ദളിതൻ മാൻഹോൾ വൃത്തിയാക്കുക, മീശപിരിച്ചു, കൂളിംഗ് ഗ്ലാസ് വയ്‌ക്കേണ്ട എന്നാണ് ബുദ്ധിജീവി ഭാഷ്യം

  145

  രജിത് ലീല രവീന്ദ്രൻ

  ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ പഠനം നടത്തുന്ന ദളിത് ചിന്തകൻ ഡോക്ടർ സുരാജ് യെങദേയുമായുള്ള ഇന്റർവ്യൂകൾ കഴിഞ്ഞദിവസം യൂട്യൂബിൽ കാണുകയുണ്ടായി. ഇന്ത്യയിൽ ന്യൂനപക്ഷമായ ഒരു ജനവിഭാഗത്തിന് സാമൂഹിക,സാമ്പത്തിക മേൽക്കോയ്മ ഉറച്ചു നിർത്താനുള്ള ഉപകരണമാണ് ജാതിവ്യവസ്ഥ എന്നും അതിനെതിരായി ചെറിയ ശബ്ദം ഉയർന്നാൽ പോലും അതിക്രൂരവും, പൈശാചികവുമായ മർദ്ദന മുറകളിലൂടെ സവർണർ അതിനെയും, ദളിതരെയും നേരിടുമെന്നും സുരാജ് നിരീക്ഷിക്കുന്നു.

  ദളിതനായി ജനിച്ചു എന്നതിന്റെ പേരിൽ മാത്രം ശബ്ദമുയർത്തി സംസാരിക്കാനോ, തിരിച്ചു മറുപടി പറയാനോ,കുതിരപ്പുറത്ത് സഞ്ചരിക്കുവാനോ,ഡിസൈനർ സ്യൂട്ടുകൾ ധരിക്കുവാനോ സമൂഹം അനുവദിക്കാത്ത ഗ്രാമപ്രദേശങ്ങൾ ലക്ഷക്കണക്കിനുള്ള രാജ്യമാണ് ഇന്ത്യയെന്നും, മനുഷ്യ മലത്തിൽ മുങ്ങിക്കുളിച്ചു മാൻഹോളുകൾ വൃത്തിയാക്കുന്ന തൊഴിലാളികൾ ബഹുഭൂരിപക്ഷവും ദളിത് വിഭാഗത്തിൽ പെടുന്നവരാണെന്നും സുരാജ് പറയുന്നുണ്ട്. ഇന്ത്യ ദളിത് ജനവിഭാഗങ്ങളെ ജാതിവ്യവസ്ഥ എന്ന ഉപകരണം ഉപയോഗിച്ചുകൊണ്ട് മനുഷ്യ വിസർജ്ജ്യം നിറഞ്ഞ മാൻഹോളുകൾ വൃത്തിയാക്കുവാൻ ഉപയോഗപ്പെടുത്തുകയാണെന്നും ‘കാസ്റ്റ് മാറ്റേഴ്സ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സുരാജ് അടിവരയിട്ട് പറയുന്നു.

  അതെ, മാൻഹോൾ വൃത്തിയാക്കുവാൻ ഓടയിലേക്ക് ഇറങ്ങുന്ന ദളിതൻ സാധാരണ കാഴ്ചയാണ്,എല്ലാവരും പ്രതീക്ഷിക്കുന്നതാണ്. എന്നാൽ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ നെഞ്ചുവിരിച്ചു, മീശപിരിച്ചു,കൂളിംഗ് ഗ്ലാസ് വച്ച്, ആരെയും കൂസാതെ നടന്നു പോകുന്ന ദളിത്‌ നേതാവിനെ ആരും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവണനെന്ന മുപ്പത്തിനാലുകാരനായ ദളിത്‌ യുവ നേതാവിന് എങ്ങനെയാണിത്ര ആത്മവിശ്വാസം കിട്ടിയത് എന്ന അമ്പരപ്പിലാണ് ജാതി പ്രമാണിമാർ. ഇക്കൂട്ടത്തിലെ ഒരു പ്രത്യേക തരം കുരു പൊട്ടൽ,അവശ ജനവിഭാഗത്തിന്, ആലംബ ഹീനർക്ക് സംരക്ഷണം നൽകുകയെന്നത് തങ്ങളുടെ മാത്രം ചുമതലയാണെന്നും, അത് തങ്ങൾ നൽകുന്ന ഔദാര്യമാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഇടത് ലിബറൽ താത്വികാചാര്യൻമാരുടേതാണ്.

