എന്തുകൊണ്ട് ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണം ?

1338

 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് നമ്മുടേത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണം. എന്നാൽ ഈ ജനാധിപത്യം അതിന്റെ ശരിയായ അർത്ഥത്തിൽ നമ്മൾ ജനങ്ങൾ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സമത്വത്തിൽ അധിഷ്ഠിതമായ ജനാധിപത്യം ലോകത്തു പല പരിഷ്കൃത രാജ്യങ്ങളിലും വെന്നിക്കൊടി പാറിക്കുമ്പോൾ നമ്മൾ  ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. ഒരു ശില്പി പ്രതിമയെ വാർത്തെടുക്കുന്നതുപോലെയാണ് ഇന്ത്യൻ ജനാധിപത്യം. എന്തെന്നാൽ പ്രതിമ പൂർത്തിയായി വിഗ്രഹം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കയറിയാൽ ശില്പിക്ക് അതിൽ തൊടാനുള്ള അവകാശം നഷ്ടമാകുന്നു. അവൻ തീണ്ടാപ്പാടകലെ നിൽക്കണം. എത്ര നല്ല ഭരണ’കല’ ആയാലും ജനാധിപത്യം പിന്നെ രാഷ്ട്രീയവരേണ്യരുടെ മാത്രം അവകാശമാകുന്നു.

Communal riot in 1947

ഇന്ത്യയെ സർവ്വസ്വതന്ത്ര ജനാധിപത്യരാജ്യമായും മതേതരത്വരാജ്യമായും പ്രഖ്യാപിച്ചത് മഹാനായ അംബേദ്‌കർ വിഭാവനംചെയ്ത നമ്മുടെ ഭരണഘടനയിലൂടെയാണ്. 1950 ജനുവരി 26-നു നിലവിൽവന്ന ഭരണഘടനയുടെ ആമുഖത്തിൽ ജവഹർലാൽ നെഹ്‌റു ജനങ്ങൾക്കുവേണ്ടി ഇങ്ങനെ എഴുതി. ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

Gujrat riot

എന്തുകൊണ്ട് നമുക്കെന്നും മതേതരത്വം വേണം ഇന്നിപ്പോൾ ചിന്തിക്കേണ്ടിവരുന്നു  ?ഭരണഘടന ഉറപ്പുനൽകുന്ന നമ്മുടെ മതേതരത്വം ആഭ്യന്തരമായി വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ആണ് ആ ചിന്ത ജനകോടികളുടെ മനസ്സിൽ ഉരുത്തിരിയുന്നത്.

Mussafar Nagar riot

എന്തൊക്കെയാണ് ആ വെല്ലുവിളികൾ എന്ന് നമുക്ക് പരിശോധിക്കാം.

അപകടകരമായ ഹിന്ദുത്വവാദവും അതിന്റെ ഉപോത്പന്നങ്ങൾ ആയ ഒട്ടനവധി കാര്യങ്ങളും നമ്മുടെ മതേതരത്വത്തിന് വെല്ലുവിളികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. രണ്ടാംലോകമഹായുദ്ധത്തിനു മുൻപ് ജർമ്മനിയിൽ സംജാതമായ ചില അവസ്ഥകളോട് നമ്മൾ ഇന്ത്യയിലെ അവസ്ഥകളെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. ഹിറ്റ്‌ലർ എന്ന നേതാവിന്റെയും നാസിസം എന്ന ഫാസിസ്റ്റ് സംഘടനയുടെയും ഉദയത്തിനു ശേഷമുള്ള അവരുടെ പ്രവർത്തനങ്ങൾ ആ രാജ്യത്തിൻറെ തകർച്ചയ്ക്ക് എത്രത്തോളം വഴിമരുന്നിട്ടു എന്ന് ചരിത്രത്തിൽ പഠിച്ചുകഴിഞ്ഞു. അക്രമാസക്തമായ ദേശീയത അഥവാ വയലന്റ് നാഷണലിസം ഒരു രാജ്യത്തിൽ തന്നെയുള്ള മറ്റൊരു വിഭാഗത്തിന് മേൽ അടിച്ചേൽപ്പിച്ച ക്രൂരത ലോകചരിത്രത്തിൽ തന്നെ സമാനതയില്ലാത്ത സംഭവമാകുന്നു. കോൺസൻട്രേഷൻ ക്യാമ്പിന്റെ ചുവരുകളിൽ പ്രതിധ്വനിച്ച ആർത്തനാദങ്ങളെത്ര ! എത്ര സ്വപ്‌നങ്ങൾ അവിടെ പൊലിഞ്ഞുപോയി. ഒരു വംശത്തിന്റെ തന്നെ ഉന്മൂലനം ആയിരുന്നു അവിടെ ലക്ഷ്യമിട്ടത്.  ഇത്തരം സാഹചര്യങ്ങൾ മറ്റുപലരാജ്യങ്ങളിലും അതിനുശേഷവും ഉണ്ടായിട്ടുണ്ട്. മനുഷ്യക്കുരുതികളിൽ ചോരവീണുറഞ്ഞ ആ ഭൂമികളിൽ പിൽക്കാലത്തു സന്ദർശനം നടത്തുന്ന ഓരോ മനുഷ്യരുടെയും കണ്ണുകൾ നിറഞ്ഞുപോയിട്ടുണ്ട്.

