മുതലാളി നേതൃത്വം നൽകുന്ന ട്വന്റി ട്വന്റിയോടുള്ള ജനങ്ങളുടെ പ്രതിപത്തിക്കുള്ള കാരണം എന്താകാം ?

267

രജിത് ലീല രവീന്ദ്രൻ

ട്വന്റി ട്വന്റി ഭരിച്ചു കൊണ്ടിരിക്കുന്ന കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ കൂടി ഈ തെരഞ്ഞെടുപ്പിൽ അവർ അധികാരം പിടിച്ചെടുക്കുകയുണ്ടായി. യു ഡി എഫിനും, എൽ ഡി എഫിനും, ബി ജെ പിക്കും ഒരൊറ്റ സീറ്റ്‌ പോലും നൽകാതെ മുഴുവൻ സീറ്റിലും വിജയിച്ചു കാണിച്ചു, ഐക്കരനാട് ഗ്രാമ പഞ്ചായത്തിൽ ട്വന്റി ട്വന്റി.

ഈ പഞ്ചായത്തുകളിലെ ജനങ്ങൾ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തത് ഈ സംഘടന ഉയർത്തി കാണിക്കുന്ന പ്രത്യയ ശാസ്ത്ര വിഷയങ്ങളിൽ ആവേശഭരിതരായോ, ‘പാർട്ടി ഉടമയും’ കിറ്റെക്സ് മുതലാളിയുമായ ആളിന്റെ ജീവിത കഥയിൽ നിന്ന്, പ്രവർത്തന ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നോ ആരും കരുതുമെന്ന് തോന്നുന്നില്ല.

ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തോടുള്ള നിങ്ങളുടെ അടുപ്പത്തിന്റെയും, പ്രസ്ഥാനത്തിനായുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ കമ്പനി നൽകുന്ന കാർഡുകളും, അതുവഴി ‘യോഗ്യത'(?) അനുസരിച്ചു 70 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുമെന്ന ‘കിഴക്കമ്പലം മോഡൽ’ തന്നെയാണ് ആബാലവൃന്ദം ജനങ്ങളെ മുതലാളി നേതൃത്വം നൽകുന്ന ‘ബെനവലന്റ് ഡെമോക്രസിയിലേക്ക്’ ആകർഷിച്ചത്.

തെരഞ്ഞെടുപ്പുകളിൽ സൗജന്യ സാധനങ്ങൾ വാഗ്ദാനം ചെയ്യുന്നതും, തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അവ വിതരണം ചെയ്യുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തമിഴ്‌നാട്ടുകാർ ടി വി യും, മിക്സിയും, ഗ്രൈൻഡറും നൽകുമ്പോൾ പ്രബുദ്ധതയില്ലാതെ തങ്ങളുടെ രാഷ്ട്രീയ അവകാശം സൗജന്യ സമ്മാനങ്ങൾക്കായി പണയം വെച്ചവർ എന്നൊക്കെ പറഞ്ഞു മലയാളികൾ അവരെ കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപിക്കുമായിരുന്നെന്ന് മാത്രം.

എന്നാൽ ഈ പ്രബുദ്ധതയൊക്കെ വെറുതെ പറയുന്നതാണെന്നും എല്ലാ മനുഷ്യന്റെ ഉള്ളിലും സൗജന്യം ആഗ്രഹിക്കുന്ന മനസ്സുണ്ടെന്നും ഇന്ന് നമുക്കറിയാം. കേരളത്തിൽ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിനെ കുറിച്ചു നാട്ടിലൊന്നന്വേഷിച്ചു നോക്കൂ. ഈ പരിപാടി കൊള്ളാമെന്നു തന്നെയാണ് എല്ലാ വിധ സൗകര്യങ്ങളുള്ളവരും പറയുക. വരുമാന ഭേദമന്യേ ഏവർക്കും സൗജന്യമായി കിറ്റ് ലഭിക്കുന്ന അവസ്ഥ നഷ്ടപെടുന്നത് പലർക്കും ചിന്തിക്കാനേ വയ്യ. അതുകൊണ്ടാണ് ലൈഫ് പദ്ധതിയുടെ കാര്യത്തിൽ യു ഡി എഫ് കൺവീനറുടെ പ്രസ്താവനയെ എങ്ങനെ ഉപയോഗപ്പെടുത്തിയോ അതുപോലെ കിറ്റിനെ കുറിച്ചുള്ള ഏതു പ്രതിപക്ഷ പ്രസ്താവനയെയും ഭരണപക്ഷം ഉപയോഗപ്പെടുത്തുമെന്ന് പറയുന്നതും. രാഷ്ട്രീയം അറിയാത്ത സാമ്പത്തിക വിദഗ്ധരുടെ ഉപദേശവും കേട്ട് കേരളം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നൊക്കെ പറഞ്ഞു ധവള പത്രം ഇറക്കാൻ പോയാൽ പണി കിട്ടുമെന്ന് നൂറു തരം.

