സീറ്റ് കിട്ടാത്തതിലുള്ള തലമുണ്ഡനമോ മക്കൾക്ക് നീതികിട്ടാത്തതിലുള്ള തലമുണ്ഡനമോ ചർച്ച ചെയ്യേണ്ടത് ?

45

വാളയാറിൽ അമ്മയുടെ തലമുണ്ഡനം ചർച്ച ചെയ്യാത്തവർ ലതിക സുഭാഷിന്റെ തലമുണ്ഡനം ആഘോഷിക്കുന്നു. എന്തൊരു അനീതിയാണിത്. ഒരു വനിതയ്ക്കു സീറ്റ് നൽകാത്തതാണോ പൊലിഞ്ഞു പോയ രണ്ടു കുഞ്ഞു ജീവിതങ്ങൾക്കു നീതി കിട്ടാത്തതാണോ വലിയ വിഷയമെന്ന് നമ്മൾ ഇനിയും അന്വേഷിയ്ക്കേണ്ടിയിരിക്കുന്നു . രജിത് ലീല രവീന്ദ്രന്റെ കുറിപ്പ് വായിക്കാം

(രജിത് ലീല രവീന്ദ്രൻ)

ലതികാ സുഭാഷിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ ലഭിക്കാത്തത്തിൽ നിരാശയുണ്ട്, ദുഖമുണ്ട് .താൻ പ്രവർത്തിച്ച പ്രസ്ഥാനം തന്നോട് നീതി കാണിച്ചില്ലെന്ന അവരുടെ വിഷമം മനസ്സിലാക്കാവുന്നതുമാണ്. പക്ഷേ പ്രസ്ഥാനം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ നിർണായക ഘട്ടത്തിൽ, പാർട്ടി ഓഫീസിനു മുന്നിൽ തല മുണ്ഡനം ചെയ്തു പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത് ജീവിതകാലം മുഴുവൻ പാർട്ടിക്കായി പ്രവർത്തിച്ചിട്ടും ഒരു സ്ഥാനം വാർഡ് തലത്തിൽ പോലും കിട്ടാതെ പോയിട്ടും, പാർട്ടിയെ ജീവന് തുല്യം സ്നേഹിക്കുന്ന ബൂത്ത്‌, വാർഡ്, മണ്ഡലം തലത്തിൽ പ്രവർത്തിക്കുന്ന വനിതകളുൾപ്പെടെയുള്ള അനേകായിരം പ്രവർത്തകരുടെ മനസ്സിനെ മുറിപ്പെടുത്തലാണ്.

മാത്രമല്ല, ലതികാ സുഭാഷിന്റെ തല മുണ്ഡനം ടി വി യിൽ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാനോർത്തത് തന്റെ രണ്ടു പെൺകുഞ്ഞു മക്കളെ ഈ ലോകത്തു നിന്നും നിർദ്ദയമായി, അതി ക്രൂരമായി ഇല്ലാതാക്കിയിട്ടും, യാതൊരു മനസാക്ഷി കുത്തുമില്ലാതെ കുറ്റവാളികൾക്കൊപ്പം നിന്ന ഇവിടുത്തെ നീതി നിയമ വ്യവസ്ഥക്കെതിരായി കേരളത്തിലെ തെരുവോരങ്ങളിൽ പ്രതിഷേധിക്കുന്ന വാളയാറിലെ അമ്മയെ കുറിച്ചാണ്. ആ അമ്മ തല മുണ്ഡനം ചെയ്തപ്പോൾ കേരളം ആ വിഷയം എത്ര മാത്രം ചർച്ച ചെയ്തെന്നാണ്. ആ അമ്മയെ കാണാതിരിക്കാൻ എത്ര തെരുവുകളിലെ വിളക്കുകൾ അണച്ചെന്നാണ്.

വാളയാറില്‍ നീതി നിഷേധത്തിന്‍റെ നാല് വര്‍ഷം; തലമുണ്ഡനം ചെയ്ത് അമ്മയുടെ  പ്രതിഷേധം | Mother Protest by cutting her hair in Walayar after Four years  of denial of justiceലഭിക്കാതെ പോയ സീറ്റിനേക്കാൾ എത്രയോ വിലയുള്ളതാണ് പൊലിഞ്ഞു പോയ ആ രണ്ടു കുഞ്ഞു ജീവിതങ്ങൾ. ഇനിയിതുപോലെ ഈ നാട്ടിൽ നിന്ന് ദരിദ്രരും, ശബ്ദമില്ലാത്തവരുമായ അമ്മമാരുടെ കുഞ്ഞുങ്ങൾ ഇല്ലാതായി പോകരുത്. അതെ, ഇന്ദിരാ ഭവന് മുന്നിലെ
തല മുണ്ഡനത്തിന്റെ കാരണം നമുക്കറിയാം, എന്നാൽ വാളയാറിലെ അമ്മയ്ക്ക് തല മുണ്ഡനം ചെയ്യേണ്ടി വന്നതിന്റെ കാരണം നാം ഇനിയും അറിയേണ്ടിയിരിക്കുന്നു. അത്, ഉറക്കെ ഉറക്കെ ചോദിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യണം. പ്രിവിലേജുകൾ എല്ലായിടത്തും പ്രിവിലേജുകൾ തന്നെയാണ്.