കോൺഗ്രസ്‌ നേതാവായ ആര്യാടാൻ ഷൌക്കത്തിനെ പോലും രാജ്യദ്രോഹിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്

72

രജിത് ലീല രവീന്ദ്രൻ

‘Being the Other: The Muslim in India’ എന്ന പുസ്തകത്തിൽ പ്രശസ്ത ജേർണലിസ്റ്റ് സഈദ് നഖ്‌വി ഇന്ത്യയിലെ പൊതുവിടങ്ങളിൽ അന്യവൽക്കരിക്കപ്പെട്ടു പോകുന്ന മുസ്ലിം ജനസമൂഹത്തെ കുറിച്ചാണ് എഴുതുന്നത്.

1996 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയപ്പോൾ നഖ്‌വിയുടെ മുസ്ലിം സമുദായത്തിൽ പെട്ട ഡ്രൈവർ ജമീലിനോട് ഹിന്ദു മത വിഭാഗത്തിൽ പെട്ട ജോലിക്കാരി ഗംഗ ചോദിക്കുന്നത് നിങ്ങളുടെ ടീം തോറ്റു പോയല്ലോ എന്നാണ്. അപ്പോൾ ജമീൽ തിരിച്ചു ചോദിക്കുന്നുണ്ട് എന്റെ ടീം ആണ് തോറ്റതെങ്കിൽ, നിങ്ങളുടെ ടീമിന്റെ ക്യാപ്റ്റൻ പാകിസ്താനി ആണല്ലോ എന്ന്. ക്രിക്കറ്റിനെ കുറിച്ചൊന്നുമറിയാത്ത ഗംഗ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ്‌ അസ്ഹറുദ്ധീനെ കുറിച്ചും കേട്ടിട്ടില്ലായിരുന്നു. എന്നാൽ ഇന്ത്യൻ ടീം ഹിന്ദു ടീമും, പാകിസ്ഥാൻ ടീം മുസ്ലിം ടീമുമെന്ന ധാരണ ശക്തമായി ഗംഗക്ക് ഉണ്ടായിരുന്നു താനും . ഇന്ത്യയിലെ വലിയൊരു ശതമാനം ആളുകൾക്ക്, നിങ്ങളുടേത് മുസ്ലിം പേരാണെങ്കിൽ നിങ്ങൾ ദേശ വിരോധിയും പാകിസ്ഥാൻ പക്ഷപാതിയുമാകുന്നത് ഇങ്ങനെയാണ്. കൃത്യമായ അജണ്ടകളിലൂടെ, പ്രവർത്തന പരിപാടികളിലൂടെ ഈ ‘അതറിങ്’ സംഘ പരിവാർ സംഘടനകൾ സാധ്യമാക്കിയിട്ടുണ്ട്.

Latest from Malayalam, Malayalam Gossip, Malayalam newsഈ ‘അന്യവൽക്കരിക്കൽ’ അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുകയാണ്. പാർവതി നായികയായ വർത്തമാനം എന്ന സിനിമക്ക് പ്രദർശനാനുമതി നിഷേധിച്ചതിനു കാരണമായി സെൻസർ ബോർഡ്‌ അംഗം സമൂഹ മാധ്യമത്തിൽ പറഞ്ഞത് സിനിമയുടെ തിരകഥാകൃത്തും, നിർമ്മാതാവും ആര്യാടൻ ഷൌക്കത്ത് ആണെന്നതാണ്. നിലമ്പൂരിൽ നിന്നുള്ള കോൺഗ്രസ്‌ നേതാവായ ആര്യാടാൻ ഷൌക്കത്ത് പുരോഗമന നിലപാടുകൾക്കൊപ്പം നടക്കുന്നയാളും, ടി വി ചന്ദ്രന്റെ സിനിമയായ ‘പാഠം ഒന്ന് ഒരു വിലാപം’ തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമിച്ചയാളുമാണ്. അങ്ങനെയുള്ള ഷൌക്കത്തിനു പോലും തന്റെ പേരിന്റെ പേരിൽ അന്യവൽക്കരിക്കപെടുകയും, ദേശദ്രോഹി ആകാനുള്ള സാഹചര്യം ഉണ്ടാവുകയുമാണ് ഇവിടെ ചെയ്യുന്നത്. എന്തൊരഭിമാനത്തിലാണ് ജെ എൻ യു വിലെ ദളിത്‌, മുസ്ലിം പീഡനങ്ങളുടെ കഥ പറയുന്ന ഷൌക്കത്തിന്റെ സിനിമക്ക് താൻ അനുമതി നിഷേധിച്ചു എന്നത് ലോകത്തെ ഇവർ അറിയിക്കുന്നത്.

പക്ഷേ ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഒഴിച്ചു നിർത്തിയാൽ ഫേസ്ബുക് ന്യൂസ്‌ ഫീഡുകൾ ശാന്തമാണ്. ഇതെല്ലാം ‘നോർമലൈസ്’ ചെയ്യപ്പെട്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. മുസ്ലിം പേരുകാരെ പാകിസ്ഥാനിയും, ദേശദ്രോഹിയുമാക്കുന്ന ‘ബ്രാൻഡിംഗ് ‘കേരളത്തിൽ എത്താൻ കുറച്ചു താമസിച്ചെങ്കിലും ഇപ്പോൾ യാത്ര ടോപ് ഗിയറിലാണ്.