എസ്. ഐക്ക് നേരെ മേലുദ്യോഗസ്ഥൻ്റെ വധശ്രമം

0
178

Reju CR

എസ്. ഐ ക്ക് നേരെ മേലുദ്യോഗസ്ഥൻ്റെ വധശ്രമം.

കേസ് അന്വേഷണത്തിനിടെ അന്വേഷണോദ്യോഗസ്ഥനായ DIG, അന്വേഷണ സംഘത്തിലെ SI യെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചതായി ആക്ഷേപം. വിവാദമായ സിസ്റ്റർ അമല കൊലകേസ് അന്വേഷിക്കുന്നതിനായി കന്യാസ്ത്രീ മഠത്തിൽ അന്വേഷണ സംഘം എത്തിയപ്പോഴാണ് സംഭവം നടന്നത്. അന്വേഷണത്തിൻ്റെ ചുമതലയുള്ള DIG ഈശോ പണിക്കർ IPS, SP അൻവർ റാവുത്തർ, CI കർത്താവ്, SI എഴുത്തച്ഛൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ കിണറിന് സമീപമുള്ള വാട്ടർ ടാങ്കിന് അടുത്ത് വച്ചാണ് ആക്ഷേപത്തിന് ആസ്പദമായ നാടകീയ സംഭവം അരങ്ങേറിയത്.

സിസ്റ്റർ അമലയുടെ മരണം ഇങ്ങനെയുമാകാം | Suresh Gopi , Kalabhavan Mani - Crime  File - YouTubeകേസുമായി ബന്ധപ്പെട്ട ഫയൽ എഴുത്തച്ഛൻ്റെ കയ്യിലാണ് ഉണ്ടായിരുന്നത്. ടാങ്കിന് അടുത്ത് എത്തിയപ്പോൾ DIG, എഴുത്തച്ഛനോട് കർച്ചിഫ് ആവശ്യപ്പെടുകയും ആ ഫയൽ വാങ്ങി CI കർത്താവിൻ്റെ കൈയിൽ ഏൽപിക്കുകയും ചെയ്തു. തുടർന്ന് എഴുത്തച്ഛൻ പോക്കറ്റിൽ നിന്ന് കെർച്ചീഫ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഈശോ പണിക്കർ എഴുത്തച്ഛൻ്റെ കഴുത്തിൽ പിടിച്ച് ടാങ്കിലെ വെള്ളത്തിൽ മുക്കുകയയിരുന്നു. മരണവെപ്രാളത്തിൽ അദ്ദേഹം പിടഞ്ഞു. ഇത് കണ്ട് നിന്ന SP അൻവർ SI യെ വിടാൻ ആവശ്യപ്പെട്ടെങ്കിലും DIG പിന്മാറിയില്ല. CI കർത്താവും കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് DIG സ്വയം എഴുത്തച്ഛനെ മോചിപ്പിക്കുകയായിരുന്നു. സിസ്റ്റർ അമലയുടെ മരണം സംഭവിച്ചത് ഇങ്ങനെയും ആകാം എന്ന് DIG ഇതിന് ശേഷം പറഞ്ഞു. ഇത് കേട്ടതും 3 പൊലീസുകാരും DIG സാർ ഒരു കില്ലാടി തന്നെ എന്ന ഭാവത്തിൽ നോക്കി നെടുവീർപ്പിട്ടു.

അങ്ങനെ അവസാനിക്കേണ്ടിയിരുന്ന സംഭവം വിവാദമായത് മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ എങ്ങനെയോ പുറത്തായതോടെയാണ്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പോലീസ് മേധാവി പ്രതികരിച്ചത് ഇങ്ങനെയൊരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ്. പോലീസിന് കേസ് തെളിയിക്കാൻ പല മാർഗങ്ങളും സ്വീകരിക്കേണ്ടി വരുമെന്നും വധശ്രമത്തിന് ഇരയായി എന്ന് പറയപ്പെടുന്ന SI ക്ക് പരാതി ഉണ്ടെങ്കിൽ അന്വേഷിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് പ്രതികരിക്കാനോ പരാതി നൽകാനോ SI എഴുത്തച്ഛൻ തയ്യാറായിട്ടില്ല. വളരെ പ്രധാനപ്പെട്ടതും, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു വസ്തുത തങ്ങൾക്ക് മനസ്സിലാക്കി തരാനാണ് DIG ഇത്തരം ഒരു സാഹസം ചെയ്തതെന്നും അദ്ദേഹത്തിൻ്റെ ബുദ്ധിസാമർധ്യത്തെ പ്രശംസിക്കുകയാണ് വേണ്ടതെന്നും മറ്റ് രണ്ട് പൊലീസുകാരും പ്രതികരിച്ചു.

എന്നാൽ സംഭവത്തെകുറിച്ച് നാനാഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഒരു സഹപ്രവർത്തകൻ്റെ ജീവൻ അപകടത്തിൽ ആക്കിയിട്ടാണോ കേസ് തെളിയിക്കുന്നത് എന്നാണ് ഒരു ചോദ്യം. മേലുദ്യോഗസ്ഥനെ പേടിച്ചാണ് പോലീസുകാർ പരാതി പറയാതത്തെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. വെള്ളത്തിൽ മുക്കിപ്പിടിച്ചാൽ മരിക്കും എന്ന് മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്തവരാണോ പോലീസുകാർ എന്നാണ് എല്ലാവരും ചോദിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും പോലീസിൽ തന്നെയുള്ളവരും ഇതിനെ അപലപിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇക്കണക്കിനു വെട്ടും കുത്തും തെളിയിക്കാൻ ഇയാൾ കൂടെയുള്ള പോലീസുകാരെ വെട്ടി നോക്കുമോ എന്നാണ് അവർ ചോദിക്കുന്നത്. എന്തായാലും സംഭവം ഇപ്പൊൾ ചൂട് പിടിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. വീഡിയോ ചുവടെ.