Rejith Leela Reveendran
വിജയ് സിനിമകൾ തിയേറ്ററിൽ നിന്ന് കാണുമ്പോൾ ഞാൻ പറയാറുള്ളത് കഥയും, അഭിനയവും മെച്ചമൊന്നുമില്ലെങ്കിലും വിജയ് സിനിമകളിലെ ഓരോ പാട്ട് സീനിനും 50 രൂപ വെച്ച് കൂട്ടി നോക്കിയാൽ എന്നിലെ പ്രേക്ഷകന് വലിയ നഷ്ടമില്ല എന്നാണ്.ഏറ്റവും പുതിയ വിജയ് സിനിമയായ ‘വാരിസ് ‘ വരെ രഞ്ജിതമേ, രഞ്ജിതമേ തന്നെയാണ്.അതുപോലെ,ക്ലൈമാക്സ് ഒന്ന് കൊണ്ട് മാത്രം ടിക്കറ്റ് എടുക്കാൻ ചെലവാക്കിയ പൈസ എനിക്ക് മുതലായ സിനിമയാണ് ജോജുവിന്റെ ‘ഇരട്ട’.
ക്ലൈമാക്സ് സീൻ കഴിഞ്ഞു സംവിധായകന്റെ പേരായ രോഹിത് എം ജി കൃഷ്ണൻ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുമ്പോൾ തിയേറ്ററിലെ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത രീതിയിലുള്ള ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്. നോക്കുമ്പോൾ ഒരല്പം ആശ്വാസമാകുന്നത് നമ്മളെപ്പോലെ തന്നെ മിക്കവരും അവിശ്വസനീയമായ മുഖങ്ങളോടെ തിയേറ്ററിൽ വെളിച്ചം വന്നിട്ടും സീറ്റിൽ തന്നെ ഇരിക്കുകയാണെന്ന് കാണുമ്പോളാണ്. തിയേറ്ററിൽ നിന്നിറങ്ങി കഴിയുമ്പോൾ ആ ക്ലൈമാക്സ് നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ് .
സിനിമയുടെ പുറകിലേക്ക് നിങ്ങൾ വീണ്ടും വീണ്ടും അന്വേഷിച്ചു പോയിക്കൊണ്ടേയിരിക്കുകയാണ്. സംതൃപ്തി നൽകുന്ന ഒരു ഉത്തരം എത്ര ശ്രമിച്ചിട്ടും നിങ്ങൾക്ക് ലഭിക്കാതിരിക്കുകയാണ്. കൂടുതൽ ആളുകൾ സിനിമ കണ്ടിരുന്നുവെങ്കിൽ അവരോട് ചോദിക്കാമായിരുന്നെന്ന് വിചാരിക്കുകയാണ്. കുറേ കഴിഞ്ഞു സിനിമ ഒ ടി ടി യിൽ വരുമ്പോൾ ഇന്റർനെറ്റിൽ ‘ഇരട്ട എൻഡിങ് എക്സ്പ്ലൈയിൻഡ്’ നോക്കാം എന്നു വിചാരിച്ച് സിനിമയെ കുറിച്ച് മറക്കാൻ ശ്രമിച്ചു പരാജിതരാകുകയാണ്.
ജോജു ജോർജ് പോലീസുകാരായി ഡിവൈഎസ്പിയും, എ എസ് ഐ യുമായ ഇരട്ട സഹോദരന്മാരായി ഈ സിനിമയിൽ അഭിനയിക്കുന്നു . ജോജുവിന്റെ മുൻകാല പോലീസ് വേഷങ്ങളുടെ ഒരു തുടർച്ച ഈ സിനിമയിലും കാണാം. ഡി വൈ എസ് പിയായ സഹോദരന്റെ കഥാപാത്രം പൂർണമായി സിനിമ അനാവരണം ചെയ്യുന്നില്ല.എന്നാലും,മടുപ്പിക്കാതെ കാണികളെ,ഇരട്ടകളുടെ ജീവിതത്തിലേക്ക് നോക്കിയിരുത്താനുള്ള പണി സംവിധായകനും കൂട്ടാളികളും ചെയ്തു വെച്ചിട്ടുണ്ട്.
ഒരു അമ്മയുടെ മക്കളായി ജനിച്ച രണ്ടുപേരെ എങ്ങനെയാണ് ജീവിത സാഹചര്യങ്ങൾ വ്യത്യസ്തരാക്കുന്നത് എന്നാണ് ഈ സിനിമ പറയുവാൻ ഉദ്ദേശിക്കുന്നത് എന്നായിരുന്നു സിനിമയുടെ ക്ലൈമാക്സ് വരെ ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്. എന്നാൽ സിനിമയുടെ അവസാന രംഗത്ത് എത്തിയപ്പോഴാണ് അറിയുന്നത് അതൊന്നുമായിരുന്നില്ല ഈ സിനിമയെന്ന്.രോഹിത് എം ജി കൃഷ്ണൻ എന്ന സംവിധായകന്റെ ആദ്യ സംരംഭം, ആദ്യമായെഴുതുന്ന തിരക്കഥ. കയ്യടിക്കാതെ തരമില്ല. കാണേണ്ട സിനിമ. ഇരട്ടയുടെ ക്ലൈമാക്സിനു കൊടുക്കാം 150 രൂപ