  ജനങ്ങൾക്കൊപ്പം നിന്ന് അധസ്ഥിതരുടെ അവകാശങ്ങൾക്കുവേണ്ടി ഭയമില്ലാതെ, നേർക്കു നേർ നിന്ന് പോരാടുന്ന ആസാദിന് തിയറി അറിയില്ല എന്നാണ് തിയറിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഈ കുമാരപിള്ള സാറമ്മാർ അവകാശപ്പെടുന്നത്. ഈ സൈദ്ധാന്തികൻ മാരുടെ പ്രധാന ആയുധമായ പുച്ഛം ഈ അവസരത്തിൽ എല്ലാവിധ ശക്തിയോടെ കൂടിയും അവർ പുറത്തെടുക്കുകയും ചെയ്യുന്നു.
  സംഘപരിവാർ സർക്കാരുകൾക്കെതിരെ, ദളിത് അതിക്രമങ്ങൾക്കെതിരെ ശക്തമായ പോരാട്ടവുമായി നിരത്തുകളിലും ജനഹൃദയങ്ങളിലും നിറയുന്ന ചന്ദ്രശേഖർ ആസാദിന്റെ ‘മ്യൂസിക് വിത്ത്‌ ബോഡി മസിൽസ് ആൻഡ് മീശ പിരി ഷോ ‘ ഡൽഹിയിൽ ഉണ്ടായില്ലേയെന്ന് ദീപക് ശങ്കരനാരായണൻ പരിഹസിച്ച് ചോദിക്കുന്നത് ഈ പുച്ഛം കൊണ്ടാണ്.കല്യാണം ആണെങ്കിലും പതിനാറടിയന്തിരം ആണെങ്കിലും അങ്ങനെ ഇങ്ങനെ ഒരു ഷോയും പോഞ്ഞിക്കര മിസ്സ് ആകാത്തത് ആണല്ലോ എന്നുള്ള പരിഹാസം കൂടി ദീപക് വകയായുണ്ട്.

  ചന്ദ്രശേഖർ ആസാദ് രാവണിനു ഇന്ത്യയിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നതിനും, പ്രതികരിക്കുന്നതിനും ദീപക് ശങ്കരനാരായണനെ പോലുള്ള ബുദ്ധിജീവികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നത് ഏറെ ആശ്വാസകരമാണ്. പഴയ സോവിയറ്റ് യൂണിയൻ ആയിരുന്നെങ്കിൽ പ്രവിശ്യ കമാണ്ടരോ, സെൻസർഷിപ് ചീഫോ ആകേണ്ട ആളായിരുന്നു ദീപക് സഖാവ്. അങ്ങനെയായിരുന്നെങ്കിൽ ചന്ദ്രശേഖർ ആസാദ്‌ എന്നേ സൈബീരിയയിൽ എത്തിയേനെ.

  ചന്ദ്രശേഖർ ആസാദിനെ കല്യാണരാമൻ സിനിമയിലെ ഇന്നസെന്റ് കഥാപാത്രമായ പോഞ്ഞിക്കരയോട് ഉപമിച്ച ദീപക് ശങ്കരനാരായണൻ അറിയേണ്ടത് താൻ ഉൾപ്പെടുന്ന ബുദ്ധിജീവികൾക്ക് സാമ്യം ആ സിനിമയിലെ തന്നെ “ഞാൻ എപ്പോഴാണ് ഇറങ്ങേണ്ടത്” എന്ന് ചോദിച്ചു ആളുകൾ വരാൻ വേണ്ടി വണ്ടിയിൽ തന്നെ കാത്തിരിക്കുകയും, ആവശ്യം വരുമ്പോൾ മറ്റുള്ളവർ പുറത്തെടുത്തു കൊണ്ടുപോയി ഉടയാതെ ഒരിടത്തിരുത്തി പ്രതിഷ്ഠിച്ചു വെച്ചിരിക്കുന്ന മുത്തശ്ശനോടാണെന്നാണ്. “തെക്കോട്ട് കിണ്ടി തിരിഞ്ഞിരിക്കുന്നത് ലക്ഷണക്കേടാണ്” എന്നൊക്കെയുള്ള ആപ്ത വാക്യങ്ങൾ ഉരുവിട്ട് കൊണ്ടിരിക്കുകയും, തരം കിട്ടുമ്പോളൊക്കെ കലാപരിപാടികൾ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന മുത്തശ്ശന്മാർക്ക് എന്തും പറയാം, അവർക്ക് വെയിലും കൊള്ളേണ്ട, ഭരണകൂടത്തേയും, പോലീസിനെയും പേടിക്കുകയും വേണ്ട , വാക്കിലും, പ്രവർത്തിയിലും, ഫേസ്ബുക്കിലും, ജീവിതത്തിലും ഒരു സാമ്യവും വേണ്ട. കാരണം ‘തിയറി’ മുഴുവൻ അവരുടേതാണല്ലോ.