കൂമൻ – സ്പോയിലേഴ്സ് അലേർട്.
രജിത് ലീല രവീന്ദ്രൻ
“ചോര ശാസ്ത്രാധിദേവതേ മോഷണപാതയിൽ കുടിയിരുന്നു
വസ്തു സ്ഥിതി വിവരജ്ഞാനമേകുവോനെ
ഇരുളിൽ ഒളിയായി വഴി നടത്തുവോനെ
നിൻപാദ യുഗ്മം സ്മരിച്ച് നാമമുച്ചരിച്ചു
ഇതാ കള്ളനിവൻ കളവിനു പുറപ്പെടുന്നു.”
വി ജെ ജെയിംസിന്റെ ‘ചോരശാസ്ത്രം’ എന്ന നോവലാരംഭിക്കുന്നത് ഇങ്ങനെയാണ്. മോഷണത്തെക്കുറിച്ചും, മോഷ്ടാവിനെക്കു റിച്ചും,മോഷണം നടത്തുന്നതെന്തിനെന്ന തിനെ കുറിച്ചും കള്ളന്റെ കാഴ്ചപ്പാടിലൂടെയും കഥ പറയുന്ന ‘ചോരശാസ്ത്രം’ മലയാളത്തിലെ ഗംഭീരമായ, എന്നാൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു പുസ്തകമാണെന്നാണ് തോന്നുന്നത്.
പിടിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുമെന്നറിഞ്ഞിട്ടും മനുഷ്യരെ വീണ്ടും വീണ്ടും മോഷണം നടത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തായിരിക്കുമെന്ന ചോദ്യത്തിലേക്ക്, മോഷ്ടാവിന്റെ മനോനിലയിലേക്ക്, അവന്റെ ആത്മസംഘർഷങ്ങളിലേക്ക് കൃത്യമായി കടന്നു ചെല്ലുന്ന സിനിമയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആസിഫലി നായകനായ ‘കൂമൻ’. പണമുണ്ടാക്കാൻ വേണ്ടി മാത്രമല്ല മനുഷ്യർ മോഷണത്തിന് ഇറങ്ങുന്നത്. മോഷണം തുടങ്ങിക്കഴിഞ്ഞാൽ അതൊരു ലഹരിയാകും. സിനിമയിലെ പഴയ കള്ളനായ മണിയൻ പറയുന്നതുപോലെ കള്ളിനെക്കാളും പെണ്ണിനെക്കാളും വലിയ ലഹരിയാകുമത്. പൊന്നും, പണവുമെല്ലാം അലമാരിയിൽ പൂട്ടി വെച്ചിട്ട് കിടന്നുറങ്ങുന്ന ആളുകളെ നോക്കിക്കൊണ്ട് ആ പണവും, ആഭരണങ്ങളും കവരുമ്പോൾ ലഭിക്കുന്ന നിർവൃതി. ഒരിക്കലതിലകപ്പെട്ടാൽ, ആ ലഹരി നുണഞ്ഞാൽ പിന്നെ അതിൽ നിന്ന് പുറത്തു കടക്കുക എളുപ്പമല്ല.
ആൽവിൻ ആന്റണിയും, ലിസ്റ്റിൻ സ്റ്റീഫനും ചേർന്നു നിർമ്മിച്ച ‘കൂമൻ’ ഒന്നാം പകുതിയും, രണ്ടാം പകുതിയും രണ്ടു ഭാഗങ്ങളാണ്. രണ്ടു ഭാഗങ്ങളും കൃത്യമായി സംയോജിപ്പിച്ചു പ്രേക്ഷകരിൽ മടുപ്പുണ്ടാക്കാതെ സിനിമയിൽ തന്നെ നോക്കിയിരുത്താൻ ജീത്തു ജോസഫിനു കഴിഞ്ഞിട്ടുണ്ട്. കൊറിയയിലെ സിനിമാ പ്രേക്ഷകരല്ലാത്തവർക്കും, ഇതുവരെ കഥയോ തിരക്കഥയോ എഴുതിയിട്ടില്ലാത്ത ബഹു ഭൂരിപക്ഷം വരുന്ന പ്രേക്ഷകർക്കും താൻ സിനിമാ ടിക്കറ്റിനായി മുടക്കിയ പണം നഷ്ടമായില്ലെന്ന് ആശ്വസിക്കാൻ പറ്റുന്ന സിനിമയാണ് ‘കൂമൻ’.
തനിക്ക് നേരെ ആരെങ്കിലും പരിഹാസത്തിന്റെ ചുവയുള്ള പരാമർശം നടത്തിയാൽ അയാളെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഗിരി എന്ന പോലീസുകാരനായാണ് ആസിഫലി വരുന്നത്. അയാളിലെ ഉള്ളിലെ പകയും, പക വീട്ടുമ്പോൾ അയാൾക്ക് ലഭിക്കുന്ന സംതൃപ്തിയുമെല്ലാം ആസിഫലി പ്രേക്ഷകരിലേക്കും പകർന്നു നൽകുന്നുണ്ട്.ഉപചാരപൂർവം ഗുണ്ടാ ജയൻ എന്ന സിനിമയിലെ കല്യാണത്തിന് റോൾ എടുക്കുന്ന എവിടെ നിന്നോ വന്ന അമ്മാവനാകട്ടെ, ഈ സിനിമയിലെ കള്ളനാകട്ടെ ജാഫർ ഇടുക്കി നടത്തുന്നത് ‘അഴിഞ്ഞാട്ടമാണ്’. നമ്മൾ ജാഫറെന്ന നടനെ മറന്നു പോവുകയും കഥാപാത്രം തന്നെയാണാതെന്ന് വിശ്വസിക്കുകയും ചെയ്യുക.ഏതിരുട്ടിലും പോലീസുകാരന്റെ നിഴലാട്ടം കണ്ടാൽ അയാളെ തിരിച്ചറിയുന്ന കള്ളനാണയാൾ.
