അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് പുൽവാമ രക്തസാക്ഷികളുടെ ബന്ധുക്കൾ. വാട്സാപ്പ് ചാറ്റുകളിൽ പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് അർണബ് രംഗത്തെത്തിയതോടെയാണ് സൈനികരുടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തെകുറിച്ച് ‘വലിയ വിജയം’ എന്നാണ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ്ഗുപ്തയോട് അർണബ് പറയുന്നത്.
‘നമ്മൾ ഇത്തവണ വിജയിക്കും’ എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്. ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്ഫോടനത്തിൽ 40 പട്ടാളക്കാരാണ് വീരമൃത്യുവരിച്ചത്. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്സ്ആപ്പ് ചാറ്റിൽ ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന് അർണബ് പറയുന്നുണ്ട്. ‘സാധാരണ ഉള്ളതിനേക്കാൾ വലുത് സംഭവിക്കും’ എന്നാണ് അർണബ് പാർത്തോദാസിനോട് പറയുന്നത്. 2019 ഫെബ്രുവരി 23ന് നടന്ന വാട്സാപ്പ് ചാറ്റിലാണിത് പറയുന്നത്.
(കടപ്പാട് Farooq JN)