“പീസാണോ/ ചരക്കാണോ/ കൊള്ളാമോ /സുന്ദരിയാണോ ഇങ്ങനെ വ്യത്യസ്ത രീതിയിയെങ്കിലും മാനദണ്ഡം ഒന്നു തന്നെയാണ്

63

രജിത് ലീല രവീന്ദ്രൻ

“നിന്റെയൊക്കെ പൊളിറ്റിക്കൽ കറക്ട്നെസ്സ് കാരണം ഒരു തമാശ പോലുമിപ്പോൾ പറയാൻ വയ്യല്ലോ”. ചില കൂട്ടുകാർ ഇടയ്ക്കിടെ പറയുന്നതാണിത്. എന്നാൽ നേരമ്പോക്ക് എന്ന രീതിയിൽ പറഞ്ഞു പോകുന്ന പല ‘നിർദോഷ’കാര്യങ്ങളും എത്ര മാത്രം സ്ത്രീ വിരുദ്ധമാണെന്നും, സ്ത്രീക്ക്‌ വെറും വാണിജ്യ വസ്തുവിന്റെ വില മാത്രം നൽകുന്നവയുമാണെന്നും പലരും ഓർക്കുന്നതേയില്ല .ഇതേ തമാശകളിൽ സ്ത്രീകൾക്ക് പകരം കേന്ദ്ര കഥാപാത്രമായി പുരുഷന്മാർ വന്നാൽ ആസ്വദിക്കാൻ അധികമാളുകൾ ഉണ്ടാകില്ലെന്ന സത്യവും.
കഴിഞ്ഞദിവസം പ്രചരിച്ച ഒരു ട്രോൾ ചിത്രമാണൊപ്പം ചേർത്തിരിക്കുന്നത്. ഇലക്ഷൻ ഡ്യൂട്ടിക്ക് പ്രിസൈഡിങ് ഓഫീസറായി നിയമനം ലഭിച്ച പുരുഷൻ കൂടെയുള്ള 4 പേരും സ്ത്രീകളാണെന്ന് അറിഞ്ഞപ്പോൾ അവർ ‘തരുണീമണികളാണെന്ന്’ വിചാരിക്കുന്നു/സന്തോഷിക്കുന്നു; ‘കൺഫ്യൂഷൻ തീർക്കണമേ ‘എന്ന സിനിമ പാട്ടിലെ സ്ത്രീകളെ ഓർക്കുകയുമാണ്. എന്നാൽ ഇലക്ഷന്റെ തലേന്ന് നേരിട്ട് കണ്ടപ്പോൾ നന്ദനം സിനിമയിലെ ബാലാമണിയുടെയും, സഹായികളുടെയും ചിത്രം പോലായത്രേ.

നമ്മുടെ സമൂഹത്തിൽ സ്ത്രീ എന്നാൽ ‘നിർദേശിക്കപ്പെട്ട അഴകളവുകളുള്ള’ ഒരു രൂപമാണ്. തൊലിയുടെ വെളുപ്പ് മുഖ്യമാണ്. സ്ത്രീയെന്നാൽ ബാഹ്യ സൗന്ദര്യം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിലാണവൾ പ്രധാനമായും വിലയിരുത്തപ്പെടുന്നത്. ഓരോ പുരുഷന്റെയും സാമൂഹ്യ രീതികളനുസരിച്ചു “അവളെങ്ങനെ പീസാണോ/ ചരക്കാണോ/ കൊള്ളാമോ /സുന്ദരിയാണോ എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ചോദിക്കുമെങ്കിലും വിലയിരുത്താനുള്ള മാനദണ്ഡം ഒന്നു തന്നെയാണ്. അവളുടെ ബുദ്ധിയോ, സാമൂഹിക ഇടപെടലുകളോ ഒന്നും പരിഗണനയിൽ വരുന്ന വിഷയമേയല്ല.

‘ നിർദേശിക്കപ്പെട്ട സൗന്ദര്യമുണ്ടെങ്കിൽ’ പിന്നെ ഒന്നുമില്ലെങ്കിലും കുഴപ്പമില്ല എന്നാണ് തീർപ്പു കൽപ്പിക്കപ്പെടുന്നത്. മാത്രമല്ല ബുദ്ധിമതികളായ സ്ത്രീകളോടല്ല, പൊട്ടത്തരം പറയുന്ന സ്ത്രീകളോടാണ് മലയാളി പുരുഷന്മാർക്ക് കൂടുതൽ താല്പര്യമെന്നും തോന്നിപോകും നമ്മുടെ സിനിമകളും, ഷോർട് ഫിലുമുകളും, ഫേസ്ബുക് പ്രൊഫൈലുകളിലെ കമെന്റുകളും കാണുമ്പോൾ.

അതുകൊണ്ടായിരിക്കാം ‘സുന്ദര വിഡ്ഢി’ എന്ന പുരുഷന്മാരെ കുറിച്ചുള്ള അപമാനകരമായ പരാമർശത്തിനു തത്തുല്യമായ സ്ത്രീ നാമം മലയാള ഭാഷയിലില്ലാത്തത്. ടിക് ടോക് വീഡിയോകളിൽ എമ്പാടും കണ്ടിരുന്ന എട്ടും പൊട്ടും തിരിയാത്ത, മണ്ടത്തരം പറയുന്ന, കൂടെ നടക്കുന്ന പുരുഷനെ കൊണ്ട് നിന്റെ കാര്യം എന്നു പറയിപ്പിച്ചു ചിരിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികൾ അപമാനകരമായ കാഴ്ചയുമാകാത്തത്. അങ്ങനെയുള്ള പെൺകുട്ടികളെ വാത്സല്യത്തോടെ പുതു തലമുറയിലെ കലിപ്പന്മാർ വിളിക്കുന്നത് ‘കുട്ടൂസ് ‘എന്നാണ്. പക്ഷേ തൊലി വെളുപ്പും, ‘ആകർഷകമായ നിർദേശിക്കപ്പെട്ട ശരീര ഭംഗിയും’ ഉള്ളവരെ മാത്രമേ ഇങ്ങനെ വിളിക്കൂ എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം.

പെണ്ണ് കാണാൻ ചെന്ന് “ഒരു തുണ്ട് ഇറച്ചി പോലും പെണ്ണിന്റെ ശരീരത്തിലില്ലെന്നോ” “അല്ലെങ്കിൽ പെണ്ണ് ചീർത്ത് തടിച്ചു ശീമ പന്നിയെ പോലുണ്ടെന്നും” പറയുന്ന അമ്മാവന്മാർ നേതൃത്വം നൽകുന്ന സ്ത്രീ വിരുദ്ധതക്കും , സ്ത്രീ എന്നാൽ ശരീരത്തിൽ മാത്രമൊതുങ്ങുന്ന വസ്തുവാകുന്ന പ്രതിഭാസത്തിനും പുതിയ കാലത്തും മാറ്റമൊന്നുമില്ല എന്നത് ദുഖകരമാണ്.