സിനിമ എന്ന കലാരൂപത്തിന് ഒരു രാഷ്ട്രീയത്തെ മാത്രമേ പുകഴ്‌ത്താവൂ എന്നത് തികഞ്ഞ സാംസ്‌കാരിക ഫാസിസമാണ്

45

Watch Varavelpu | Prime Videoവരവേൽപ്പ് എന്ന സിനിമ ഇടതുവിരുദ്ധം എന്ന് അഭിപ്രായപ്പെട്ടുകൊണ്ടു മെയ്ദിനത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ആ വേളയിൽ ധാരാളം ഇടതുപക്ഷ സിനിമ പ്രേക്ഷകർ ആ അഭിപ്രായത്തെ ശരിവയ്ക്കുന്ന ലേഖനങ്ങൾ എഴുതി. ബൂലോകത്തിൽ അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. അവയ്ക്കുള്ള മറുപടിയായി ഈ ലേഖനം എഴുതുന്നത് : Reji Dev


കേരളത്തിലെ സിനിമാ മേഖലയിൽ – അതായത് തിരക്കഥ ,സംവിധാനം ഛായാഗ്രഹണം കാഴ്ച എന്നിവയിലെല്ലാം ഇടതുപക്ഷ ചിന്തകളുടെ സ്വാധീനം കാലാകാലങ്ങളായി പ്രകടമാണ് . 1970 ൽ പുറത്തിറങ്ങിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ചിത്രത്തിൽ തുടങ്ങി ഇങ്ങു ട്രാൻസിൽ വരെ ആ സ്വാധീനം പ്രകടമാണ്. ഇടതുപക്ഷ രാഷ്ട്രീയവും സിദ്ധാന്തവും ലോകോത്തരമാണെന്നും ,അതിലെ പ്രവർത്തകർ നന്മയുടെ പര്യായമാണെന്നും പറയാതെ പറയുന്ന സിനിമകളാണ് എല്ലാക്കാലവും ഈ കേര നാട്ടിൽ ഇറങ്ങിയിട്ടുള്ളത് . ലാൽ സലാമിലെ മുരളി മുതൽ ഇയ്യോബിന്റെ പുസ്തകത്തിലെ ഫഹദ്, ക്ലാസ് മേറ്റ്സിലെ പൃഥ്വിരാജ് തുടങ്ങി സി ഐ എ യിലെ ദുൽഖർ വരെ ലോകത്തെ നന്നാക്കാനും ,തിന്മയെ തോൽപ്പിക്കാനും ഇടതുപക്ഷ നായകൻമാർക്ക് ചുമതല നൽകുന്നവയാണ് . സിനിമകളിൽ തന്നെ മോശം ഇടതുപക്ഷക്കാരനുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും , അയാൾ അവസാനം തിരുത്തപ്പെടുകയോ ,നായകനായ ഇടതുപക്ഷ പ്രവർത്തകനാൽ നിഗ്രഹിക്കപ്പെടുകയോ ചെയ്യും .

ഇപ്പോൾ ഈ എഴുത്ത് എഴുതാൻ കാരണം എന്താണെന്ന് അല്ലെ ? നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിലാണ് കൂടുതൽ ഇടതുപക്ഷ പ്രൊപ്പഗാണ്ട സിനിമകൾ കുറച്ചുകൂടെ ബുദ്ധിപരമായി ഇറങ്ങുന്നതെന്ന് തോന്നുന്നു . വരത്തനിലെ പി സി ജോർജ് നെതിരായ ചുമരെഴുത്ത് ആയാലും , ക്ലാസ്സ്‌മേറ്റ്സിലെ ജയസൂര്യയുടെ കഥാപാത്രം ആയാലും ,ഇയ്യോബിന്റെ പുസ്തകത്തിലെ നായക കഥാപാത്രത്തിന്റെ വിപ്ലവ ചിത്രമായാലും അങ്ങനെ ഡയറക്റ്റ് ആയി ഇടതുപക്ഷ രാഷ്ട്രീയം പറയുന്നതിനോടൊപ്പം തന്നെ , ബിംബങ്ങൾ വഴിയും കഥാപാത്രങ്ങൾക്ക് നൽകുന്ന ഷെഡ്സ് വഴിയും ഇടതുപക്ഷ രാഷ്ട്രീയം എന്നാൽ മേന്മയുള്ളതാണെന്ന് പറയാതെ പറയുന്ന സിനിമകൾ . എതിർ രാഷ്ട്രീയക്കാരെ കൃത്യമായ ഇടങ്ങളിൽ മോശക്കാരായി ചിത്രീകരിക്കാൻ ഇത്തരം സിനിമകൾ ഉപയോഗിക്കപ്പെടും ചെയ്യുന്നു .

Good: (Malayalam) Varavelpu (1989) | Good Tamil Filmsസിനിമയിൽ ഇങ്ങനെ ചെയ്തുകൂടാ എന്നുള്ള അഭിപ്രായം എനിക്കില്ല .പക്ഷെ ,അത്തരത്തിലുള്ള സിനിമകൾ എടുക്കുന്നവർ വഴികാട്ടികളാവുകയും , ഇടതുപക്ഷ രാഷ്ട്രീയത്തിന് എതിർ രാഷ്ട്രീയം പറയുന്ന സിനിമകളും , കുറച്ചു കൂടി ആഴത്തിലേക്കിറങ്ങി രാഷ്ട്രീയം പറയുന്ന സിനിമകളും , വ്യാപകമായി ഡീഗ്രേഡ് ചെയ്യപ്പെടുന്ന പ്രവണത ഇന്ന് കൂടുതലാണ് . ഇത്തരം സിനിമകളോടുള്ള വിദ്വേഷം കാരണം ,അല്ലെങ്കിൽ അത്തരം സിനിമകൾ എടുക്കുന്ന പ്രവർത്തകർ വേറെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നത് കാരണം ആ സിനിമകളുമായി ബന്ധപ്പെട്ട സകലതിനെയും ,അവ എത്ര മികച്ചതാണെങ്കിലും അവഗണിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട് .
ഉദാഹരണത്തിന് ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന സിനിമ മുന്നോട്ട് വെച്ച ചില കാഴ്ചപ്പാടുകളോട് യോജിക്കുന്ന വ്യക്തിയല്ല ഞാനും. പക്ഷെ , വട്ട് ജയനായി ഇന്ദ്രജിത്ത് നടത്തിയത് മുഖ്യധാരാ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് . കെ എൽ 10 എന്ന സിനിമ എത്ര പോരായ്മകളുണ്ടെങ്കിലും അമ്പല നടയിൽ തനിച്ചു നിൽക്കുന്ന അമ്പിളി അമ്മാവൻ തന്നെയാണ് .

വൈറസ് സിനിമയിൽ ശൈലജ ടീച്ചർക്ക് പ്രാതിനിധ്യം കുറഞ്ഞുപോയി എന്ന തരത്തിൽ വ്യാപക പ്രചാരണം പല സിനിമാ ഗ്രൂപ്പുകളിലും നടന്നിരുന്നു . അതുമായി ബന്ധപ്പെട്ട് ആ സിനിമയുടെ അണിയറ പ്രവർത്തകരായ ,ഇടതുപക്ഷ രാഷ്ട്രീയം പറയാത്ത കലാകാരന്മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ലെവൽ വരെ അത് നീണ്ടു . അന്ന് സ്ത്രീകൾക്ക് വേണ്ടി വാദിച്ച സകല ഇടതുപക്ഷ പ്രവർത്തകരോടും ,വരവേൽപ്പിനെയൊക്കെ തങ്ങളുടെ അജണ്ട വെച്ച് വിശദീകരിക്കുന്ന ആളുകളോടും എനിക്ക് ചോദിക്കാനുള്ളത് ഇതാണ് . നമ്മുടെ തലമുറയിലിറങ്ങിയ ഏതു ഇടതുപക്ഷ പ്രൊപ്പഗാണ്ട സിനിമകളിലാണ് സ്ത്രീ മുഖ്യ കഥാപാത്രമായുള്ളത് ?? ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള എത്ര സിനിമകളാണുള്ളത് ? 2000 ത്തിനു ശേഷം മാത്രമെടുക്കാം നമുക്ക് . നമ്മുടെ ഇടയിൽപോലും ഇറങ്ങിയ സകല ഇടതുപക്ഷ സിനിമകളും പുരുഷന്മാർ നായകന്മാരായ ,അവരുടെ കാഴ്ചകളും അഭിപ്രായങ്ങളും പ്രേക്ഷകരിലേക്ക് പകരുന്ന സിനിമകൾ തന്നെയല്ലേ ?? പുരുഷന്മാർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമകൾ .

ഇനി സിനിമയുടെ അണിയറ പ്രവർത്തകരുടെ കണക്കെടുക്കാം . എത്ര സ്ത്രീകളുണ്ട് ഇടതുപക്ഷ സിനിമാ സംവിധായകരിൽ ? എത്ര സ്ത്രീ ഛായാഗ്രാഹകരുണ്ട് ? എത്ര സ്ത്രീ എഡിറ്റർ മാരുണ്ട് ?? അപ്പൊ നമ്മൾ പുരുഷന്മാർ ഫെമിനിസം പറഞ്ഞു മറ്റു പുരുഷന്മാരെ വിധിക്കാൻ ഇറങ്ങുന്നതിന് മുന്നേ സ്വന്തം ഇടങ്ങൾ കൂടെ പരിശോധിക്കുന്നത് നല്ലതല്ലേ ? ഇനി ,ഇത്തരം സിനിമകളിലെ സ്ത്രീ വിരുദ്ധത കൂടെ ഇവിടെ പേരെടുത്തു പറഞ്ഞു എഴുതാത്തത് അത് ചെയ്യാനുള്ള സ്ത്രീകൾ നമ്മുടെ ഇടയിൽ തന്നെയുള്ളത് കൊണ്ടാണ് .രഞ്ജി പണിക്കർ തന്റെ സിനിമകളി ലൂടെ ആക്രമിച്ചത്ഇടതുപക്ഷത്തിന് എതിരെ പക്ഷത്ത് നിലകൊള്ളുന്ന രാഷ്ട്രീയക്കാരെയാണ് ആക്രമിച്ചിട്ടുള്ളത് .അതെ സമയം , ഇതുവരെയിറങ്ങിയ ഇടതുപക്ഷ സിനിമകളെല്ലാം നായകന്മാരായ പുരുഷന്മാരുടെ കഥകൾ ആണെന്നുള്ളത് മറ്റൊരു തമാശ. സ്ത്രീകളെ പോലീസായും ,പൈലറ്റ് ആയും , അത്ലറ്റ് ആയിട്ടുമൊക്കെ ചിത്രീകരിക്കുന്നതാണ് നവ മലയാള സിനിമ .പക്ഷെ അതെല്ലാം പുരുഷ കാഴ്ചകളിലെ സ്ത്രീ ജീവിതങ്ങൾ മാത്രമാണെന്നുള്ളത് രസകരമായ വസ്തുതയാണ് . സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം നൽകുന്ന ഒരു വീടാണ് മലയാള സിനിമാ മേഖല . അതെ, കൊറോണ കാലത്തിനു മുന്പിറങ്ങിയ മുഖ്യധാരാ സിനിമകൾ വരെ അത്തരത്തിലുള്ളത് തന്നെയാണ് . ഇതേ ഡയലോഗ് ഫേമസ് ആക്കിയ കുമ്പളങ്ങി നെറ്സ് ഉൾപ്പടെ .

സിനിമ എന്നാൽ സമൂഹത്തെ നന്നാക്കാൻ ഉതകുന്നതാകണം എന്ന ഇടതുപക്ഷ കാഴ്ചപ്പാട് അംഗീകരിക്കുന്ന വ്യക്തിയല്ല ഞാൻ. സിനിമയിൽ ഒരു കലാരൂപം എന്ന നിലയ്ക്ക് എന്ത് തരത്തിലുള്ള ആവിഷ്‌കാരത്തിനും സ്വാതന്ത്ര്യം ഉണ്ടാകണം എന്നതാണു ശരി .പ്രൊപോഗാണ്ട സിനിമകൾ അതിലേക്കുള്ള വളർച്ചയിൽ നമ്മുടെ സിനിമാലോകത്തിനു ഒരു വിലങ്ങുതടിയാണ് . മുഖ്യധാരാ സിനിമ എന്നാൽ കോടികൾ കൈമറിയുന്ന ബിസിനെസ്സാണ് . വരവേൽപ്പ് എന്ന സിനിമയിലെ തൊഴിലാളി പ്രസ്ഥാനത്തെ വായിച്ചു കീറുമ്പോൾ ,സിനിമ എന്ന തൊഴിൽമേഖലയിൽ ചൂഷണം നടക്കുന്നില്ല എന്നാണോ ? കോടികൾ ലാഭമുണ്ടാക്കുന്ന സിനിമകളിൽ അടിസ്ഥാന വർഗ്ഗ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളം മാത്രം മതി ചൂഷണത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ . അത് കോൺഗ്രെസ്സുകാരൻ എടുത്താലും ,കമ്മ്യൂണിസ്റ്റുകാരൻ എടുക്കുന്ന സിനിമയാണെങ്കിലും . ഇവയൊന്നും പ്രശ്നവത്കരിക്കാതെ സിനിമകൾ തങ്ങളുടെ രാഷ്ട്രീയത്തെ ഉയർത്തി കാട്ടിയാൽ അതുമാത്രം കണ്ടു സ്തുതിപാടുന്ന ഒരു ട്രെൻഡ് സിനിമ എന്ന കലാരൂപത്തിന് മേൽ വെക്കുന്ന കത്തിയാണ്.

ഇടതുപക്ഷ പ്രൊപോഗാണ്ട സിനിമകൾ ഇറക്കരുത് എന്നല്ല .പക്ഷെ അതിനു മാത്രം സ്വർണ്ണമെഡൽ നൽകി ബാക്കിയുള്ള സകലതിനെയും ഇടതുപക്ഷ പുരുഷ ലെന്സ് വെച്ചു അളന്നുമുറിക്കുന്നത് പിന്തിരിപ്പനാണ് .സന്ദേശം എന്ന സിനിമയിലെ പോളണ്ട് ഡയലോഗ് ,ഒരു അറബിക്കഥ ,വരവേൽപ്പ് അങ്ങനെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയങ്ങളെ .വിമർശിക്കുന്ന സിനിമകൾക്കും കഥാപാത്രങ്ങൾക്കും ഇവിടെ നിലനിൽപ്പുണ്ടാകണം .സന്ദേശം എന്ന സിനിമയിലെ പ്രഭാകരനും ,പ്രകാശനുമല്ല ,എസ് ഐ ആനന്ദൻ ആണ് എന്നെ സംബന്ധിച്ചടുത്തോളം വിലപ്പെട്ട കഥാപാത്രം . അധികാരമുള്ളവരുടെ വടംവലിയിൽ ജീവിതം കുട്ടിച്ചോറാകുന്ന വലിയൊരു ജനസമൂഹത്തിന്റെ പ്രതിനിധി .

