ഒരു മലയാള യൂട്യൂബ് ചാനലിന് എട്ടര ലക്ഷം സബ്സ്ക്രൈബേർസ് അതും ഏതാനും ദിവസങ്ങൾ കൊണ്ട്

331

Rejith Leela Reveendran​

കോളേജിൽ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ പിള്ളേരോട് ഇടക്കൊക്കെ പറയുന്നതാണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ കഞ്ഞി കുടിക്കാനുള്ള വകയല്ല ബിരിയാണി കഴിക്കാനുള്ള വകയും ഉണ്ടാക്കി തരുമെന്ന്. വീഡിയോകൾ അപ്‌ലോഡ് ചെയ്തോ, യു ട്യൂബർ ആയോ, ഇൻസ്റ്റയിലെ സോഷ്യൽ ഇൻഫ്ലുൻസർ ആയോ എത്രയെത്ര അവസരങ്ങൾ ഉണ്ടെന്നും. പക്ഷേ പിള്ളേരെല്ലാം ഷോർട് ഫിലിമിന്റെ പുറകേയാ, പലതിലും സ്ക്രിപ്റ്റ് ഇല്ല, ബൈക്ക്, കൂട്ടുകാരൻ, പാലം, നടന്നു വരുന്ന കാമുകി, തേക്കുക ഇത്രേയുള്ളൂ.

ഇപ്പോളിതാ ഒരു മലയാള യൂട്യൂബ് ചാനലിന് എട്ടര ലക്ഷം സബ്സ്ക്രൈബേർസ് അതും ഏതാനും ദിവസങ്ങൾ കൊണ്ട് , വിഡിയോകൾക്ക് 27K കമെന്റുകൾ. യൂട്യൂബിൽ തരംഗമാവുകയാണ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ആലപ്പുഴക്കാരൻ അർജുൻ(Arjyou).

ടിക്‌റ്റോക് വിഡിയോകളെ കീറിമുറിക്കലാണ് ഇദ്ദേഹത്തിന്റെ ഇപ്പോളത്തെ പരിപാടി. ഒരു മയവുമില്ലാതെ ‘പാവപ്പെട്ട കലാകാരന്മാരെ’ തേച്ചൊടിക്കുന്നുണ്ട്. കണ്ടവർക്കറിയാം ടിക് ടോക് വിഡിയോകൾ കാണുന്നതിന് അസാമാന്യ ക്ഷമ വേണമെന്നത്. ആവർത്തന വിരസതയും, ഒരേ പാട്ടുകളും, മടുപ്പിക്കുന്ന അഭിനയവുമാണ് മിക്ക വിഡിയോകളുടെയും മെയിൻ. അത് കൊണ്ടാണ് സിനിമ റിവ്യൂ എന്നത് പോലൊരു റിവ്യൂ സെഗ്മെന്റ് ഈ പ്ലാറ്റഫോമിലും ഹിറ്റാവുന്നത്. ഈ കൊച്ചു കലാകാരന്മാരെല്ലാം കൂടി കാഴ്ചക്കാരെ മടുപ്പിക്കുകയല്ല വെറുപ്പിച്ചു കളയുകയായിരുന്നു.

വൈകുന്നേരം 6.30 ന് മുമ്പ് പെങ്ങൾ വീട്ടിലെത്താത്തതിന് കരണം പുകച്ചു അടിയും കൊടുത്ത് ഡയലോഗ് വിടുന്ന ടിക്‌റ്റോക് ആങ്ങളമാർ ഇനിയിങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ ഒന്നു കൂടി ആലോചിക്കും എന്ന ഗുണപരമായ മാറ്റം ഇത്തരം റോസ്റ്റിംഗ് വിഡിയോകൾ കൊണ്ടുണ്ട്. അതേസമയം ആളുകളെ അവരുടെ ലുക്കും, ബാക്ഗ്രൗണ്ടും നോക്കി വിലയിരുത്തുന്ന വംശീയതയുടെ മേമ്പൊടിയുള്ള കമെന്റുകൾ മാറ്റിയെടുക്കാൻ അർജുനും സാധിക്കുന്നില്ലല്ലോ എന്നൊരു മറുചോദ്യവുമുയരുന്നുണ്ട്.

ഈ യൂട്യൂബ് ചാനൽ, യുവാക്കൾ മിക്കവാറും കണ്ടതായിരിക്കും. യുവാക്കൾ അല്ലാത്ത ഫ്രീ ടൈമുള്ള ആളുകൾക്ക് ഒന്നു കണ്ടു നോക്കാവുന്നതാണ്. ഒന്നുമില്ലെങ്കിലും നമുക്കറിയാമല്ലോ പുതിയ തലമുറയുടെ ഇഷ്ടങ്ങൾ എന്തെല്ലാമാണെന്ന്.