ഒരു മതവും തലോടലും തഴുകലും അർഹിക്കുന്നില്ല, അതർഹിക്കുന്നത് മനുഷർ മാത്രമാണ്

115

Reju Sivadas Gramika

നിർണായകമായ രാഷ്ട്രീയാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഹിന്ദുത്വവാദികൾ , എങ്ങനെ ഒരു പേഗൺ മതത്തെ സെമിറ്റിക് ഘടനയിലേയ്ക്ക് വെട്ടിയൊതുക്കാമെന്ന് കാട്ടിതന്നുകൊണ്ടിരിക്കുന്ന സമയം. വർഗീയ ഭരണകൂടം അതിന്റെ എല്ലാവൈകൃതങ്ങളും പുറത്തുകാട്ടിതുടങ്ങുന്ന സമയം. ഇവിടെ നാമെന്താണ് വേണ്ടത് ? മതേതര (മത നിരപേക്ഷതയെന്ന പാലിലെ വെള്ളമല്ല ) മനുഷ്യന് എങ്ങനെയാണ് മതത്തെ ചേർത്ത് പിടിക്കാനാകുക ? ഒരു കൂട്ടം മനുഷ്യർ, മറ്റൊരു കൂട്ടരാൽ പല തരത്തിൽ ഒറ്റപ്പെടുത്തുമ്പോൾ മനുഷ്യന് കിട്ടേണ്ട പരിഗണനയ്ക്കുവേണ്ടി വാദിക്കുന്നതിനപ്പുറം ആമനുഷ്യരുടെ മതബോധത്തെ മഹത്വവൽക്കരിക്കാനോ, മാനവ വിരുദ്ധമായ മത നിയമങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാനോ പറയുന്നതിൽ എന്ത് യുക്തിയാണുള്ളത് ? ക്രിസ്ത്യൻ മതം ലോകം മുഴുവൻ നിറയണമെന്ന ക്രൈസ്തവ മതബോധവും, അള്ളാഹുവല്ലാതെ മറ്റൊരു ദൈവത്തിൽ വിശ്വസിക്കുന്നവർ ഇസ്ളാമിന്റെ ശത്രുവാണെന്ന ഇസ്ളാമിക ബോധവും എല്ലാ മതബോധങ്ങളേയുംപോലെ എങ്ങനെയാണ് ജനാധിപത്യത്തിന് ഭൂഷണമാകുക? ഹിന്ദുത്വവാദരാഷ്ട്രീയം ഇസ്ളാംമതത്തെ ഉന്നം വച്ച് നീങ്ങുന്ന കാലത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്നവർ ഇസ്ളാമിനെ വല്ലാതങ്ങ് ചേർത്തു പിടിക്കുന്നുണ്ട്. ഇവർ ആ മനുഷ്യരിലെ ഏറ്റവും സങ്കുചിതമായ ഇസ്ളാം എന്ന മതബാധയെ കൂട്ടിപിടിക്കയല്ല വേണ്ടത്, മതബാധയോട് കലഹിച്ചുകൊണ്ട് മനുഷ്യരെ ചേർത്തു പിടിക്കയാണ് വേണ്ടെതെന്ന് പറഞ്ഞാൽ ഒരു സംഘി ചാപ്പ എനിക്കും കിട്ടും. ശ്രദ്ധിക്കുക, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് നൂറ്റാണ്ട്കൾക്കുമുന്നേ ഒരു താടിക്കാരൻ പറഞ്ഞിരുന്നു. മതേതരത്വം എന്ന വാക്ക് പോലും ആ താടിക്കാരന്റെ പിൻമുറക്കാർ ഉരുവിടുന്നില്ല. നമുക്കു വേണ്ടത് മതേതര മനുഷ്യരെയാണ്. മതേതര മനുഷ്യരാണ് യഥാർത്ഥ ഇന്ത്യൻ. ഇവിടെ ഈ അവസരത്തിൽ എല്ലാ മതങ്ങളേയും ഇഴകീറി വിചാരണ ചെയ്യപ്പെടണം. ഒരു മതവും തലോടലും തഴുകലും അർഹിക്കുന്നില്ല.അതർഹിക്കുന്നത് മനുഷർ മാത്രമാണ്.