ആൾക്കൂട്ടങ്ങൾ നഷ്ടപ്പെട്ട ചെറിയാൻ ഫിലിപ്പ് ഇപ്പോൾ എവിടെയാണ് ?

135

രജിത് ലീല രവീന്ദ്രൻ

ശ്രീ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടിട്ട് ഇന്നേക്ക് 20 വർഷമായി എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയുന്നത്. 2001 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റ് സീറ്റ് ലഭിക്കണമെന്ന ചെറിയാന്റെ നിർബന്ധം ഘടക കക്ഷിനേതാവായ എം വി രാഘവന് സീറ്റ്‌ നൽകിയതോടെ ഇല്ലാതായപ്പോൾ, തനിക്ക് പാർട്ടി നൽകാൻ തയ്യാറായ തിരുവനന്തപുരം നോർത്ത് സീറ്റിനോടും, കോൺഗ്രസിനോടും സലാം പറഞ്ഞു ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ പുതുപ്പള്ളിയിൽ ഇറങ്ങിയ ആളാണ് ‘ മോഹമുക്തനായ കോൺഗ്രെസ്സുകാരൻ’ എന്നറിയപ്പെട്ടിരുന്ന ചെറിയാൻ ഫിലിപ്പ്. അന്നത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി മോഹൻകുമാർ തിരുവനന്തപുരം നോർത്ത് സീറ്റിൽ മുൻമന്ത്രിയായ വിജയകുമാറിനെ തോൽപ്പിച്ചെന്നത് വേറൊരു കാര്യം.

ചെറിയാൻ ഫിലിപ്പിന് ഇടത് രാഷ്ട്രീയത്തിൽ ശോഭിക്കാൻ ആയോ എന്ന് ഒരു ചോദ്യം ഇപ്പോൾ ചോദിച്ചാൽ ശോഭനാ ജോർജോ, ഷാഹിദ കമലോ വളരെ ചുരുങ്ങിയ കാലം കൊണ്ടുണ്ടാക്കിയ രാഷ്ട്രീയ സ്വീകാര്യത പോലും ചെറിയാൻജിക്കു 20 വർഷത്തെ പ്രവർത്തനം കൊണ്ട് ‘പുതിയ’ പാർട്ടിയിൽ ഉണ്ടാക്കാനായില്ല എന്നാണ് എനിക്ക് തോന്നുന്നത്. പാർട്ടി ചാനലിൽ തുടർച്ചയായി നടത്തിയ ‘ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പരിപാടിക്ക് പോലും മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം എന്നതിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ഇടത് പക്ഷ കുപ്പായത്തിൽ എന്നും ചെറിയാൻ ഫിലിപ്പ് ‘മിസ്ഫിറ്റ് ‘ആയിരുന്നു. മലപ്പുറം ഡി സി സി പ്രസിഡന്റായിരുന്ന ടി കെ ഹംസക്ക് സി പി എം കാരനാകാൻ സാധിച്ചത് പോലെ ചെറിയാനിൽ സി പി എം പാർട്ടി ആവേശിച്ചതേയില്ല. അദ്ദേഹം ചുമതല വഹിച്ച കെ ടി ഡി സി ചെയർമാൻ പോസ്റ്റിൽ ചെറിയാന് മാത്രമായി ചെയ്യാനൊന്നുമുണ്ടായിരുന്നില്ല, ആ മേഖലയിലെ വൈദഗ്ധ്യവും, ദീർഘ വീക്ഷണവും ഉള്ളയാളുമായിരുന്നില്ല അദ്ദേഹം. ഇത്തവണത്തെ മിഷനുകളുടെ മേൽനോട്ട ചുമതലയുടെ കാര്യം, സ്ഥാനമേറ്റെടുത്തപ്പോഴും, സ്ഥാനമൊഴിഞ്ഞപ്പോളുമാണ് കൂടുതൽ പേരറിഞ്ഞത്.

കോൺഗ്രെസ് നേതാവായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ആൾക്കൂട്ടവും ഇന്നില്ല .ആരാധനയോടെ, വിടർന്ന കണ്ണുകളോടെ ചെറിയാനെ പിന്തുടരുന്നവരും അയാൾക്കൊപ്പമില്ല. അതുകൊണ്ടാണ് ഇന്നുമയാൾ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ യുവ തലമുറക്ക് മാർഗ നിർദേശം നൽകുന്ന,ആദർശ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ചങ്കൂറ്റത്തോടെ വീശുന്ന കോൺഗ്രസ്‌ നേതാവിന്റെ ഒഴിഞ്ഞു കിടക്കുന്ന കസേര ചെറിയാന് പാകമാകുന്നതായിരുന്നു എന്ന് തോന്നുന്നത്.

പ്രവർത്തകരാൽ ചുറ്റപ്പെട്ട് ആവേശോജ്ജ്വല പ്രഖ്യാപനങ്ങൾ നടത്തി, സ്വയം തമാശയിൽ സ്വയം മതി മറന്നു രസിച്ചു എം എൽ എ ഹോസ്റ്റലിന് അകത്തേക്കും പുറത്തേക്കും നടന്നു നീങ്ങുന്ന ചെറിയാൻ ഫിലിപ്പ് എന്ന നേതാവിനെ പഴയ കാല ഓർമകളുടെ സ്‌ക്രീനിൽ അയാൾ തീർച്ചയായും കാണുന്നുണ്ടാകും. ‘കേരള ദേശീയവേദി’ എന്ന സംഘടനയുടെ എല്ലാമെല്ലാമായി നിറഞ്ഞു കവിഞ്ഞ സദസ്സുകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരെ കൊണ്ടു വന്നു ചർച്ചകളും, പരിപാടികളും നടത്തി അടുത്തടുത്ത സീറ്റിലിരിക്കുന്ന യൂണിവേഴ്സിറ്റി പ്രൊഫസറും, ഗുണ്ടുകാട് എന്ന പ്രദേശത്തെ പ്രമുഖ വ്യക്തിയും ഒരു പോലെ ശ്രദ്ധപൂർവം കേട്ടു കൊണ്ടിരുന്ന ആ പ്രസംഗം നാല്പത്തി അഞ്ചുകാരനായ അന്നത്തെ കോൺഗ്രസ്‌ നേതാവിന്റേതായിരുന്നു. അയാളുടെ പേര് ചെറിയാൻ ഫിലിപ്പ് എന്നായിരുന്നു.