിരുന്ന പിഎസ്സ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യപ്പെട്ടതിന്റെ നിരാശയാണ് മരണത്തിന് പിന്നിലെന്നും പറഞ്ഞുകേൾക്കുന്നു. പിഎസ്സ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യപ്പെടാൻ ഉണ്ടായ സാങ്കേതിക കാരണങ്ങൾ എന്ത് തന്നെയായാലും അതിന്റെ പേരിൽ ആത്മഹത്യക്ക്, ജീവിതത്തിൽ ഇനിയും എത്രയോ വര്ഷം ജീവിക്കേണ്ടിയിരുന്ന ഒരു യുവാവിനെ പ്രേരിപ്പിച്ചത് നിർഭാഗ്യകരമാണ്. ഇതൊരു രാഷ്ട്രീയ വിഷയമായി ഉയർത്തിക്കാട്ടി പലരും കൊടിപിടിച്ചു വരുന്നുണ്ട്. അനവധി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വാകാര്യ വൽക്കരിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകളുടെ ‘സർക്കാർജോലി’ വെള്ളത്തിൽ വരച്ചുമായ്ച്ച കേന്ദ്രസർക്കാരിനോട് ഒരു പരാതിയും ഇല്ലാത്തവരുടെ മുതലക്കണ്ണീർ അവർക്കിടയിൽ ഉച്ചത്തിൽ മുഴങ്ങുന്നതും കാണാം!
ഈ മരണത്തിന്റെ യഥാർത്ഥ വില്ലൻ ആരാണ്? സർക്കാർജോലി കിട്ടിയില്ലെങ്കിൽ ആളുകൾ ആത്മഹത്യ ചെയ്യാൻ തുടങ്ങിയാൽ നാടിന്റെ കഥയെന്താകും? കോടിക്കണക്കിന് ആളുകൾ അധിവസിക്കുന്ന ഒരു സംസ്ഥാനത്ത് എല്ലാവർക്കും സർക്കാർജോലി എങ്ങനെ കിട്ടും?സർക്കാർജോലി ഇല്ലാത്തവർ അയോഗ്യരാണോ? ജീവിക്കാൻ മറ്റൊരു മാർഗ്ഗവും ഭൂമിയിൽ ഇല്ലാത്തവരാണോ?സർക്കാർജോലിയെ ചൊല്ലി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിക്കുന്ന വൈകാരികതകൾ ഒരു സാമൂഹികപ്രശ്നമായി വളരുന്നത് കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സർക്കാർജോലി എന്നത് വലിയ പ്രിവിലേജ് കിട്ടുന്ന ഒന്നാണ്.അതിന്റെ ആത്യന്തികമായ മനഃശാസ്ത്രം അന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുക വിവാഹകമ്പോളങ്ങളിലാണ്.’സർക്കാർ ജോലിക്കാരൻ’ എന്നത് ഏറ്റവും അധികം ഡിമാന്റുള്ള ഒരു മേഖലയാണ് തെക്കൻ ജില്ലകളിലെ വിവാഹ കമ്പോളങ്ങൾ.ഏതുവിധവും ഒരു സർക്കാർജോലി നേടുക എന്നത് ഒരു വലിയ ലക്ഷ്യമായി ഈ ചെറുപ്പക്കാരുടെ മനസ്സുകളിൽ കുത്തിവച്ചത് വിവാഹ-സ്ത്രീധന വ്യവസ്ഥകളാണ് അല്ലെങ്കിൽ അതിന്റെ ഉപോല്പന്നങ്ങളായി സമൂഹത്തിൽ വളർന്നുപന്തലിച്ച ധാരണകളാണ്. സർക്കാർജോലി എന്നത് ഒരുതരം ഭ്രാന്തമായ ആവേശമായി വളർത്തിയെടുക്കപ്പെടുകയാണ്.

പിഎസ്സ്സി പരീക്ഷാ പരിശീലനങ്ങൾ,ബാങ്കിംഗ് കോച്ചിംഗ് സെന്ററുകൾ തുടങ്ങിയ അനേകം സ്ഥാപനങ്ങൾ കൂണുപോലെ തെക്കൻ ജില്ലകളിൽ മറ്റെങ്ങും ഇല്ലാത്തവിധം മുളച്ചുപൊന്തി നിൽക്കുന്നത് കാണാം.മത്സരബുദ്ധിയോടെ പഠിച്ച് സർക്കാർജോലി നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ..അനവധി വർഷങ്ങൾ കഷ്ടപ്പെട്ട് പഠിച്ച് ,ലക്ഷകണക്കിന് ആളുകളോട് മത്സരിച്ച് സർക്കാർജോലിയിൽ എത്തിച്ചേരുന്ന വലിയൊരു ഗുസ്തിമത്സരമാണ് ജീവിതം എന്നായി തീർന്നിട്ടുണ്ട്.അതി ദാരുണമാണ് ഈ അവസ്ഥ.തെക്കൻ കേരളത്തിൽ നിന്ന് ഈ വൈറസ് ബാധ വടക്കോട്ടും നീങ്ങുന്നുണ്ട്.

ഈ ചക്രവ്യൂഹത്തിൽ നിന്നും നമ്മുടെ ചെറുപ്പക്കാർ പുറത്തുകടക്കണം.സർക്കാർജോലിക്ക് ശ്രമിക്കുന്നതും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതുമൊക്കെ നല്ലകാര്യങ്ങളാണ്.പക്ഷെ ജീവിതം സർക്കാർജോലിക്ക് വേണ്ടിയുള്ള അഗ്നിപരീക്ഷയാണ് എന്നൊന്നും കരുതിയേക്കരുത്. ലോകത്തെവിടെയും ഇത്തരം വിഷമവൃത്തങ്ങളിൽ ആളുകൾ കുടുങ്ങികിടക്കുന്നില്ലെന്നും ജീവിക്കാൻ ഏതു ജോലിചെയ്യാനും തയ്യാറായി ജീവിതത്തെ ആഘോഷമായി കൊണ്ടാടുന്നവരുണ്ടെന്നും തിരിച്ചറിയണം.സർക്കാർജോലി കിട്ടിയില്ലെങ്കിൽ ജീവിതത്തിലെ എന്തോ മഹത്തായത് നഷ്ടപ്പെട്ടു എന്നിങ്ങനെ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്ന പൊതുധാരണകളെ ഉടച്ചുവാർത്തില്ലെങ്കിൽ ഇതിന്റെയൊക്കെ പേരിൽ സമ്മർദ്ദത്തോടെ ജീവിക്കുന്ന ചെറുപ്പക്കാരെയും ആത്മഹത്യകളെക്കുറിച്ചും നാം ഇനിയും കേൾക്കേണ്ടി വരും. പരസ്പരാശ്രിത സമൂഹത്തിൽ എല്ലാത്തരം ജോലികൾ ചെയ്യാനും ആളുകൾ വേണം.ഏതുജോലിയും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം.സമൂഹത്തിന്റെ കാഴ്ചപ്പാട് കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടേണ്ടതുണ്ട്. അത് നാം നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം.