മലിന മനസ്സിന്റെ മൊഴിമാറ്റം

49

Rejith Leela Raveendran

മലിന മനസ്സിന്റെ മൊഴിമാറ്റം

‘വൃത്തിഹീനം’, അധികാരത്തിലമർന്ന് ഇത്തരം വികലതകൾ പടച്ചുവിടുന്ന മനസുകളാണ് !*കോളേജിൽ ഞാൻ അവനെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഒന്നിച്ചു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സന്തോഷത്തോടെ അവൻ പറഞ്ഞു “സാറേ അച്ഛന് ജോലി കിട്ടി, കോർപറേഷനിൽ ക്ലീനിങ് ആയിട്ടാണ്. ഹോട്ടലിൽ ചായ അടിക്കുകയായിരുന്നു ഇതുവരെ ജോലി. ഈ പ്രായത്തിൽ ഈ ജോലി കിട്ടിയപ്പോൾ അച്ഛന് എന്തൊരു സന്തോഷം ആയെന്നോ.”സാധാരണ മക്കൾക്ക് ജോലി കിട്ടിയ അച്ഛന്മാരുടെ സന്തോഷം കുറേ കണ്ടിട്ടുണ്ട് ഇവിടെയിതാ ഡിഗ്രിക്ക് പഠിക്കുന്ന മകൻ അച്ഛന് ജോലി കിട്ടിയതിനെ കുറിച്ച് പറഞ്ഞു സന്തോഷിക്കുന്നു. ഞാൻ അവനെ നോക്കി ചിരിച്ചു.

ശുചീകരണ ജോലിക്ക് വൃത്തി ഹീനമായ തൊഴിലിൽ ഏർപ്പെടുന്നവർ എന്ന അങ്ങേയറ്റം വികൃതമായ പരിഭാഷ കണ്ടപ്പോൾ അവനെയും,ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുഞ്ഞുങ്ങളുടെ മുഖവും ഞാനോർത്തു. തങ്ങളുടെ അച്ഛനോ, അമ്മയോ ചെയ്യുന്നത് വൃത്തിഹീനമായ തൊഴിലാണ് എന്ന് പറയുന്നതിനേക്കാൾ വലിയ ക്രൂരത മറ്റെന്താണ്. ഈ പരിഭാഷ ഔദ്യോഗിക സംവിധാനം ഉൾപ്പെടെയുള്ളിടത് ഉപയോഗിക്കുന്നുവെന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്. അടിയന്തിരമായി തിരുത്തണം.