ഒരു പണ്ഡിതന്റെ പ്രഭാഷണം

0
391

ഒരു പണ്ഡിതന്റെ പ്രഭാഷണം…
Reju Sivadas Gramika എഴുതുന്നു 

ഹിന്ദുവായാലുള്ള മഹത്വങ്ങള്‍ പണ്ഡിതര്‍ പറയുന്നത് കേട്ടിട്ടുണ്ട്.

ഇസ്ളാമായാല്‍ അള്ളാഹു നല്‍കുന്ന ജീവിത ജീവിതേതര ആനുകൂല്യങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ട്.

ക്രിസ്ത്യാനിക്ക് ദൈവം നല്‍കുന്ന സ്വര്‍ഗരാജ്യം പാസ്റ്റര്‍മാര്‍ വിവരിക്കുന്നതും കേട്ടിട്ടുണ്ട്.

എല്ലാ മതങ്ങളും ഓഫറുകളുടെ കൂമ്പാരമാണ്.

Reju Sivadas Gramika
Reju Sivadas Gramika

നമ്മുടെ നാട്ടിലെ ബയോളജി ടീച്ചര്‍മാരില്‍ പലരും കുട്ടികളുണ്ടാകാനായി വഴിപാടുകള്‍ നടത്തിയവരും റംസാന്‍ നൊയമ്പ് പിടിക്കുന്നവരും കുഞ്ഞിനെ മാമോലിസ മുക്കുന്നവരുമൊക്കെയാണ്.

നമ്മുടെ ഫിസിക്സ് ടീച്ചര്‍മാരില്‍ പലരും നക്ഷത്രങ്ങളുടെ ജനനം കാണാപാഠം പടിപ്പിക്കുകയും സൂര്യന്‍ ദൈവമാണെന്ന് പറയുകയും ചെയ്യാറുണ്ട്. ചന്ദ്രന് സ്വയം പ്രകാശിക്കാന്‍ ശേഷിയില്ലെന്ന് പഠിപ്പിക്കുകയും പിറ കണ്ടാല്‍ പെരുന്നാള്‍ കൊള്ളുകയും ചെയ്യാറുണ്ട്.

ടീച്ചര്‍മാരില്‍ അധികമാളുകളും അന്ധവിശ്വാസികളായിരുന്നു.

”ഇന്നാരെയാണോ എന്തോ ഞാന്‍ കണി കണ്ടത് ”എന്നു പറയുന്നൊരു ടീച്ചറെ എനിക്കറിയാം.

രണ്ടടി കൂടുതല്‍ കിട്ടിയാല്‍ ”നിനക്ക് ശകുനം വന്നതാരാടേ” ന്ന് ചോദിക്കുന്ന ടീച്ചറേയും അറിയാം.

ഇവരൊക്കെ പഠിപ്പിക്കുന്നത് കെമിക്കല്‍ റീയാക്ഷനെ കുറിച്ചും, കോശങ്ങളുടെ വിഘടനവും ,ഡി. എന്‍. എ എഡിറ്റിങ്ങും,
തമോഗര്‍ത്തങ്ങളും, ക്വാണ്ടം സിദ്ധാന്തവുമൊക്കെയാണ്.
പല മത ദൈവങ്ങളെ സ്നേഹിക്കുന്നവരാണ് കൂടുതല്‍ അദ്ധ്യാപകര്‍…
അപൂര്‍വ്വം ചിലര്‍ മനുഷ്യരെ സ്നേഹിക്കുന്നവരുമായിരുന്നു.

ഈ പല ദൈവസ്നേഹികള്‍ പലപ്പോഴും അവരുടെ ദൈവസ്നേഹവും ദൈവപേടിയും കുട്ടികളില്‍ കൊടുത്തുകൊണ്ടിരിക്കും.

”ദൈവ ദോഷം പറയരുത് ”
”ദൈവ നിന്ദ കാട്ടരുത്”
”ദൈവ കോപം വരുത്തരുത്”
ഇങ്ങനെ പതിനായിരക്കണക്കിന് ദൈവ താക്കീതുകള്‍ ഫിക്സിക്സിലും ബയോളജിയിലും കെമിസ്ട്രിയിലും പൊതിഞ്ഞ് തരാറുണ്ട്.

എന്നുകരുതി എല്ലാവരും ദൈവത്തെ പേടിച്ചൊന്നുമല്ല ജീവിക്കുന്നത്.

ചിലര്‍ പേടിക്കുന്നു. ചിലര്‍ ദൈവത്തെ വിരട്ടുന്നു. അങ്ങനെയങ്ങനെ പോകുന്നു.
ഇതില്‍ ദൈവപേടിയില്ലാത്ത ചുരുക്കം അധ്യാപകരാണ് പേടിപ്പിക്കാതെ കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്നത്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ദൈവത്തെ വിമര്‍ശിച്ചാലോ ദൈവം ഇല്ലെന്നു പറയേതണ്ടിവന്നാലോ അതിനെ അടിച്ചേല്‍പ്പിക്കില്ല.

