പാമ്പിന് അറിയില്ലല്ലോ കുപ്പിക്കുള്ളിലേക്ക് വന്നത് തങ്ങളെ ‘അതിഥിയായി’ കാണുന്ന, താലോലിക്കുന്ന വാവാ സുരേഷിന്റെ കൈയ്യാണെന്ന്!

151
Rejeesh Palavila
ഒരാൾ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴാണോ ചെറ്റത്തരം പറയുന്നത് എന്ന് ചില വെട്ടുകിളി ഫാൻസ്‌കാർക്ക് തോന്നാം.അവർ നെറ്റി ചുളിക്കാം.അത് കാര്യമാക്കുന്നില്ല.ഈ വിഡിയോ കണ്ടപ്പോൾ ഈ രീതിയിലാണെങ്കിൽ പാമ്പിനെ പിടിക്കാൻ ഈ മനുഷ്യനെ സർക്കാർ ഇനി അനുവദിക്കാതിരിക്കുകയാണ് അദ്ദേഹത്തിനും പൊതുസമൂഹത്തിനും നല്ലത് എന്ന് തോന്നി.
വിഷബാധയിൽ നിന്നും വാവാ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്ത സന്തോഷമുള്ള കാര്യമാണ്.അദ്ദേഹം ആരോഗ്യം വീണ്ടെടുക്കട്ടെ.അതോടൊപ്പം എല്ലാ ബഹുമാനത്തോടും സ്നേഹത്തോടും വാവാ സുരേഷിനോട് പൂർണ്ണമായും വിയോജിക്കുകയും ,പ്രതിഷേധിക്കുകയും ചെയ്യുന്നു.യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇദ്ദേഹം പാമ്പിനെ പിടിക്കുന്നത് എന്നത് പുതിയ വിമർശനമല്ല.കാര്യങ്ങൾ അങ്ങനെയാണ് എന്ന് മാത്രമല്ല വിഷം കടിച്ചു തുപ്പാൻ കലിയോടെ ഇരിക്കുന്ന അപകടകാരിയായ ഒരു പാമ്പിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ തന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് നല്കാൻപോലും കൂട്ടാക്കാതെ തികച്ചും അലംഭാവത്തോടെ സുരേഷ് പാമ്പിന്റെ വായിലേക്ക് തന്റെ കൈകൊണ്ട് വച്ചുകൊടുക്കുകയാണെന്ന് ഈ വിഡിയോയിൽ വളരെ വ്യക്തമാണ്.പാമ്പിനെ കുപ്പിയിലേക്ക് കൈകടത്തി എടുക്കാൻ ശ്രമിക്കുമ്പോഴും അവിടെ നിൽക്കുന്ന ആരോടോ കൈകാണിച്ചും സംസാരിച്ചുംകൊണ്ടാണ് നിസ്സാരമായി മരണത്തിന്റെ വാതിലിലേക്ക് അദ്ദേഹം തന്നെ വലിച്ചെറിയുന്നത്.
വാവ സുരേഷിന് പാമ്പുകടിയേൽക്കുന്ന വീഡിയോ