ലാൽ സലാമിൽ നിന്ന്‌ സി ഐ എ യിലെത്തുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയം എന്നത് ചെ ഗു വേര തൊപ്പികളിലും ,ടി ഷർട്ടുകളിലും ഉപരിപ്ലവമായി നീന്തുകയാണെന്ന് പറഞ്ഞത് സിനിമാ നിരൂപക അശ്വതി ഗോപാലകൃഷ്ണൻ ആണെന്ന് തോന്നുന്നു . ഒരു ഉദാഹരണം പറയാം , കേരളത്തിലാണ് ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിലെ രണ്ടു പേർ കോപ്പി അടിച്ചു പി എസ് സി പരീക്ഷയുടെ ഒന്നാം റാങ്ക് നേടിയത് .അതു ഒരു സിനിമയായി ചിത്രീകരിക്കാനുള്ള സ്വതന്ത്ര്യമുണ്ടാകണ്ടേ ? അത്തരം ചിന്തകൾക്കുമേൽ കടിഞ്ഞാണിടുന്ന പ്രവർത്തനങ്ങൾ നമ്മുടെ ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണെന്ന് പറയാതെ വയ്യ . ഇടതുപക്ഷ രാഷ്ട്രീയം സംസാരിക്കുന്ന പുരുഷന്മാരുടെ കാഴ്ചകൾ മാത്രമല്ലല്ലോ ഈ നാട്ടിൽ ഉള്ളത് .കാഴ്ചകളും ,അനുഭവങ്ങളും ,യാഥാർഥ്യങ്ങളും പലർക്കും പലതാണു .

ഇത്തരത്തിലുള്ള ഇടപെടലുകൾ കലാകാരന്മാർക്കും ,കലാരൂപങ്ങൾക്കും നേരെ ഉണ്ടായിട്ടുള്ളത് ആദ്യമല്ല.വരവേൽപ്പിനെയും സന്ദേശത്തെയുമൊക്കെ ഡീഗ്രേഡ് ചെയ്യുന്ന സകലർക്കുമായിട്ട് അവയിലൊരു ചരിത്രം മാത്രം ഞാൻ എഴുതാം .1988 ൽ പിറവി എന്ന സിനിമയെ ഒഴിവാക്കി ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞ ഒരേ തൂവൽ പക്ഷികൾക്ക് അവാർഡ് നൽകിയത് വിവാദമായിരുന്നു .ലോകത്തിലെ ഏറ്റവും മികച്ച സിനിമകൾ മാറ്റുരക്കുന്ന കാൻസ് ചലച്ചിത്ര മേളയിൽ പോലും അവാർഡ് കരസ്ഥമാക്കിയ സിനിമയാണ് പിറവി എന്നോർക്കണം .ലോകത്താകമാനമുള്ള ഫെസ്ടിവലുകളിൽ നിന്ന് 17 അവാർഡാണ് പിറവി കരസ്ഥമാക്കിയത്.അതിൽ നാല് ദേശീയ അവാർഡും ഉൾപ്പെടും.പക്ഷെ കേരളത്തിൽ മാത്രം ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞ ഒരേ തൂവല്പക്ഷികൾക്ക് പിന്നിൽ രണ്ടാം സ്ഥാനത്തിന് മാത്രമേ പിറവിക്ക് യോഗ്യത ലഭിച്ചുള്ളൂ എന്നതാ ഒരു ദുഃഖ സത്യമാണ് .

സിനിമ എന്ന കലാരൂപത്തിന് ഒരു രാഷ്ട്രീയത്തെ മാത്രമേ പുകഴ്‌ത്താവൂ എന്നത് തികഞ്ഞ സാംസ്‌കാരിക ഫാസിസമാണ് . നമ്മുടെ തലമുറയെങ്കിലും ഉപരിപ്ലവമായ പ്രൊപോഗാണ്ടകൾ മാറ്റി നമ്മുടെ പിന്തലമുറക്കാർക്ക് പറ്റിയ തെറ്റുകൾ തിരിച്ചറിഞ്ഞു മലയാള മുഖ്യധാരാ സിനിമയെയും പ്രേക്ഷകരെയും ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള യോജിച്ച പ്രവർത്തനങ്ങളിൽ പങ്കു കൊള്ളട്ടെ .

Advertisements