അതുകൊണ്ടാണ് യു ഡി എഫു കാർ ഇത്തവണയെങ്കിലും ‘സ്ഥിരം നിലയ വിദഗ്ധരെ’ കൊണ്ട് അവസാന നിമിഷമുണ്ടാക്കുന്ന ഇലെക്ഷൻ മാനിഫെസ്ടോയുടെ അലകും പിടിയും മാറ്റാൻ ആലോചിക്കണമെന്ന് പറയുന്നതും. പ്രാദേശിക ആസൂത്രണം കൂടുതൽ ജനാധിപത്യപരമാക്കും, വിഭവസമാഹാരണത്തിൽ നൂതന മാർഗങ്ങൾ കണ്ടെത്തും എന്നൊക്കെ പറഞ്ഞു നിർത്താതെ ഭക്ഷ്യ കിറ്റ് വിതരണം രണ്ടു വർഷം കൂടി തുടരുമെന്നോ, കൂടുതൽ സാധനങ്ങൾ കിറ്റിൽ ഉൾപെടുത്തുമെന്നോ എന്നൊക്കെ സാധാരണക്കാർക്ക് മനസിലാകുന്ന കാര്യങ്ങൾ കൂടി പ്രകടനപത്രികയിൽ വേണം.

കഴിഞ്ഞ വർഷം ആന്ധ്രപ്രദേശിൽ ജഗൻ മോഹൻ റെഡ്‌ഡി 175 സീറ്റിൽ 151ലും വിജയിച്ചു അധികാരത്തിൽ എത്താൻ കാരണമാക്കിയ 9 വാഗ്ദാനങ്ങളായ ‘നവരത്നലു’ മാതൃകയായി മുന്നിലുണ്ട്. ആന്ധ്രയിലെയും, തമിഴ്നാടിലെയും വോട്ടർമാരെ പോലെയാണോ നമ്മുടേത്, പ്രബുദ്ധരല്ലേ, വിവേകികളല്ലേ എന്നൊക്കെ പറയുന്നവർ ഓർക്കേണ്ടത് കേരളത്തിലെ വോട്ടർമാരിലും പോളിംഗ് ബൂത്തിൽ നിൽക്കുമ്പോൾ ‘കിറ്റ് കിട്ടിയാരുന്നല്ലോ ‘ എന്ന തോന്നൽ തന്നെയാണ് മനസ്സിൽ ആദ്യമെത്തുക എന്നതാണ്. കാറും, വലിയ വീടും, ഭൂസ്വത്തും, സ്ഥിരം ജോലിയുമൊക്കെയുള്ള മധ്യവർഗ വോട്ടർ പോലും ലഭിച്ചു കൊണ്ടിരിക്കുന്ന കിറ്റ് നഷ്ടപെടാതിരിക്കാൻ വേണ്ടിയാവും തന്റെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുമെന്നത് കൂടിയാണ്. ശരിക്കും, ബിരിയാണി കിട്ടിയാലോ എന്ന് ആരാണ് ചിന്തിക്കാത്തത്. സോ, സർക്കാരിന്റെ ധന സ്ഥിതി തല്ക്കാലമവിടെ നിൽക്കട്ടെ ‘വെൽഫയർ സോപ്പ് ഓപ്പറേകൾ’ അരങ്ങു തകർക്കട്ടെ.


Baiju Swamy

രാഷ്ട്രീയക്കാരെ പൊതു ജനങ്ങൾക്ക് അറപ്പും വെറുപ്പും എന്ന് 20-20 യുടെ സ്ഥാപകന്റെ അഭിപ്രായം എന്ന് ഏഷ്യാനെറ്റ്‌ ചാനലിൽ…
ഇദ്ദേഹം ആരാണാവോ? ഇദ്ദേഹത്തിന് രാഷ്ട്രീയം എന്നതിന്റെ നിർവചനം അറിയാമോ? ഇല്ലെന്ന് ഉറപ്പ്. ആദ്യം ജനാധിപത്യം പാരീസ് കമ്യുൺ മുതൽ എങ്ങനെ ലോകത്തിന്റെ മുഖഛായ മാറ്റിയെന്ന് വായിക്കുക. അന്ന് കുറേ പ്രഭുക്കളും സഭയും ഒക്കെ ചേർന്ന് നാട്ടിൽ ഇത് പോലെ അങ്ങ് ഭരിക്കുകയായിരുന്നു. അവരുടെ അഭിപ്രായത്തിന് എതിരെ പറയുന്നവരെ ഗില്ലട്ടിൻ ചെയ്തും വിഷം കൊടുത്തും കൊല്ലുമായിരുന്നു.

