Entertainment
തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക് നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

രജിത് ലീല രവീന്ദ്രൻ
“പപ്പയുടെ ബയോഗ്രഫി എഴുതുക യാണെങ്കിൽ ഈ പുസ്തകത്തിലെ ‘അച്ചീവ്മെന്റ്’ പേജിന്റെ പകുതി പോലും ഉണ്ടാകില്ല. പിന്നെ നമുക്ക് വെറൈറ്റി പേരിടാം, ‘ഞാൻ ഒലിവർ ട്വിസ്റ്റ്’. എനിക്കു പണ്ടൊരു കടയുണ്ടായിരുന്നു. ഞാൻ കാലത്തിനനുസരിച്ച് മാറാത്തത് കൊണ്ടത് അടച്ചു പോയി. ഇപ്പോൾ ഞാൻ വീടിന്റെ മുകളിൽ കുറച്ചു പച്ചക്കറിയൊക്കെ നോക്കി വെറുതെ ഇരിക്കുന്നു. ഇതിൽ കൂടുതൽ എന്ത് എഴുതാനാണ്. ഇത് ഒരു പേജിന്റെ പകുതി പോലും ഇല്ലല്ലോ പപ്പാ”.
ഭാവി അമ്മായിയപ്പന്റെ പുസ്തകം വായിച്ചുകൊണ്ടിരുന്ന തന്റെ മൂത്തമകൻ ഇതു പറയുമ്പോൾ, ഒലിവറിന്റെ ഇളയമകനും തൊട്ടടുത്ത് ഉണ്ടായിരുന്നു.എങ്ങനെയാണ് മകൻ തന്റെ ജീവിതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നയാൾക്ക് മനസ്സിലായി. അതയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയാളുടെ മുഖത്ത് നിന്നും മനസ്സിലാകുന്നുണ്ട്.’എന്തോ ഒരു ഒച്ചകേട്ട പോലെ’ എന്ന് വളരെ ദുർബലമായ ശബ്ദത്തിൽ പറഞ്ഞു അയാൾ വീടിന്റെ താഴെ നിലയിലേക്കിറങ്ങി. വാക്കുകളിലെ ഇടർച്ചയുടെ തുടർച്ച അയാളുടെ തിരിഞ്ഞുനടത്തത്തിലും കാണാമായിരുന്നു. വീടിനകത്ത് ഭാര്യ ഇരിക്കുന്നു . അവരെ ഒഴിവാക്കാനായി വീടിനു പുറത്തേക്ക്, ഗേറ്റിനടുത്തേക്ക് നടക്കുന്നു. ‘എന്താ’ എന്ന് ഭാര്യ വിളിച്ചു ചോദിക്കുമ്പോൾ, തന്നോട് തന്നെയെന്ന ശബ്ദത്തിൽ ഗേറ്റിനു വെളിയിലേക്ക് നോക്കി ‘പട്ടിയാ’ എന്നു പറഞ്ഞു,കൈകൾ അന്തരീക്ഷത്തിൽ ചെറുതായി ചലിപ്പിക്കുന്നു.
തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്ന മകനുൾപ്പെടെയുള്ളവർക്ക് എത്ര നിസ്സാരമായാണ് അനുഭവപ്പെടുന്നതെന്ന് മനസ്സിലാക്കുന്ന ഒരു മനുഷ്യന്റെ നിസഹായവസ്ഥ,കണ്ണുനീർ. അത് കാണുന്ന പ്രേക്ഷകരിൽ അവരവരുടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയും ദീർഘനിശ്വാസമോ, നെടുവീർപ്പോ, കുറ്റബോധമോ ഉണ്ടാവുകയും ചെയ്യുക. ഇന്ദ്രൻസ് എന്ന നടൻ തിരശീലയിൽ നിന്ന് കാണികളുടെ ഹൃദയത്തിലേക്ക് നേരെ ഒരു പാലമിട്ടിരിക്കുകയാണ്.
അവാർഡുകൾ ലഭിച്ചില്ലായിരിക്കാം. പക്ഷേ ‘ഹോമിലെ’ ഒലിവർ ട്വിസ്റ്റിന് പ്രേക്ഷക മനസ്സുകളുടെ എണ്ണമറ്റ പുരസ്കാരങ്ങളുടെ നിറവുണ്ട്. ഇന്ദ്രൻസ് എന്ന നടന് സ്ക്രീനിനു പുറത്ത് അഭിനയിക്കാൻ അറിയാത്തത് ഇന്നത്തെ കാലത്തൊരു പരിമിതിയാണ്. പക്ഷേ എത്ര കാലം ഇതുപോലെ താങ്കളെ അവഗണിക്കാൻ സാധിക്കും. മികച്ച കഥാപാത്രങ്ങളും, അഭിനയ മുഹൂർത്തങ്ങളും ഇനിയുമുണ്ടാകട്ടെ,ജനഹൃദയങ്ങളിലെ എണ്ണം പറഞ്ഞ അവാർഡുകളും.❤
588 total views, 4 views today