പാമ്പിന് അറിയില്ലല്ലോ കുപ്പിക്കുള്ളിലേക്ക് വന്നത് തങ്ങളെ ‘അതിഥിയായി’ കാണുന്ന, താലോലിക്കുന്ന വാവാ സുരേഷിന്റെ കൈയ്യാണെന്ന്! അതിന് പ്രകൃതി നൽകിയിട്ടുള്ള അതിജീവന മാർഗ്ഗം പ്രാണരക്ഷാർത്ഥം പ്രയോഗിക്കുക മാത്രമാണ് പാമ്പ് ചെയ്തത്.ഇതൊക്കെ നമ്മളെക്കാളും നന്നായി സുരേഷിന് അറിയുകയും ചെയ്യാം.എന്നാലും സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അദ്ദേഹത്തിന് ഒട്ടും സ്വീകാര്യമല്ല എന്ന രീതി ആത്മഹത്യാപരവും ദ്രോഹവുമാണ്!അണലിയുടെ കടിയേറ്റ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കുപ്പി താഴേക്ക് വീഴുന്നത് വീഡിയോയിൽ കാണാം.ആ സമയത്ത് പാമ്പ് പുറത്തേക്ക് ഇറങ്ങി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് പോകാതിരുന്നത് നേട്ടമായി.അണലിയുടെ സ്ഥാനത്ത് വേഗത്തിൽ ഇഴയാൻ കഴിയുന്ന മറ്റൊരു പാമ്പായിരുന്നുവെങ്കിൽ ഈ സാഹചര്യത്തിൽ കാര്യങ്ങൾ എങ്ങനെയാകുമായിരുന്നു എന്ന് ചിന്തിച്ചപ്പോൾ കൂടുതൽ ഭയം തോന്നി!

ആളുകൾക്ക് മുന്നിൽ പാമ്പുകളെ പ്രദർശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എല്ലായ്‌പ്പോഴും ഇത്തരത്തിൽ വെല്ലുവിളികൾ നിറഞ്ഞതാണ്.തിക്കും തിരക്കും കൂട്ടി ആളുകൾ നിൽക്കുന്നതിന്റെ ഇടയിൽ തന്നേക്കാൾ പൊക്കമുള്ള രാജ വെമ്പാലയെയൊക്കെ കയ്യിലെടുത്തും ചുംബനം നൽകിയും വാവാ സുരേഷ് തന്റെ ‘ധീരത’ കാണിക്കുന്നത് ആശങ്കകളോടെ അല്ലാതെ കണ്ടിരിക്കാൻ ആർക്ക് കഴിയും?
സുരക്ഷയെക്കുറിച്ച് ബോധമില്ലാത്തവരുടെ ധീരത വിഡ്ഢിത്തമാണെന്ന് പറയാതെ വയ്യ.അത്തരം വിമർശനത്തെ വൈകാരികമായി എടുക്കുന്നതിന് പകരം എല്ലാവർക്കും മാതൃകയായി സുരക്ഷാ മുൻകരുതലുകളോടെ പാമ്പുകളെ പിടിക്കാൻ തയ്യാറാവുകയാണ് അദ്ദേഹം ചെയ്യേണ്ടത്.അല്ലാത്തപക്ഷം ദയവ് ചെയ്ത് ഈ പരിപാടിക്ക് ഇറങ്ങരുത്.സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലുകളും അർത്ഥപൂർണ്ണമാകണമെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ അദ്ദേഹവും അത് പാലിപ്പിക്കാൻ അധികാരികളും തയ്യാറാകണം.
സുരക്ഷാ സംവിധാനങ്ങൾ കൂടാതെ പാമ്പുകളെ പിടിക്കുന്നതും പ്രദർശിപ്പിക്കുന്നതും കർശനമായി നിരോധിക്കപ്പെടണം.ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുന്നത് എത്രമാത്രം സുരക്ഷാ പ്രശ്‌നമുള്ളതും നിയമലംഘനവുമാണോ അതുപോലെയോ അതിനേക്കാളോ ഗൗരവമുള്ള പ്രശ്നമാണ് വിഷപ്പാമ്പുകളെ പിടിക്കുന്നതും പ്രദർശിപ്പിക്കുന്നതുമെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വാവാ സുരേഷിന് ഉൾപ്പടെ നമുക്ക് എല്ലാവർക്കുമുണ്ട്. വാവാ സുരേഷിനെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും അദ്ദേഹം ആരോഗ്യവാനായി അനേകകാലം ജീവിച്ചിരിക്കണം എന്നാഗ്രഹിക്കുന്നവരാണ്.അതിന് വെല്ലുവിളിയാകുന്ന അരക്ഷിതമായ സാഹസങ്ങളിൽ നിന്നും അദ്ദേഹം പിന്തിരിയണം.
Advertisements