ബിജെപി പിന്തുണച്ച സ്ഥാനാർത്ഥി ആയിട്ടുപോലും പിസി തോമസ് 2004ൽ മൂവാറ്റുപുഴയിൽ ജയിച്ചതിനൊരു കാരണമുണ്ട്

348

രജിത് ലീല രവീന്ദ്രൻ

2013 വർഷത്തിൽ എറണാകുളത്തു നിന്നും കോട്ടയത്ത് വന്നു കുറച്ചുകാലം ജോലി ചെയ്തപ്പോഴാണ് ഒരു വ്യത്യാസം വളരെ പെട്ടെന്ന് തന്നെ മനസ്സിലായത്. കോട്ടയത്തെ ക്രിസ്ത്യാനികൾക്കിടയിൽ പ്രകടമായ മുസ്ലിം വിരോധമുണ്ട്.കോട്ടയത്തെയോ, ചങ്ങനാശ്ശേരിയിലെയോ മാർക്കറ്റുകളിലെ വ്യാപാര തർക്കവുമായി ബന്ധപ്പെട്ടു തുടങ്ങിയ ഭിന്നതയാണെന്ന് തോന്നുന്നു. 2010 ലെ ജോസഫ് സാറിന്റെ കൈവെട്ടുകേസ് കൂടി വന്നപ്പോൾ അത് കൂടുതൽ പ്രബലമായതാണെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ മൃദു സമീപനം സ്വീകരിച്ച സഭാ നേതൃത്വത്തോട് ഇടവകക്കാർ യോജിച്ചതേയില്ല.

മറ്റൊരു പ്രധാന കാര്യം എറണാകുളത്തെ ക്രിസ്ത്യാനികളിൽ പൊതുവേ കണ്ടുവരുന്ന ബിജെപിയോടും, സംഘപരിവാർ ആശയങ്ങളോടുള്ള അകൽച്ച കോട്ടയത്തെ ഒരു ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമില്ല എന്നതാണ്. ബിജെപി പിന്തുണച്ച സ്ഥാനാർത്ഥി ആയിട്ടുപോലും പിസി തോമസ് മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ 2004ൽ എൽ ഡി എഫിനേയും, യു ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയെയും പരാജയപ്പെടുത്തിയത് ഈ അനുകൂല മനോഭാവം കൊണ്ടു കൂടിയാണ്.

ക്രിസ്ത്യാനികൾക്കിടയിൽ ഉള്ള ഈ മുസ്ലിം വിരോധം കൃത്യമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ സ്ഥാപനവൽക്കരിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇതിൽ ഏറ്റവും നഷ്ടം സംഭവിച്ച രാഷ്ട്രീയ പാർട്ടി കോൺഗ്രസാണ്.ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് മുസ്‌ലിംലീഗിന്റെ സമ്മർദ്ദം കൊണ്ടാണെന്നും, കോൺഗ്രസിനെ ഹൈജാക്ക് ചെയ്തു മുസ്ലിംലീഗ് ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുകയാണെന്നും, കോൺഗ്രസിന് വോട്ട് ചെയ്താൽ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി ആക്കാനുള്ള വോട്ടായിരിക്കുമെന്നുമുള്ള പ്രചാരണങ്ങൾ വായുവിലൂടെയും, വാട്സാപ്പിലൂടെയും പറന്നു നടന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബെന്നി ബഹനാനെ മാറ്റി എം എം ഹസ്സൻ യുഡിഎഫ് കൺവീനർ ആയതും,ഹസ്സൻ വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണക്കായി ചർച്ച നടത്തി എന്നുള്ള വാർത്തകളും എരി തീയിൽ ഒഴിച്ച എണ്ണയായി. ഇതിലൂടെയുള്ള രാഷ്ട്രീയ മുൻ‌തൂക്കം മുൻകൂട്ടി കണ്ട ഇടതു പക്ഷം ഈ അവസരം ശരിക്കും മുതലെടുത്തു. ഡാമേജ് കൺട്രോൾ നടപടികൾ എടുക്കാൻ കോൺഗ്രസ്‌ ലീഡേർഷിപ്പിന് ഇത് മുൻകൂട്ടി കാണുന്നത് പോയിട്ട് തൊട്ടു മുന്നിൽ വന്നിട്ട് പോലും അറിയാത്തതിനാൽ സാധിച്ചുമില്ല.

പക്ഷേ അവസാനം എന്താണ് അവശേഷിക്കുന്നത്, ആരുടേയാണ് ‘ലാസ്റ്റ് ലാഫ്’. സംശയമെന്താ സോഷ്യൽ എഞ്ചിനീയറിങ്ങിൽ ഇന്ത്യ മുഴുവൻ വിവിധ പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സംഘ പരിവാർ സംഘടനകളുടേത് തന്നെ. ക്രിസ്ത്യൻ വിഭാഗങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്ന ഇടതു പക്ഷം താൽക്കാലിക താവളം മാത്രമാണെന്നും ഇവരുടെ ഫൈനൽ ഡെസ്റ്റിനേഷൻ കേരളത്തിലെ ബി ജെ പി യുമായുള്ള കൂട്ടുകെട്ടായിരിക്കുമെന്നും നോർത്ത് ഈസ്റ്റിലെയും, ഗോവയിലെയും ക്രിസ്ത്യാനികളെ തങ്ങളോടൊപ്പം ചേർത്തു നിർത്തുന്ന ബി ജെ പി ക്ക്‌ വ്യക്തമായി അറിയാം.

ഇത്തരം സാമൂഹിക ചലനങ്ങളെ തിരിച്ചറിയുവാനുള്ള, പ്രതിരോധിക്കാനുള്ള ആർജ്ജവമോ, ചിന്താശേഷിയോ നിലവിൽ കോൺഗ്രസ്‌ കാണിക്കുന്നില്ല. വെറുതെ ഇരുന്നു കൊടുത്താൽ മതി ഭരണം പിടിക്കാം എന്ന തോന്നൽ ഇല്ലാതാക്കാൻ തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സാധിച്ചെങ്കിലും, സമൂലമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ പാർട്ടി ശ്രമിച്ചില്ലെങ്കിൽ ഒരു സംശയവുമില്ല, നഷ്ടം കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെയാണ്. പക്ഷേ ഒന്നു കൂടി മുന്നോട്ട് നോക്കിയാൽ കാണാം, വലിയ നഷ്ടം സംഭവിക്കാൻ പോകുന്നത് കേരളത്തിന്റെ ‘സോഷ്യൽ ഫാബ്രികിനാണെന്ന്’.