നിങ്ങൾക്ക് വേണ്ടത് മുഴുവൻ ഞാൻ തരുന്നില്ലേ എന്ന് ചക്രവർത്തിമാർ ചോദിക്കുമായിരുന്നു. അവരുടെ ഏജന്റ്മാരായ കുറേയാളുകൾ മാത്രമുള്ള കുറച്ചു പാർലമെന്റ് തീരുമാനിക്കും. അത് തൂത്ത്തെറിഞ്ഞു കൊണ്ട് ജനങ്ങൾ ജനാധിപത്യ സമൂഹത്തെ സൃഷ്ടിച്ചു. അത് പിന്നീട് പരിണാമ ദശകൾ മറി കടന്ന് ഇപ്പോൾ ഇന്ത്യയിലെ സെമി പ്രാകൃത ജനാധിപത്യത്തിൽ എത്തി നില്കുന്നു.ആ ജനാധിപത്യത്തിൽ പോരായ്മകൾ ഉണ്ടാകാം. പക്ഷേ അതിൻറെ സൗന്ദര്യം ആണ് ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനും വേണ്ടി ഹൃദയം മുറിച്ചു കൊടുക്കുന്ന അണികൾ. അവർ 20-20 യിൽ ഉള്ളവരെ പോലെ ശമ്പളത്തിന് ജോലി ചെയ്യുന്ന കമ്പനി എക്സിക്യൂട്ടീവ് പോലെയുള്ള ആളുകൾ അല്ല.

Kitex ന്റെ ഓഫീസ് അല്ല ഒരു പാർട്ടി ഓഫീസ്. പ്രളയം വന്നപ്പോൾ പാർട്ടി ഓഫീസുകൾ മലർകെ തുറന്നിട്ടു. ഇന്നും കേരളത്തിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെയും ഓഫീസിൽ ആർക്കും അശരണരെങ്കിൽ അഭയം കിട്ടും. Kitex ന്റെ ഓഫീസിൽ സാധിക്കില്ല. ഇന്നും ഒരു കവലയിൽ നിങ്ങൾ തലച്ചുറ്റി വീണാൽ ഈ പാർട്ടി ഓഫീസിൽ നിന്ന് നിങ്ങൾ പറഞ്ഞ വൃത്തികെട്ട പാർട്ടിക്കാർ ഓടി വരും. മരിക്കാൻ കിടക്കുമ്പോൾ പിരിവിട്ട് ആശുപത്രിയിൽ വേണ്ടത് എത്തിക്കും. ഒരു സർക്കാരും പ്രാദേശിക ഭരണകൂടവും efficient ആയി ഇത് ചെയ്യുമെന്ന് പ്രതീക്ഷ വേണ്ട. അത് അഴിമതി ആയത് കൊണ്ടല്ല, പരിമിതികൾ മൂലം ആണ്.

ഇതിനിടയിൽ കേട്ട ഒരു കാര്യം പറയാതെ വയ്യ. അത് ഞാൻ കൺഫേം ചെയ്യുന്നുമില്ല. Kitex എന്ന ഓഹരിയിൽ വൻ തോതിൽ നിക്ഷേപം ഉണ്ടായിരുന്ന മരിച്ചു പോയ ഒരു വ്യക്തി എന്റെ സുഹൃത്തായിരുന്നു. കൊച്ചിയിൽ തന്നെ ഉള്ള വ്യക്തി. അദ്ദേഹം മൂന്ന് രൂപയോക്കെ കിടക്കുമ്പോൾ ഈ ഓഹരി വാങ്ങിക്കൂട്ടുമായിരുന്നു. അദ്ദേഹം എന്നോട് അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള കുറേ സംഘി ബ്രോക്കർസ് ഈ ഓഹരി ആയിരം എത്തിക്കും എന്ന് എന്നോട് പറഞ്ഞിരുന്നു. Kitex ഓഹരി ആയിരം എത്തുകയും ചെയ്തു.

ആ ഓഹരി rigging നടത്തിയവരുടെ പൊളിറ്റിക്കൽ ലബോറട്ടറി ആണ് 20-20 എന്ന് ഇങ്ങനെ “പൊളിറ്റിക്കണോമിക്സ് ” എന്ന മേഖലയിൽ കുറേ ഉൾകാഴ്ചയുള്ള എനിക്ക് അന്നേ തോന്നിയിരുന്നു.ആ വ്യക്തികൾ ആരെന്നും എനിക്ക് അറിയാം. അവരുടെ കടിഞ്ഞാൺ ആരുടെ കയ്യിലെന്നും അറിയാം. India Against Corruption, Pathanjali ഒക്കെ ഇങ്ങനെ ആണ് തുടങ്ങിയത്.പക്ഷേ ഒന്ന് പറയാം. ഇത് കേരളമാണ്. നടക്കില്ല നിങ്ങളുടെ ഡിസൈൻ.