ഒരു വിദ്യാർഥിക്ക് താൻ മതത്തിന്റെ പേരിൽ വിവേചനം നേരിടുന്നു എന്ന തോന്നൽ ഉണ്ടാവുന്നതുതന്നെ ആ സ്ഥാപനത്തിന്റെ പരാജയമാണ്

11987

“എടീ, നീ മുസ്ലിം ആണ്, എനിക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല. അതുകൊണ്ട് നിനക്ക് ഞാൻ മാർക്ക് തരില്ല…” ഇങ്ങനെയൊക്കെ അധ്യാപകൻ പരസ്യമായി ആക്രോശിച്ചാൽ മാത്രമേ വിവേചനമാവൂ എന്നു ധരിക്കുന്ന നിഷ്കളങ്കർക്ക് മധ്യാംഗുലീവന്ദനം. ഒരു വിദ്യാർഥിക്ക് താൻ മതത്തിന്റെ പേരിൽ വിവേചനം നേരിടുന്നു എന്ന തോന്നൽ ഉണ്ടാവുന്നതുതന്നെ ആ സ്ഥാപനത്തിന്റെ പരാജയമാണ്. അങ്ങനെ ഒരു വിവേചനമനോഭാവമുള്ള അധ്യാപകൻ ഉണ്ടെങ്കിൽ അയാളെ തിരുത്താൻ ആവശ്യമായ നിയന്ത്രണസംവിധാനങ്ങൾ (checks and measures) ഇല്ലാത്തതും ആ സ്ഥാപനത്തിന്റെ വൻ പരാജയമാണ്.

താൻ ഏതെങ്കിലും രീതിയിലുള്ള വിവേചനം നേരിടുന്നു എന്ന്‌ ഒരു വിദ്യാർഥിക്ക് തോന്നിയാൽ പരാതിപ്പെടാൻ കൃത്യമായ സംവിധാനം ഉണ്ടായിരിക്കണം. അക്കാദമിക് തലം എന്നൊക്കെ പറയുന്ന മേഖലയിൽ എന്ത്‌ മേന്മ അവകാശപ്പെട്ടാലും ഇങ്ങനെ ഒരു സംവിധാനമില്ലാത്ത സ്ഥാപനത്തിന് മധ്യകാല നിലവാരം മാത്രമേയുള്ളൂ.

പരാതിയിൽ അല്പമെങ്കിലും സത്യമുണ്ടെന്ന് കണ്ടെത്തിയാൽ ഒരു നിമിഷം അയാൾ ആ സ്ഥാപനത്തിൽ ഉണ്ടാവരുത്. ഇനി വിവേചനം തെളിയിക്കാൻ ആ കുട്ടിക്ക് കഴിഞ്ഞില്ലെങ്കിൽ കൂടി, അടുത്ത 5 വർഷവും ഒരുവിധത്തിലുള്ള തിരിച്ചടികളും കൂടാതെ അവിടെത്തന്നെ പഠിക്കാൻ സാധിക്കും എന്ന് ആ കുട്ടിക്ക് ഉറപ്പുനൽകാൻ സ്ഥാപനത്തിന് കഴിയണം. കഴിയുന്നില്ലെങ്കിൽ inclusivity എന്ന ആശയത്തിന്റെ സമ്പൂർണ്ണ അഭാവമാണ് അത് കാണിക്കുന്നത്.

Inclusivity എന്നത് ആധുനീക സമൂഹങ്ങളുടെ മുഖമുദ്രയാണ്. അതിന്റെയോക്കെ പ്രായോഗിക രീതികൾ മനസ്സിലാക്കാൻ ജന്മം മുതൽ വിവേചനം കൊടുക്കുന്നതും വാങ്ങുന്നതും ശീലമായ നമ്മൾ ഇന്ത്യാക്കാർക്ക് ബുദ്ധിമുട്ടാണ്.

ബ്രിട്ടീഷ് ഭരണകാലത്തെ ജയിലറുടെ മാതൃകയിൽ അച്ചടക്കം പഠിപ്പിക്കുന്ന കങ്കാണി മനോഭാവമുള്ള അധ്യാപകർ മിക്കവാറും എല്ലാ ഇന്ത്യൻ സ്ഥാപനങ്ങളിലും ധാരാളമുണ്ട്. ഒരുപക്ഷേ ഇന്നും അവരാണ് ബഹുഭൂരിപക്ഷവും. ഇതിനൊക്കെ ഒരു മാറ്റം വരണം. വിദ്യാർഥികളെ മനുഷ്യരായിപ്പോലും കാണാൻ മനസ്സില്ലാത്ത ഇവരൊക്കെ ആധുനിക കാലത്തിനുതന്നെ അപമാനമാണ്.

കൈകഴുകാൻ ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും വെവ്വേറെ ഇടങ്ങൾ ഉണ്ടാക്കിയ സ്ഥാപനമാണ് IIT Madras. ബ്രാഹ്മണർ അല്ലാത്തവർക്ക് വിവേചനം സ്വാഭാവികമായും അനുഭവപ്പെടാം. ഈ ഒരൊറ്റ വിവേചനമേയുള്ളൂ എന്നും ധരിക്കരുത്.

IITകൾ ഉണ്ടായിട്ട് എഴുപതോളം വർഷങ്ങൾ ആയെങ്കിലും ഇതുവരെ ഒരൊറ്റ അബ്രാഹ്മണൻ പോലും director പദവിയിൽ എത്തിയിട്ടില്ല എന്നാണ് അറിവ്. (അസവർണ്ണൻ എന്നല്ല, അബ്രാഹ്മണൻ!!!). അവിടത്തെ അന്തരീക്ഷം ദളിത്, ന്യൂനപക്ഷ സമുദായത്തിലെ കുട്ടികൾക്ക് എങ്ങനെ അനുഭപ്പെടുന്നു എന്നറിയാൻ സ്റ്റാഫിൽ (teaching and non-teaching) എത്ര ശതമാനം ഈ വിഭാഗങ്ങളിൽ നിന്നുള്ളവർ ഉണ്ട് എന്നറിയണം.

ദളിത്-മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കിയ ഗുരു-ബാബ ടൈപ്പ് ഫ്രോഡുകൾക്ക് പതിവായി വേദികൾ കൊടുത്ത് കെട്ടിയെഴുന്നള്ളിക്കുന്ന സ്ഥാപനങ്ങളിൽ വിവേചനം ഉണ്ടെന്നതിനല്ല, ഇല്ല എന്നതിനാണ് തെളിവു വേണ്ടത്.

അതൊക്കെ അവഗണിച്ച് ‘മത വിവേചനത്തിന് തെളിവ് വരട്ടെ’ എന്നൊക്കെ പറയുന്നവർക്ക് വിവേചനം എന്ത് തേങ്ങായാണെന്നുപോലും അറിയില്ല. ലോകത്തൊരിടത്തും വിവേചനം ഉണ്ടാവുന്നത് സത്യസന്ധമായി കാരണം തുറന്നു പറഞ്ഞുകൊണ്ടല്ല. വിവേചിക്കപ്പെന്നവരുടെ മെരിറ്റില്ലായ്മ, കാര്യക്ഷമത ഇല്ലായ്മ, അച്ചടക്കം ഇല്ലായ്മ, താത്പര്യമില്ലായ്മ ഇതൊക്കെയാവും വിവേചനം നടത്തുന്നവരുടെ സ്ഥിരം ന്യായങ്ങൾ.

വിവേചിക്കപ്പെടുന്നു എന്ന് ഒരു വിദ്യാർഥിക്ക് തോന്നിയാൽ അതിന്റെ പേരാണ് വിവേചനം. അല്ലാതെ വിവേചനം നടത്തിയ അധ്യാപകൻ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ നാല് സാക്ഷികളുടെ സാന്നിധ്യത്തിൽ രേഖാമൂലം കുമ്പസാരിക്കുമ്പോൾ മാത്രം ഉണ്ടായിവരുന്ന പ്രത്യേക പ്രതിഭാസം ഒന്നുമല്ല വിവേചനം. അങ്ങനെ ഔദ്യോഗികമായി തെളിയിക്കേണ്ടതുമല്ല വിവേചനം.

വിവേചിക്കപ്പെടുന്നു എന്ന തോന്നൽ ഇല്ലാതാക്കേണ്ടത് ആ സ്ഥാപനത്തിന്റെ മാത്രം ചുമതലയാണ്. പരിഷ്‌കൃത സമൂഹങ്ങളിൽ അങ്ങനെയാണ് നടക്കുന്നത്. അങ്ങനെ മാത്രവും.

PS: വിവേചനം നേരിടുന്നു എന്നു സ്ഥാപിക്കാൻ സ്വന്തം ജീവൻ തന്നെ തെളിവായി സമർപ്പിക്കേണ്ടിവന്ന ഒരു കുട്ടിയുടെ വാക്കുകളെ നിസ്സാരമായി കാണുന്ന ആറാം നൂറ്റാണ്ടുജീവികളെ സർക്കാർ പ്രത്യേകം മ്യൂസിയം പണിത് അതിൽ അടയ്ക്കേണ്ടതാണ്. ടിക്കറ്റ് വച്ച് മാത്രം പൊതു ജനങ്ങളെ കാണിക്കുക.

Advertisements