ചോക്ലേറ്റ് പാവ നടികളെ മാത്രം കണ്ടിട്ടുള്ളവരേ… നിമിഷയ്ക്കു നല്ല അസ്സലായി ചിരിക്കാനറിയാം

0
724

രജിത് ലീല രവീന്ദ്രൻ

മാർജിൻ ഫ്രീ മാർക്കറ്റിൽ ജോലിനോക്കുന്ന ശ്രീജയെന്ന പെൺകുട്ടി ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ കൂട്ടുകാരൊത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തമാശ കേട്ട് ചിരിക്കുന്നൊരു രംഗമുണ്ട് ഒരു പാട്ടിൽ.ഇത്ര മനോഹരമായ ചിരികൾ സിനിമയുടെ സ്ക്രീനിൽ കണ്ടതിൽ മികച്ചതാണ്.

ശ്രീജ, പ്രസാദ് എന്ന ചെറുപ്പക്കാരനെ പ്രണയിക്കുന്നുണ്ട്.അവർ വിവിധ സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടുന്നുണ്ട്, നോട്ടങ്ങൾ കൈമാറുന്നുണ്ട്. എതിരെ വരുന്ന ബോട്ടിലെ കാമുകനെ നോക്കി ബോട്ടിൽ നിന്ന് അവൾ ചിരിച്ചു കൊണ്ടു നോക്കുന്നൊരു നോട്ടമുണ്ട്. എന്തു ഭംഗിയാണ് ആ പ്രണയാർദ്രമായ ചിരിക്കും, നോട്ടത്തിനും.’തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന’ സിനിമയിൽ ‘കണ്ണിലെ പൊയ്കയിലെ’ എന്ന ഗാനത്തിലൂടെ ഈ മനോഹര ചിരികൾ നമുക്ക് സമ്മാനിച്ച നടിയുടെ പേര് നിമിഷ സജയൻ എന്നാണ്.

ചിരിക്കാനറിയാത്ത, എപ്പോഴും ഒരു ഭാവം മാത്രം കൊണ്ടു നടക്കുന്ന അഭിനേത്രിയെന്ന് പറഞ്ഞു നിശിത വിമർശനങ്ങൾ ഇന്നേറ്റു വാങ്ങുന്നതും ഈ നിമിഷയാണ്. എന്നാൽ ഞാൻ പറയും, വളരെ മികച്ച അഭിനേത്രിയും, കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങൾ തിരശീലയിൽ ദൃശ്യമാക്കുന്ന നടിയുമാണ് നിമിഷയെന്ന്.

ഭർത്താവിന്റെ ജീവൻ അപകടത്തിലാണെന്നതിൽ ആശങ്കപ്പെട്ട് ആഘോഷങ്ങൾക്കിടയിൽ ചുമരും ചാരി നിൽക്കുമ്പോളുള്ള ഭാര്യയുടെ മുഖം വലിഞ്ഞു മുറുകിയതാകുന്നതിൽ എന്ത് അസ്വാഭാവികത.അല്ലാതെ ഏത് ദുർഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ചു ‘അമ്മൂമ്മക്കിളി വായാടീ’ എന്നു പാടി ഓടിച്ചാടി വരാൻ പ്രിയദർശൻ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബത്രയല്ലല്ലോ മഹേഷ്‌ നാരായണന്റെ ‘മാലിക്കിലെ’ റോസ്‌ലിനായ നിമിഷ സജയൻ.