ഹിറ്റ്ലർക്ക് ജൂതന്മാരോടുള്ള പകയ്ക്കു അയാളുടേതായ പലകാരണങ്ങളും ഉണ്ടാകാം. ഇന്ത്യൻ സാഹചര്യത്തിലേക്ക് വരുമ്പോൾ ഇവിടെ മതന്യൂനപക്ഷങ്ങളെ ദേശീയതയുടെ പരിധികളിൽ പെടുത്താതെ അകറ്റിനിർത്താൻ ശ്രമിക്കുന്ന സംഭവനങ്ങളാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ദേശീയബോധങ്ങൾ അല്ല  മുഴങ്ങിക്കേൾക്കുന്നത്. ദേശീയതയ്ക്ക് മൂർച്ചയുള്ള പല്ലുകളും കൊമ്പുകളും നഖങ്ങളും മുളച്ചിരിക്കുന്നു. അത് ഒരു മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ അത്രയും സങ്കുചിതമാക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ധീരനേതാക്കൾ ദേശീയവികാരത്തോടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കപ്പെടുന്നു.

Bajrang Dal

ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ ഭേദമില്ലാതെ തോളോടുതോൾ ചേർന്നുനിന്നു നേടിയേ സ്വാതന്ത്ര്യത്തെ , ആ മഹത്തായ സമരചരിത്രത്തിലൊന്നും വരാത്ത, കോളനിവാഴ്ചയുടെ കുഴലൂത്തുകാരായി പ്രവർത്തിച്ചവർ കയ്യടക്കുന്നു. ഞാൻ ആദ്യത്തെ ഖണ്ഡികയിൽപ്പറഞ്ഞ ‘ശില്പിയുംപ്രതിമയും’ഇവിടെ മറ്റൊരർത്ഥത്തിൽ ആവർത്തിക്കപ്പെടുന്നു.

ഇന്ത്യൻ സംസ്കാരത്തിന്റെ ഗതിവിഗതികൾ പരിശോധിച്ചാൽ അതങ്ങനെ പ്രത്യേകിച്ചൊരു മതത്തിന്റെയോ ആചാരങ്ങളുടെയോ അന്തസത്ത ഉൾക്കൊള്ളുന്നതല്ല എന്ന് മനസിലാക്കാൻ കഴിയും. അനവധി വംശങ്ങളും ഗോത്രങ്ങളും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ജീവിതചര്യകളും  കെട്ടുപിണഞ്ഞുകിടന്ന ഒന്ന്. അതിലേക്കുതന്നെ അനവധി സാംസ്കാരികാധിനിവേശങ്ങളുടെ വിജയങ്ങളും പരാജയങ്ങളും സംഭവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ഒരു പ്രദേശത്തിന്റെ സംസ്കാരം എന്നത് ഒരുവാചകത്തിലോ ഒരു ജീവിതക്രമത്തിലോ പെടുത്തി നിർവ്വചിക്കാവുന്നതല്ല. പ്രത്യേകിച്ച് ആ സംസ്കാരഭൂമിയ്ക്കുള്ളിൽ  നിന്നതിനെ വീക്ഷിക്കുമ്പോൾ  അതായത് ഒരിന്ത്യക്കാരനെ , അവൻ മലയാളിയാണോ മറാത്തിയാണോ ബംഗാളിയാണോ കാശ്മീരിയാണോ എന്ന് തരംതിരിക്കാതെ പൊതുവായ അർത്ഥത്തിൽ ഇന്ത്യക്കാരനെന്ന് വിദേശത്തു ചെന്നാൽ വിളിക്കപ്പെടുന്നപോലെ അല്ല ഇന്ത്യയ്ക്കുള്ളിൽ നിന്ന് ഒരിന്ത്യക്കാരൻ വിളിക്കുന്നത്. കാരണം ഈ വിഭാഗങ്ങൾ തമ്മിലുള്ള സാംസ്കാരികമായ അന്തരം വളരെ ഈ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ വളരെ വലുതാണ്. ഓരോ ഇടത്തിനും വിവിധങ്ങളായ സംസ്കാരങ്ങൾ. അപ്പോൾ ഒരു സംസ്കാരത്തെ നിർവ്വചിക്കുന്നത് ആപേക്ഷികതയിൽ അടിസ്ഥാനപ്പെടുത്തി മാത്രമാകുന്നു. നമ്മൾ ഈ ഭൂമിയ്ക്കുള്ളിലൂടെ സഞ്ചരിച്ചാൽ മനസിലാകും സംസ്കാരം- ഉപസംസ്കാരങ്ങൾ-ജാതികൾ-ഉപജാതികൾ… ഇങ്ങനെ വിശാലതയിൽ നിന്നും സങ്കുചിതത്വത്തിലേക്കു ഇടുങ്ങിയ വഴികളിലൂടെയുള്ള പ്രയാണം.

ഒരു അമ്മഭൂമിസങ്കല്പികമായിരുന്ന കാലം. അവിടെ അധിനിവേശങ്ങൾ അനവധിയുണ്ടാകുന്നു. അവിടത്തെ സ്ത്രീകൾക്ക് പലനാടുകളിൽ നിന്നുള്ള ഭർത്താക്കന്മാർ ഉണ്ടാകുന്നു. ആ സ്ത്രീകൾ പ്രസവിക്കുന്നു. ആ കുഞ്ഞുങ്ങൾ വളർന്നു തലമുറകളുടെ പ്രയാണത്തിലൂടെ ആധുനിക ഇന്ത്യയിലെത്തി നിൽക്കുമ്പോൾ, മണ്ണിന്റെ മണം ലഹരിയായി ശ്വസിക്കുന്ന അതിലുള്ള സംസ്‌കാരവാദികൾ ഒരു ജീൻമാപ്പിംഗ് നടത്തിയാൽ തീരാവുന്ന വാദങ്ങൾ മാത്രമേയുള്ളൂ. അങ്ങനെയുള്ളപ്പോൾ ആണ് ഹിന്ദുത്വവാദം ഉയർത്തിപ്പിടിച്ചുകൊണ്ടു ഈ ഭൂമി സഹസ്രാബ്ദങ്ങൾ ആയി തങ്ങളുടേതെന്ന വാദം ഉയർത്തുന്നത്. ഈ ഭൂമി എല്ലാവരുടേതുമാണ്. ആധുനിക ഇന്ത്യയിയിലെ എല്ലാ പൗരന്മാരുടേതുമാണ്. അതിർത്തിരേഖകൾ ഉണ്ടാകുമ്പോൾ ഒരു രാഷ്ട്രം ഉണ്ടാകുന്നത്. അത് സംസ്കാരങ്ങൾക്കനുസരിച്ചല്ല, പലപല കരാറുകൾക്കും അനുസരിച്ചുമാത്രമാണ്, അല്ലെങ്കിൽ ആക്രമണങ്ങളിൽ വിജയിക്കുന്നവരുടെ നിർബന്ധങ്ങൾക്കനുസരിച്ചു . അങ്ങനെയുണ്ടാകുന്ന ഒരു രാഷ്ട്രം ആരെയൊക്കെ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കൽ ആണ് ബഹുസ്വരതയുടെ പ്രാഥമികമായ പാഠം. ആ പാഠം നിർഭാഗ്യവശാൽ ഇവിടത്തെ സംസ്‌കാരവാദികൾ പഠിക്കുന്നില്ല. അവർ ചരിത്രത്തെ അപനിർമ്മിക്കുന്നതിന്റെ തിരക്കിലാണ്. തനിക്കു മുമ്പുള്ള ചരിത്രരേഖകൾ ചുട്ടെരിച്ചു താനാണ് രാഷ്ട്രമെന്ന പറഞ്ഞ ലൂയിചക്രവർത്തിയെ പോലെ.

Babri Masjid

സ്വാതന്ത്ര്യംകിട്ടിയ കാലംമുതൽ വർഗ്ഗീയകലാപങ്ങൾ ഇവിടെ നിത്യസംഭവമായിരുന്നു. ദ്വിരാഷ്ട്രവാദത്തിന്റെ മറപിടിച്ചു തെരുവിൽ മരിച്ചൊടുങ്ങിയ പതിനായിരങ്ങൾ. അതിനുശേഷം ഇന്നോളം നീണ്ടുനിന്ന ചെറുതുംവലുതുമായ അനവധിയായ കലാപങ്ങൾ. ഇന്ത്യയൊരു വെടിമരുന്നാണ്. ഒരു പശുവിനോ പന്നിക്കോ അതിലെ തീപ്പൊരിയാകാവുന്നതേയുള്ളൂ.  എല്ലാവരുടേതുമായ ഒരു രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാൻ കഷ്ടപ്പെടുന്ന ഭീകരവാദികൾ രാഷ്ട്രമാകെ വ്യാപിച്ചിരിക്കുന്നു. അതിനവർ കൂട്ടുപിടിച്ചു ആയുധം മതം തന്നെയാണ്. ഇത്തരമൊരു വാദത്തിനു എന്നുമിവിടെ ശക്തികേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും 1992-ൽ  ബാബറിമസ്ജിദ് എന്ന സ്മാരകത്തിന്റെ തകർച്ചയോടെയാണ് സ്വതന്ത്ര ഇന്ത്യ അരക്ഷിതാവസ്ഥയിലേക്കു പോകുന്നത്. നൂറ്റാണ്ടുകൾ മുമ്പെങ്ങോ നടന്നെന്നു ഒരുകൂട്ടർ പറയുന്ന ആക്രണത്തിന്റെ പകരംവീട്ടൽ.തങ്ങളുടെ ആരാധനാപുരുഷനായ ശ്രീരാമൻ ജനിച്ചയിടമെന്ന വാദമുയർത്തി മതേതരത്വത്തിന്റെ ‘താഴികക്കുടങ്ങളെ’ തകർത്തെറിയുകയാണുണ്ടായത്. 1528-നു മുൻപ്  അവിടൊരു ക്ഷേത്രമായിരുന്നു വാദമായിരുന്നു പ്രധാനമായും ഉയർത്തിയത്. ഈ വാദമുയർത്തി 1984-ൽ വിശ്വഹിന്ദുപരിഷത്ത് സമരംതുടങ്ങികയും 1992 ഡിസംബർ ആറിന് കർസേവകർ ആ മന്ദിരം തകർക്കുകയും ചെയ്യ്തു ആ തകർച്ചയുടെ പ്രത്യാഘാതങ്ങൾ ലോകമെങ്ങും പ്രകടമായിരുന്നു.(എന്നാൽ അവിടെ ക്ഷേത്രം ഇല്ലായിരുന്നു എന്നതിന്റെ തെളിവുകൾ ആർക്കിയോളജിക്കൽ സർവ്വേ നശിപ്പിക്കുകയുണ്ടായി എന്ന് പര്യവേഷണസമയത്തു നിരീക്ഷകനായിരുന്ന ഒരു ചരിത്രാധ്യാപകൻ പിന്നീട് വെളിപ്പെടുത്തുകയുമുണ്ടായി).പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ കലാപങ്ങളിൽ പതിനായിരങ്ങളുടെ ജീവൻ ഹിന്ദുത്വരാഷ്ട സംസ്ഥാപനത്തിനുവേണ്ടി ബലികൊടുക്കയുണ്ടായി.

രാമജന്മഭൂമി വാദമുയർത്തി ഇന്ത്യയിൽ ആധിപത്യമുറപ്പിച്ച ബിജെപി പിന്നീട് ആ ആധിപത്യം നിലനിർത്താനായി രാജ്യത്തെ മതത്തിന്റെ പരീക്ഷണശാലയാക്കുകയായിരുന്നു ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലൂടെ ദേശീയഭരണത്തിൽ ഓടിക്കയറിയ അവർ ആ പരീക്ഷണം ഭംഗിയായി തുടർന്നുകൊണ്ടിരുന്നു. 2002- ലെ ഗുജറാത്ത് കലാപംതന്നെ ഭംഗിയായി സൃഷ്ടിച്ച ഒരു ഗൂഡാലോചനയുടെ ഫലമായിട്ടായിരുന്നു. അതിനവർ ഗോദ്രയിൽ ട്രെയിനിൽ ബലികൊടുത്തത്  തങ്ങളിൽ തന്നെയുള്ളവരുടെ ജീവനായിരുന്നു. കർസേവകർ മുസ്ലീങ്ങളാൽ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്തയുടെ ഫലമായി ഗുജറാത്ത് അക്ഷരാർത്ഥത്തിൽ എരിഞ്ഞു. ജർമനിയിൽ അന്ന് കണ്ടതുപോലൊരു നരഹത്യ. അവിടെ ക്യാംപുകളിൽ ആയിരുന്നെങ്കിൽ ഇവിടെ തെരുവുകളിലും വീടുകളിലും. വെന്തമാസത്തിന്റെ ഗന്ധം ലഹരിയാക്കി കുതന്ത്രങ്ങളുടെ ആസ്ഥാനത്തു അട്ടഹസിച്ചവർ പിൽക്കാലത്തു ആ രാഷ്ട്രീയത്തിലെ തന്നെ മിതവാദികളെ നിഷ്ഫലമാക്കി അധികാരത്തിലേക്കെത്തി. മതത്തിന്റെ പരീക്ഷണശാല എന്നതിൽ നിന്നും കുറച്ചുകൂടി ക്രൂരമായ ഫാഷിസത്തിന്റെ പരീക്ഷണശാലയായി രാജ്യം മാറപ്പെട്ടു.

അതിന്റെ മറപറ്റി രാജ്യമെമ്പാടും ‘അക്രമാസക്തരായ കാവിധാരികൾ’ അഥവാ ഫാസിസ്റ്റുകൾ   ഒരേ ആശയംവഹിക്കുന്ന പല സംഘടനകളായി രംഗത്തുവന്നു. സംഘപരിവാറിൽ നിശ്ചിതസംഘടകൾ മാത്രമേയുള്ളൂ എന്ന് പറയുമെങ്കിലും എല്ലാ ഹിന്ദുത്വവാദികളെയും പ്രത്യക്ഷമായോ പരോക്ഷമായോ വഹിക്കുന്ന പ്രസ്ഥാനമായി രാഷ്ട്രീയ സ്വയംസേവകസംഘം (RSS) നാഗ്പൂരിൽ ഒരു സമാന്തര സർക്കാർ സംവിധാനമായി മുമ്പത്തേതിലും പ്രവർത്തനം ശക്തമാക്കി. അവരുടെ അടിസ്ഥാനപുസ്തകമായ വിചാരധാരയിൽ പ്രതിപാദിക്കുന്ന ശത്രുക്കൾക്കെതിരെ  (മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ, സ്ഥിതിസമത്വവാദികൾ) നിരീക്ഷണവും നടപടികളും ആൾക്കൂട്ടങ്ങളുടെ ബോധമനസുകളിൽ സന്നിവേശിച്ചു നടപ്പാക്കാൻ ആരംഭിച്ചു. തങ്ങൾ നിർവചിക്കുന്നതാണ് ദേശീയത. അതനുസരിക്കാൻ താത്പര്യമില്ലാത്തവർ പാകിസ്താനിലേക്കു പലായനം ചെയ്യാൻ ചില കോമാളികളെക്കൊണ്ട് പറയിക്കുന്നത് ശീലമാക്കി. നുണകൾ ആവർത്തിച്ച് സത്യമാക്കുന്ന ‘ഗീബൽസ്യൻ തന്ത്രം’ ഹിറ്റ്ലർക്കു പിന്നാലെ ഇവിടെയും പ്രാവർത്തികമാക്കാൻ ആരംഭിച്ചു. ഇവയുടെയൊക്കെ പിന്നിൽ അതിസമർത്ഥമായ തന്ത്രങ്ങൾ പതിയിരിക്കുന്നു എന്ന് പരിഹസിക്കുന്നവർ അറിയാതെ പോകരുത്.

 

എക്കാലത്തും ഇന്ത്യയിൽ ഗോവധനിരോധനത്തിനുവേണ്ടിയുള്ള മുറവിളികൾ ഉണ്ടായിരുന്നു. അതിനു പലരാഷ്ട്രീയപാർട്ടികളും ചുക്കാൻ പിടിച്ചിട്ടുണ്ട്. ഗോവധം ആരോപിച്ചു നിരപരാധികളെ കൊല്ലാക്കൊല ചെയ്യുന്നതും കലാപങ്ങൾ അഴിച്ചുവിടുന്നതും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിൽ ഇന്നത് രാജ്യവ്യാപകമായിരിക്കുന്നു. .

(ബുലന്ദ് ഷെഹർ കലാപസമയത് ഞാൻ ഫേസ് ബുക്കിലിട്ട പോസ്റ്റ് :-

Bhulant Shehar

‘പഴയ രാജാക്കന്മാർ ചക്രവർത്തിപദം ഏറ്റെടുക്കാനും സാമ്രാജ്യവിസ്തൃതി വർദ്ധിപ്പിക്കാനും തങ്ങളുടെ അധീശത്വം അംഗീകരിക്കാനും അശ്വമേധയാഗങ്ങൾ നടത്തിയിരുന്നു എന്ന് പുരാണകഥകളിൽ വായിച്ചിട്ടുണ്ട് . ഇന്നതു പശുമേധം ആയി മാറിക്കഴിഞ്ഞു . ആൺകുതിരയെ ആണ് അശ്വമേധത്തിനു തിരഞ്ഞെടുത്തിരുന്നെതെങ്കിൽ കന്നുകാലികളിൽ ഇന്ന് അതിനുള്ള യോഗം പെണ്ണായ പശുവിനാണ്. അവസാനത്തെ അശ്വമേധയാഗം നടത്തിയത് 1716 -ൽ ജയ്‌പൂർ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമൻ ആണെങ്കിൽ 2014 -ൽ മോദി ഒന്നാമൻ പശുമേധയാഗം തുടങ്ങിവച്ചു. ഇന്ത്യയിൽ സ്ത്രീകൾക്ക് കിട്ടാത്ത പരിഗണനകൾ പലതും പശുവിനാണ് എന്നതാണല്ലോ പുതിയ രാജനിയമം. അശ്വമേധത്തിനു ശേഷം ഒരുവർഷം വരെ കുതിരയെ അലഞ്ഞു തിരയാൻ വിടുന്നു എങ്കിൽ പശുവിന് അങ്ങനെ കാലപരിധി ഒന്നും ഇല്ല. കുതിരയുടെ കൂടെ ഭടന്മാർ എന്തിനും തയ്യാറായി ഉണ്ടാകുമെങ്കിൽ പശുവിന്റെ കൂടെ രാജാവിന്റെ സേവകന്മാർ ആണ് ഉള്ളത്. ഏതുസമയത്തും കലാപസന്നദ്ധരായി.

അശ്വമേധത്തിനു മുന്നോടിയായി മൃഗങ്ങളെ ബലികൊടുക്കാറുണ്ടത്രെ. അതിൽ പശുക്കളും ഉണ്ട്. ഇന്നാണെങ്കിൽ അത് മറ്റുള്ളവരിൽ കെട്ടിവച്ചാണ് പശുമേധം ആരംഭിക്കുന്നത്. മാത്രവുമല്ല യാഗത്തിനുമുന്നോടിയായി ഒരു പട്ടിയെ ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവർക്കുള്ള പ്രതീകാത്മകമായ ഭീഷണിയാണ്‌. ഇന്ന് പക്ഷെ ഉലക്കയാൽ 125 കോടി പട്ടികൾ അടികൊള്ളുകയും മരിക്കുകയും ചെയുന്നുണ്ട്. അശ്വമേധം കഴിഞ്ഞു ഒരുവര്ഷത്തിനു ശേഷം മടങ്ങിയെത്തുന്ന കുതിരയെ കൊന്നു അതിന്റെ അവയവങ്ങൾ ഹോമിക്കുമെങ്കിൽ ഇവിടെ സംഭവിക്കുന്നത് മറ്റൊരു കോണിൽ ടൺ കണക്കിന് ബീഫ് രാജ്യത്തിൻറെ കയറ്റുമതിയെ പരിപോഷിപ്പിക്കാൻ കൊന്നു കയറ്റിവിടുന്നുണ്ട്..ഇതേ ഭരണകൂടം. രാഷ്ട്രീയ പ്രതിയോഗികൾ, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവർ എവിടെയെങ്കിലും ഉണ്ടെങ്കിൽ പശുവിനെ അതുവഴി ഗതിതിരിച്ചുവിടുന്നു. ഏറ്റവുമൊടുവിൽ(2018 ) യുപിയിലെ ബുലന്ദ് ഷെഹറിൽ കൂടെ ദേ ആ പശു കടന്നുപോയതേയുള്ളൂ.  സുബോധ് കുമാർ സിങ് എന്ന അവരുടെ നോട്ടപ്പുള്ളിയായ ഐപിഎസുകാരൻ അതിനെ തടയാൻ ശ്രമിച്ചു കൊല്ലപ്പെട്ടു. പക്ഷെ അതുകൊണ്ടുമാത്രമാണോ? അല്ല, .അദ്ദേഹം മരിക്കേണ്ടവൻ ആയിരുന്നെന്നു ചക്രവർത്തിയുടെ ഹിറ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്നു. അങ്ങനെ എത്രയോപേർ. പ്രജകളേ ..ചരിത്രത്തിന്റെ ഇടനാഴികളിലെ കുതിരക്കുളമ്പടികൾ കാലന്റെ ആഗമനത്തിന്റെ ശബ്ദച്ചിഹ്നമായിരുന്നെങ്കിൽ കാലംമാറി. ഇനി പശുക്കളെ സൂക്ഷിക്കുക. അവ വളരെ ശാന്തരായി നഗര-ഗ്രാമങ്ങളിൽ അലഞ്ഞു തിരിയുന്നുണ്ട്. കുതിരവേഗമോ ശക്തിയോ അവർക്കില്ല. പക്ഷെ ഒരായിരം അശ്വങ്ങളുടെ വേഗതയിലും ശക്തിയിലും നിങ്ങള്ക്ക് നേരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരത്തെ ആവാഹിക്കാനുള്ള കരുത്ത് അവർക്കുണ്ട്. ‘ )

VHP

ഇന്ത്യയിലെ ആദിമവിഭാഗങ്ങളെന്നു കരുതുന്ന ദ്രാവിഡരുടെ മേൽ ആര്യന്മാരുടെ കടന്നുകയറ്റം ഉണ്ടായപ്പോൾ ഉരുത്തിരിഞ്ഞുവന്ന ‘നികൃഷ്ടത’ എന്ന മനോഭാവമാണ് ജാതിവ്യവസ്ഥയ്ക്കു അടിത്തറയിട്ടത്. തങ്ങൾ മനുഷ്യരിൽ ഉയർന്ന വിഭാഗക്കാർ എന്ന് കാണിക്കാനായി അധിനിവേശത്തിൽ ജയിച്ചവരുണ്ടാക്കിയ പ്രമാണങ്ങൾ, മനുസ്മൃതിയെന്നൊക്കെ അനവധിപേരുകളിൽ ഇവിടെ എഴുതപ്പെട്ടു. ബ്രാഹ്മണൻ എവിടെയും ബഹുമാനിക്കപ്പെടേണ്ടവൻ,അവനാണ് മനുഷ്യരിൽ ഉന്നതൻ  എന്നൊക്കെയുള്ള തെറ്റായ ചിന്തകൾ വളർത്തുകയും മനുഷ്യരെ പലതട്ടുകളിൽ പ്രതിഷ്ഠിച്ചു ജാതീയതയ്ക്കു അടിത്തറയിടുകയും ചെയ്തു. സ്വതവേ ജാതിവ്യവസ്ഥ അതിന്റെ പ്രാകൃതഭാവത്തിൽ അഴിഞ്ഞാടുന്ന ഇന്ത്യ ഞാൻ മേല്പറഞ്ഞ ഹിന്ദുത്വവാദികളുടെ ശക്തിപരീക്ഷണങ്ങളുടെ കാലമായപ്പോൾ അതിന്റെ മൂർദ്ധന്യത്തിലെത്തി. ദളിതരും മുസ്ലീങ്ങളും എവിടെയും അക്രമണത്തിരയായി. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിലർ വ്യാഖ്യാനിച്ചാലും വലിയൊരു അപകടത്തിന്റെ ദുസൂചനകൾ ആയിത്തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്. കാരണം ബ്രാഹ്മണ്യത്തിന്റെ പ്രചാരകർ സംഘപരിവാർ തന്നെയാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കി ഹിന്ദുസമൂഹത്തെ ഉദ്ദരിക്കാൻ സാധിക്കാത്തവർ ഹിന്ദുക്കളുടെ വക്താക്കൾ ആയി രംഗത്തുവരുന്നത് വിരോധാഭാസം തന്നെയെന്ന് തോന്നുമെങ്കിലും അവരുടെ കാഴ്ചപ്പാടിൽ ഹിന്ദു എന്നത് വരേണ്യർ മാത്രമാകുന്നു.

പുരാണത്തെയും ചരിത്രത്തെയും, അതായതു അസത്യത്തെയും സത്യത്തെയും  ബന്ധിപ്പിച്ചുകൊണ്ടുള്ള അപനിർമ്മിതിയ്ക്ക് തുടക്കംകുറിച്ച കാലമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കെട്ടുകഥകളെ സത്യമാക്കി വ്യാഖ്യാനിച്ചുകൊണ്ടേ ഇരിക്കുന്നു. ഏറെക്കാലം കഴിയുമ്പോൾ അതൊക്കെ ‘സത്യമായി’ പഠിക്കുന്ന തലമുറകളുടെ ഗതികേടോർത്തു നമുക്കിന്ന് സങ്കടംതോന്നുന്നെങ്കിൽ സ്വാഭാവികം. എംടി വാസുദേവൻ നായരുടെ ഉജ്ജ്വല സൃഷ്ടിയായ വടക്കൻ വീരഗാഥ അപനിർമ്മിതിയെ സിനിമയിൽ വളരെ മനോഹരമായി നമുക്ക് കാണിച്ചുതന്നു. ഇതുതന്നെയാണ് ഇന്ത്യയിലും സംഭവിക്കാൻ പോകുന്നത്. ഈ അടുത്തകാലത്തു മലയാളത്തിൽ ഇറങ്ങിയ ‘ ‘കമ്മാരസംഭവം’  എന്ന സിനിമ പറയുന്നതും ഇന്നത്തെ ദേശീയരാഷ്ട്രീയ കോമാളികളുടെ അപനിർമ്മിതിയിൽ അധിഷ്ഠിതമായ അസത്യപ്രചാരണങ്ങളെയാണ്. അതിനവർ മാറ്റി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെ പോലും അടിച്ചുമാറ്റുന്നു. ഒറ്റുകൊടുപ്പുകാരുടെ പ്രസ്ഥാനത്തിന് നല്ല നേതാക്കൾ ഇല്ലാതെ പോകുന്നതിൽ എന്തത്ഭുതം.

സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഗതിപരിശോധിച്ചാൽ ഒന്നുമനസിലാകും. മിതവാദത്തിൽ നിന്നും തീവ്രവാദത്തിലേക്കും തീവ്രവാദത്തിൽ നിന്നും ഭീകരവാദത്തിലേക്കും ഉള്ള പ്രയാണമാണ്. സംഘപരിവാറിൽ മിതവാദമോ എന്ന് അത്ഭുതമുണ്ടാകാം. എന്നാൽ അവരുടെ ഇന്നത്തെ പ്രവർത്തനം വച്ച് നോക്കിയാൽ പണ്ട് മിതവാദമെന്നു കരുതേണ്ടിവരും. ആ മിതവാദം പോലും ഭീകരമായിരുന്നെങ്കിലും. ഒരു ഉദാഹരണം പറയാം. അദ്വാനിയും വാജ്‌പേയിയും ആയിരുന്നപ്പോൾ അദ്വാനി തീവ്രവാദമുഖവും വാജ്‌പേയി മിതവാദമുഖവും ആയിരുന്നു. അദ്വാനിയും മോദിയും ആയപ്പോൾ അദ്വാനി മിതവാദമുഖവും മോദി തീവ്രവാദമുഖവും ആകുന്നു. നാളെ മോദിയും യോഗി ആദിത്യനാഥും വന്നാൽ മോദിയും മിതവാദിയായി മാറപ്പെടും. ഈ പ്രയാണം എവിടെപ്പോയി നിൽക്കുമെന്ന് ഓർക്കാൻകൂടി വയ്യ. അന്നത്തെ ഇന്ത്യയുടെ അവസ്ഥയും.

ന്യൂനപക്ഷങ്ങൾക്കെതിരെ കുപ്രചരണം അഴിച്ചുവിടലാണ് മറ്റൊരു പണി. ഇതും ഹിറ്റ്ലറിൽ നിന്നും കടമെടുത്തതുതന്നെ. രാജ്യവ്യാപകമായി ഹിന്ദുക്കളിൽ അവരോടുള്ള നിറയ്ക്കുക. മുസ്ലീങ്ങൾ എല്ലാം പാകിസ്താന്റെ വക്താക്കൾ എന്നുള്ള നുണ രഹസ്യമായി സംഘപരിവാർ വാലുള്ള കുറെ ഹിന്ദുക്കളിൽ പണ്ടേയുണ്ട്. ഏതെങ്കിലും ചില കോണുകളിൽ ആരെങ്കിലും ചെയുന്ന പ്രവർത്തികളെ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് അവരുടെ നയം. നുണകളുടെ മൊത്തവിതരണക്കാർ. ഈയടുത്തു കേരളത്തെ മുൾമുനയിൽ നിർത്തിയ ശബരിമല വിഷയത്തിലും അവർ നുണകൾ വളരെ ഭംഗിയായി പലയിടത്തും പ്രചരിപ്പിച്ചു. അയ്യപ്പഭക്തന്മാരുടെ വേഷമിട്ട ബഫൂണുകളെ പോലീസ് അക്രമിക്കുന്നതായും നെഞ്ചിൽ ചവിട്ടുന്നതായും പ്രചരിപ്പിക്കാൻ അവരുടെ അസത്യസെൽ വഹിച്ച പങ്കു ചെറുതല്ല. സംഘപരിവാറിനെ ഇന്ത്യയിൽ നിലനിർത്തുന്നതുതന്നെ അവരുടെ അത്രയും ആക്റ്റിവ് ആയ അസത്യപ്രചാരണ സെല്ലുകൾ ആണ്.

കുഞ്ഞുങ്ങളുടെ മനസുകളിൽ പോലും വർഗ്ഗീയതയും അനാചാരങ്ങളും കുത്തിവയ്ക്കുന്ന.അവസ്ഥയാണ്. അവരെ വിശ്വപൗരന്മാരായി വളരാൻ വിടാതെ സങ്കുചിതമായ മതവാദങ്ങളുടെ ചാവേർപ്പോരാളികൾ ആക്കി വാർത്തെടുക്കുന്നു. ഇതര മതസ്ഥരെയും ഇതര ജാതിക്കാരെയും ശത്രുക്കളായി കാണാൻ പഠിക്കുന്ന അവർ ഭാവിയിൽ ഇവിടെ സൃഷ്ടിക്കാൻ പോകുന്ന അരാജകത്വം സിറിയയിലും അഫ്ഗാനിലും ഇറാക്കിലും കണ്ടതിലും ഭീകരമായിരിക്കും. മതവാദികളുടെ ചിലന്തിവലകളിൽ പെടാതെ നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. നമുക്ക് ആർ എസ് എസും ഐ.എസ്.ഐ.എസും വേണ്ട, മാനവികബോധത്തിലൂന്നി മനുഷ്യരായി വളർന്നാൽമതി. അന്ധവിശ്വാസങ്ങൾ നമ്മുടെ രാജ്യത്തെ പിന്നോട്ടടിക്കുന്നു. മതവിശ്വാസം ഏറ്റവുംകുറഞ്ഞ രാജ്യങ്ങൾ ആഗോള സന്തോഷസൂചികയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന കണക്കുകൾ നമ്മൾ കണ്ടു.

ഫാസിറ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എഴുത്തുകാർ

ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെയും പുരോഗമനചിന്തകൾക്കെതിരെയും ഉള്ള ആക്രമങ്ങൾ വർദ്ധിക്കുന്ന കാലവുമാണിത്. ഫാഷിസത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ അനവധി എഴുത്തുകാർ ഇക്കാലത്തിനിടയിൽ കൊല്ലപ്പെടുകയുണ്ടായി. പ്രൊഫ.എം.എം. കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് വീടിനുമുന്നിലാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകയായ ഗൗരീ ലങ്കേഷ് കൊല്ലപ്പെട്ടത് ജോലികഴിഞ്ഞു വീട്ടിലെത്തി അകത്തേയ്ക്കുകയറുന്ന അവസരത്തിലായിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരും സമാനസാഹചര്യങ്ങളിൽ ആണ് വധിക്കപ്പെട്ടത്. ഇവരെല്ലാം തന്നെ സംഘ്പരിവാറിനെതിരെ കടുത്തരീതിയിൽ പ്രതികരിച്ചു എഴുതിയവർ ആയിരുന്നു. പെരുമാൾ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരൻ വർഗീയവാദികളുടെ ഭീഷണിയെ തുടർന്നു എഴുത്തുതുടരാൻ പോലും താത്പര്യമില്ലെന്ന് അറിയിക്കുകയുണ്ടായി. എം.എഫ്.ഹുസൈനെന്ന ചിത്രകാരനും മരിക്കുന്നതിന് മുമ്പ് ഫാസിസ്റ്റുകളുടെ ഭീഷണിയുടെ നിഴലിലായിരുന്നു.തുടർന്നദ്ദേഹം ഗൾഫിലേക്ക് താമസം മാറ്റുകയുണ്ടായി . അമീർഖാൻ നായകനായ ‘പികെ’ പോലുള്ള അനവധി സിനിമകൾക്കെതിരെയും ഇവരുടെ ഭീഷണിയുണ്ടായിരുന്നു. കേരളത്തിൽ പോലും കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ള അനവധി സാംസ്കാരികനായകർ അവരുടെ ഭീഷണിക്കിരയാകുകയോ ആക്രമിക്കപ്പെടുകയോ ഉണ്ടായി. പുരോഗമനപരമായ ആശയങ്ങൾ മതേതരത്വത്തിനും മാനവികതയ്ക്കും താങ്ങും തണലും ആയതിനാൽ അതിന്റെയും അതിന്റെ പ്രചാരകരുടെയും കഴുത്തിൽ കത്തിവയ്ക്കുക എന്നത് സ്വാഭാവികമായും വർഗ്ഗീയവാദികൾ ചെയ്തുപോരുകയാണ്. ഇത്തരം ആക്രമണങ്ങളെ ആശയപരമായും നിയമം കൊണ്ടും ചെറുത്തു  തോല്പിക്കേണ്ടതുണ്ട്.

ഇസ്‌ലാമികമായ മതമൗലികവാദങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട് എങ്കിലും പ്രാഥമികമായി നമ്മുടെ മതേതരത്വത്തിന് വെല്ലുവിളി ഹിന്ദുത്വ ആശയക്കാരുടെ ആക്രോശങ്ങൾ തന്നെയാണ്. ഈ രണ്ടുകൂട്ടരുടെയും വ്യത്യാസത്തിൽ നിന്നും നമുക്ക് മനസിലാക്കാം. ഒരുകൂട്ടർ പറയുന്നു, ഞങ്ങൾ പോർക്ക് കഴിക്കില്ല, പക്ഷെ നിങ്ങളോടു കഴിക്കരുതെന്നു ഞങ്ങൾ പറയുന്നില്ല. എന്നാലോ മറ്റൊരു കൂട്ടർ പറയുന്നു, ഞങ്ങൾ ബീഫ് കഴിക്കില്ല അതുകൊണ്ടു നിങ്ങളും കഴിക്കാൻ പാടില്ല. ഇതിൽ തത്കാലം അപകടം രണ്ടാമത്തെ വാദം തന്നെ. അതിനാൽ അതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമായിവരുന്നു. മറ്റുള്ള വെല്ലുവിളികളെ അത് കഴിഞ്ഞിട്ട്.

ഇന്ത്യയുടെ മതേതരത്വം ഭീഷണിയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ജാഗ്രത്താകേണ്ടതുണ്ട്.

മാനവികതയോടുള്ള അഭിനിവേശം പരിഷ്കൃതസമൂഹത്തിന്റെ പ്രധാന ലക്ഷണമാണ്. ആൾക്കൂട്ട നീതികൾ നടപ്പാക്കുകയെന്നത് പ്രാകൃതസമൂഹത്തിന്റെയും. നമ്മൾ ചരിത്രം പഠിക്കുന്നത് കേവലം സിലബസിൽ ഉള്ളതുകൊണ്ടല്ല, ഇന്നലെകളിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ്. അതുകൊണ്ടുതന്നെ ചോദിക്കുകയാണ്, ഇന്നലെകൾ തെറ്റെന്നുകാണിച്ചുതന്ന ഫാഷിസം എന്ന അതിക്രൂരമായ വ്യവസ്ഥിതി നമുക്കിനിയും വേണോ ?