”ഇതെന്റെ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നതാണ് നിങ്ങള്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാം”
എന്നു പറയുകയും ചെയ്യും. കാര്യങ്ങളെ വിശകലനം ചെയ്യേണ്ടത് നമ്മുടെ യുക്തിയിലൂടെയാണല്ലോ..!
മിക്കവാറും ഇത്തരക്കാര്‍ അവരുടെ ആശയങ്ങളെക്കുറിച്ച് പറയാറുണ്ട്, അടിച്ചേല്‍പ്പിക്കാറില്ല.
അതായത്
”യുക്തിക്ക് നിരക്കാത്തത് ചെയ്യരുത് യുക്തി ബോധം കോപിക്കുമെന്ന് ഒരു യുക്തിവാദി പറയില്ല.
ദൈവത്തിന് നിരക്കാത്തത് ചെയ്യരുത് ദൈവം പണിതരും എന്ന് ദൈവ വിശ്വാസി പറയും.

യുക്തിവാദികള്‍ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെക്കുറിച്ചും ഏത് സാമൂഹ്യ വ്യവസ്ഥയെകുറിച്ചും എല്ലാ വിഷയങ്ങളെ കുറിച്ചും ഒളിച്ചു വയ്ക്കാതെ സംസാരിക്കും.

അതുകൊണ്ടു തന്നെ ന്യൂനപക്ഷമായ യുക്തി വാദി അധ്യാപകരോട് (യുക്തിവാദം പഠിപ്പിക്കുന്നവരെന്ന അര്‍ത്ഥമല്ല. ) കുട്ടികള്‍ക്ക് വലിയ ഇഷ്ടമുണ്ടായിരിക്കും.
കാരണം തന്റെ കുട്ടികളില്‍ നിന്നും ബഹുമാനമോ എളിമയോ ശാസ്ത്രബോധമുള്ളവര്‍ ആഗ്രഹിക്കുന്നില്ല.
സ്നേഹവും തന്നോടൊപ്പമുള്ള പരിഗണനയും അവര്‍ കുട്ടികള്‍ക്ക് നല്‍കും.

ഇത് മത വിശ്വാസിയായ അധ്യാപകര്‍ക്ക് ഭൂരിപക്ഷം പേര്‍ക്കും കഴിയില്ല. അവരെ കുട്ടികള്‍ക്ക് ഭയമായിരിക്കും. ഒന്നും ചോദിക്കാനുള്ള ധൈര്യം കുട്ടികള്‍ക്ക് ഉണ്ടാകില്ല.
ശ്രദ്ധിച്ചാല്‍ അറിയാം നമ്മുടെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് മത സംബന്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നവരെയാകും. ( മദ്രസ, വേദ പാഠശാല, ബൈബിള്‍ പഠനകേന്ദ്രം )

ഇവിടെ നടക്കുന്നത് തന്റെയുള്ളിലുള്ളത് കുട്ടിയ്ക്ക് കുത്തിതിരുകിക്കൊടുക്കുകയാണ്.അവിടെ ചര്‍ച്ചകളില്ല.

അങ്ങനെ പറയാന്‍ കാരണം ഖുര്‍ ആന്‍, ഗീത, ബൈബിള്‍ ഇവ പഠിപ്പിക്കുന്നിടത്ത് ഇവയുടെ വിമര്‍ശനപഠനങ്ങളെകുറിച്ച് പറയുകയോ ചര്‍ച്ച ചെയ്യുകയോ ഇല്ല, എന്നു മാത്രമല്ല.ഈ വിമര്‍ശനങ്ങളെന്തെന്ന് അന്വേഷിക്കുന്നതു പോലും ദൈവനിന്ദയാണെന്നിവര്‍ പേടിപ്പിക്കും.

അത്രയ്ക്ക് ഭീരുത്വം നിറഞ്ഞ പേടിയോളജിയാണ് ഈ വിശ്വാസ പഠനം.

ഇതു പറയാന്‍ കാരണം ഒരു ജമാത്ത് ഇസ്ളാമി പേടിയോളജിസ്റ്റിന്റെ പ്രഭാഷണസംബന്ധമായ വാര്‍ത്തയാണ്.

” പൊതു വിദ്യാലയങ്ങളില്‍ നിരീശ്വരവാദം പഠിപ്പിക്കുന്നത്രേ..”

അല്ലയോ പണ്ഡിതാ ഒരാള്‍ ദൈവവിശ്വാസിയാവാതിരിക്കാന്‍ നിരീശ്വരവാദം പഠിപ്പിക്കേണ്ടതില്ല ,

സൂര്യനെ ദൈവമായി കാണാതെ നക്ഷത്രമായികാണുന്ന അദ്ധ്യാപകര്‍ ഫിസിക്സും …….

ബോഡീ അനാട്ടമി പഠിപ്പിക്കുമ്പോള്‍ ബോഡി കോണ്‍ഷ്യസാകാത്ത അദ്ധ്യാപികമാര്‍ ബയോളജിയും……..

കെമിക്കല്‍ റിയാക്ഷനാണ് സര്‍വ്വ സൃഷ്ടിയുമെന്ന് ബോധ്യമുള്ള മനുഷ്യര്‍ കെമിസ്ട്രിയും നേരാം വണ്ണമൊന്നു നിവര്‍ന്നു നിന്ന് പഠിപ്പിച്ചാല്‍ മതി ഈ ദൈവമെന്ന അവലോസുണ്ട പൊടിഞ്ഞ് വളമാകാന്‍…..