തന്റെ മുൻകാല സിനിമകളിലെ പോലീസ് ഓഫീസർ വേഷം എവിടെയാണോ അഴിച്ചുവെച്ചത് അവിടെനിന്നും രഞ്ജി പണിക്കർ തന്റെ അഭിനയം തുടരുന്നു, പതിവ് തെറ്റിക്കാതെ. മുൻകാല സിനിമകളിൽ സ്ഥിരമായി കണ്ടിരുന്ന അമിതമായ വൈകാരിക പ്രകടനങ്ങൾക്ക് ബാബുരാജും, മേഘാനാഥനും അവധി നൽകിയത് നല്ല കാര്യമാണ്.’അയ്യപ്പനും കോശി’യിലുമുള്ള ജെസ്സിയെ പോലൊരു വ്യക്തിത്വമുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥ ഈ സിനിമയിലില്ല. നായികയായ ഹന്ന ഉൾപ്പെടെയുള്ള സിനിമയിലെ നടിമാരുടെ രംഗങ്ങളും കഥാപാത്ര ചിത്രീകരണവും നടന്മാരുടേത് പോലെ കൃത്യമായിട്ടോ, ആഴത്തിലുള്ളതോ അല്ലെന്നത് നിരാശാജനകമാണ്.
ക്ലൈമാക്സും അതിനോടടുപ്പിച്ചുള്ള രംഗങ്ങളും തീർത്തും പ്രതീക്ഷിതമായിരുന്നു, പുതുമകളൊന്നുമില്ല.വലിയ റിസ്ക് ഒന്നും എടുക്കാതെ സാമ്പ്രദായിക രീതികളിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും നടത്താതെ ഒരു ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ പ്രേക്ഷകർക്കു മുമ്പിൽ വെക്കുകയാണ് ജിത്തു ജോസഫ്.
‘കൂമന്റെ’ കഥയും, തിരക്കഥയും സംഭാഷണവും കെ ആർ കൃഷ്ണകുമാറിന്റെതാണ്. കൃഷ്ണകുമാർ ഹിന്ദുമതത്തിലെ ബ്രാഹ്മണാധിഷ്ഠിതമായ പൂജാ സമ്പ്രദായങ്ങളുടെ കടുത്ത ആരാധകനാണെന്ന് തോന്നുന്നുണ്ട്. അനാചാരങ്ങളും, ആഭിചാരങ്ങളും ഗോത്രവർഗ്ഗ ജനതയ്ക്ക് മുകളിൽ ചാരി കൊണ്ട് ബ്രാഹ്മണ്യത്തെ പരിപൂർണ്ണമായി കുറ്റ വിമുക്തരാക്കുന്ന സിനിമയിലെ നിലപാട് ചില ഫ്രെയിമുകളിലും കൃത്യമായി കാണിച്ചിട്ടുണ്ട്. ഇലന്തൂരിലെ ഭഗവൽ സിങ്ങും, ലൈലയും, ഷാഫിയും ഇല്ലായിരുന്നെങ്കിൽ ‘കൂമന്റെ’ കഥ ഇന്നത്തെ കാലത്തു നടക്കുവാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളാണെന്ന് നമ്മൾ പറഞ്ഞേനെ. എന്നാൽ ഇലന്തൂരിലെ നരബലിയുടെ നടത്തിപ്പുകാരുടെയത്ര ക്രൂരരാകാൻ ‘കൂമനിലെ’ വില്ലന്മാർക്ക് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്.
ഇന്നത്തെ മലയാള സിനിമയിൽ ജീത്തു ജോസഫ് ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ്. സംവിധാനം ജീത്തു ജോസഫ് എന്ന ടൈറ്റിൽ കാർഡ്,റിലീസ് ചെയ്ത് രണ്ടാം ദിവസം തിയേറ്ററുകളിൽ ആളുകളെ നിറയ്ക്കുവാൻ പ്രാപ്തമാക്കിയിരിക്കുന്ന തരത്തിലുള്ള വിശ്വസ്ഥതമായൊരു ബ്രാൻഡാണത്. തിരുവനന്തപുരത്തെ, കഴക്കൂട്ടം വെട്ടുറോഡിലുള്ള ഹരിശ്രീ തിയേറ്ററിന്റെ സെക്കന്റ് ഷോയിൽ ഒരു ടിക്കറ്റ് പോലും ബാക്കി വെക്കാതെ ബോക്സ് ഓഫീസിൽ ‘കൂമൻ’ പണക്കിലുക്കം കേൾപ്പിക്കുന്നുമുണ്ട്.